ADVERTISEMENT

ന്യൂഡൽഹി / മുംബൈ ∙ കർഷകപ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമ പ്രചാരണത്തിന്റെ പേരിൽ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ബോംബെ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക നികിത ജേക്കബ്. വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ സ്ഥിര ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും, അതുവരെ പൊലീസ് നടപടി തടയണമെന്ന് ആവശ്യപ്പെട്ട് നികിത ബോംബെ ഹൈക്കോടതിയെ സമീപിച്ചു. 

അന്വേഷണവുമായി സഹകരിച്ചിരുന്നു. തനിക്കെതിരെ എഫ്ഐആർ പോലും നൽകാത്ത കേസിൽ രാഷ്ട്രീയ പ്രേരിതമായി അറസ്റ്റ് ചെയ്യാനുള്ള ശ്രമമാണ് നടക്കുന്നത്. മത–രാഷ്ട്രീയ–സാമ്പത്തിക അജന്‍ഡകള്‍ തനിക്കില്ലെന്നും ഹർജിയിൽ നികിത വ്യക്തമാക്കുന്നു. ജസ്റ്റിസ് പി.ഡി.നായ്ക്കിന്റെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി കേള്‍ക്കുന്നത്. കേസിലെ മറ്റൊരു പ്രതിയായ പരിസ്ഥിതി പ്രവർത്തകൻ ശാന്തനു മുളുകും സമാന ഹര്‍ജിയുമായി ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ചിനെ സമീപിച്ചിട്ടുണ്ട്.

കേസിൽ ശനിയാഴ്ച ദിശ രവിയെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു ഡൽഹിയിലെത്തിച്ചത് ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് ‍ഡൽഹി പൊലീസ് നികിതയ്ക്കും ശാന്തനുവിനും എതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചത്.

ഖലിസ്ഥാൻ ബന്ധമെന്ന വാദം ആവർത്തിച്ച പൊലീസ്, പാക്ക് ചാരസംഘടന ഐഎസ്ഐയിലേക്കു കൂടി അന്വേഷണം വ്യാപിപ്പിച്ചു. സ്വീഡിഷ് പരിസ്ഥിതിപ്രവർത്തക ഗ്രേറ്റ ട്യൂൻബെർഗ് പോസ്റ്റ് ചെയ്ത ‘ടൂൾകിറ്റ്’ മാർഗരേഖയുമായി ബന്ധപ്പെട്ട നടപടികൾ ദിശ, നികിത, ശാന്തനു എന്നിവർ ഏകോപിപ്പിച്ചെന്നാണു പൊലീസിന്റെ വാദം. ഈ മാസം 11നു മുംബൈ ഗോരേഗാവിലെ നികിതയുടെ ഫ്ലാറ്റിൽ തിരച്ചിൽ നടത്തിയ പൊലീസ് ലാപ്ടോപ്പും മൊബൈൽ ഫോണും മറ്റും പിടിച്ചെടുത്തിരുന്നു. 

21 വയസ്സുള്ള ദിശയുടെ അറസ്റ്റ് ജനാധിപത്യത്തിനു നേരെയുള്ള ആക്രമണമാണെന്നും കർഷകരെ പിന്തുണയ്ക്കുന്നതു കുറ്റമല്ലെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാൾ പറഞ്ഞു. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ചരിത്രകാരൻ രാമചന്ദ്ര ഗുഹ, അഭിനേതാക്കളായ പ്രകാശ് രാജ്, സിദ്ധാർഥ്, സ്വര ഭാസ്കർ, ചേതൻ കുമാർ, ഗായിക ചിന്മയി ശ്രീപാദ, കർണാടക സംഗീതജ്ഞൻ ടി.എം കൃഷ്ണ തുടങ്ങിയവരും സംയുക്ത കിസാൻ മോർച്ചയും പ്രതിഷേധവുമായി രംഗത്തുവന്നു.നടപടിക്രമങ്ങൾ പാലിച്ച്, അമ്മയുടെയും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദിശയെ ബെംഗളൂരുവിൽ നിന്ന് അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് പ്രതികരിച്ചു.

English Summary: Toolkit case: Nikita Jacob files transit bail application at Bombay HC

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com