നിയമത്തിന് പ്രായവ്യത്യാസമില്ല, ദിശയുടെ അറസ്റ്റിൽ വീഴ്ചയില്ല: വിശദീകരിച്ച് ഡൽഹി പൊലീസ്
Mail This Article
ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ‘ടൂൾകിറ്റ്’ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന്റെ പേരിൽ ആക്ടിവിസ്റ്റ് ദിശ രവിയെ അറസ്റ്റ് ചെയ്തതു നിയമപ്രകാരമാണെന്നു ഡൽഹി പൊലീസ് കമ്മിഷണർ എസ്.എൻ.ശ്രീവാസ്തവ. നിയമത്തിന് 22 വയസ്സുള്ളയാളെന്നോ 50 വയസ്സുള്ള വ്യക്തിയെന്നോ വ്യത്യാസമില്ല. ദിശയുടെ അറസ്റ്റിൽ വീഴ്ചയുണ്ടെന്ന് ചില ആളുകൾ പറയുന്നത് തെറ്റാണെന്നും ശ്രീവാസ്തവ പറഞ്ഞു. ശനിയാഴ്ച ദിശയെ ബെംഗളൂരുവിൽനിന്ന് അറസ്റ്റ് ചെയ്തു ഡൽഹിയിലെത്തിച്ചത് ട്രാൻസിറ്റ് വാറന്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണെന്ന ആരോപണം ശക്തമാകുന്നതിനിടെയാണ് കമ്മിഷണറുടെ വിശദീകരണം.
ടൂൾകിറ്റ് കേസിൽ ശനിയാഴ്ച ബെംഗളൂരുവിലെ വീട്ടിൽനിന്നാണു ദിശയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾ പാലിച്ച്, അമ്മയുടെയും സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് ദിശയെ അറസ്റ്റ് ചെയ്തതെന്നു ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ ട്യുൻബെർഗിനു ടെലിഗ്രാം ആപ്പ് വഴി ദിശ ടൂൾകിറ്റ് അയച്ചതായും കർഷക സമരത്തിൽ ഇടപെടാൻ പ്രേരിപ്പിച്ചതായും പൊലീസ് ആരോപിക്കുന്നു. ദിശ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ്, കേസന്വേഷണം തുടരുകയാണെന്നും കമ്മിഷണർ പറഞ്ഞു.
ദിശ രവി, അഭിഭാഷക നികിത ജേക്കബ്, പുണെയിലെ എൻജിനീയർ ശന്തനു എന്നിവർ ടൂൾകിറ്റ് തയാറാക്കുകയും ഇന്ത്യയുടെ പ്രതിച്ഛായയ്ക്കു കളങ്കമുണ്ടാക്കാൻ മറ്റുള്ളവരുമായി പങ്കിട്ടതായും പൊലീസ് പറയുന്നു. ‘ഡേറ്റയെല്ലാം നശിപ്പിച്ച നിലയിലാണ്. ദിശയുടെ ടെലഗ്രാം അക്കൗണ്ടിൽനിന്ന് പല ലിങ്കുകളും ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്...’ കമ്മിഷണർ പറഞ്ഞു. ദിശയുടെ സമൂഹമാധ്യമ അക്കൗണ്ടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ഫോൺ വിശദ പരിശോധനയ്ക്കു വിധേയമാക്കുമെന്നും പൊലീസ് പറഞ്ഞു.
English Summary: Toolkit case: Disha Ravi's arrest made in accordance with law, says Delhi Police chief