‘‘ഹൃദയത്തിൽ ആദ്യം ഭാരതമെങ്കിൽ ആപ്പിൽ എന്തുകൊണ്ടല്ല?’’ – കൂവിനൊപ്പം റാത്തോഡും
Mail This Article
ന്യൂഡൽഹി∙ കൂ ആപ്പിൽ അക്കൗണ്ട് തുടങ്ങി ബിജെപിയുടെ രാജ്യസഭാംഗവും ഒളിംപിക് മെഡൽ ജേതാവുമായ രാജ്യവർധൻ സിങ് റാത്തോഡ്. രാവിലെ ട്വിറ്ററിൽ കൂ ആപ്പിന്റെ ഔദ്യോഗിക പേജായ @Kooindia നൽകിയ ട്വീറ്റിലായിരുന്നു റാത്തോഡിന്റെ രംഗപ്രവേശത്തിന് വഴിമരുന്നിട്ടത്. ഷൂട്ടിങ് ചാംപ്യനും സൈനികനുമായ റാത്തോഡ് കൂ ആപ്പിനെക്കുറിച്ച് പ്രതികരിക്കണം എന്നായിരുന്നു 10.45 നുള്ള ആ ട്വീറ്റ്.
ആത്മനിർഭർ അവാർഡ് നേടിയ കൂ ആപ്പ് ഉപയോഗിച്ചു തുടങ്ങിയാലോ എന്ന ചിന്തയിലാണെന്നു സൂചിപ്പിക്കുന്ന ട്വീറ്റിലൂടെ റാത്തോഡ് ഇതിനു മറുപടി നൽകി. ഇതിനു ശേഷമാണ് ഹൃദയത്തിൽ ആദ്യം ഭാരതമെങ്കിൽ ആപ്പിലും എന്തു കൊണ്ടായിക്കൂട എന്ന കുറിപ്പുമായി കൂ ആപ്പിലെ തന്റെ പേജിലേക്കുളള ലിങ്കുമായി റാത്തോഡ് ട്വീറ്റ് ചെയ്തത്. മെയ്ഡ് ഇൻ ഇന്ത്യ ആപ്പിൽ തന്റെ ആദ്യ ട്വീറ്റ് ദേശീയപതാകയുടെ ചിത്രം കൂടിയില്ലാതെ പൂർണമാകില്ലെന്നു സൂചിപ്പിച്ച് ദേശീയപതാകയ്ക്കൊപ്പമുള്ള ചിത്രം കൂ ആപ്പിൽ നൽകിയതിന്റെ സ്ക്രീൻഷോട്ടും റാത്തോഡ് നൽകി, ഒപ്പം ഇന്ത്യ ആദ്യം എന്നു സൂചിപ്പിക്ുകന്ന #INDIAFIRST എന്ന ഹാഷ്ടാഗും.
കർഷകസമരത്തിൽ ‘ടൂൾകിറ്റ് വിവാദ’മുയർന്നതോടെ ട്വിറ്ററിനു ബദലായി കൂ ആപ്പിലേക്ക് കേന്ദ്ര സർക്കാരിലെ പല ഉന്നതരും ചേക്കേറിയതിനു പിന്നാലെയാണ് റാത്തോഡിന്റെ രംഗപ്രവേശവും. ട്വിറ്ററിന്റെ നീലപക്ഷി ലോഗോയ്ക്കു സമാനമായി മഞ്ഞ നിറത്തോടു കൂടിയ കോഴിയുടെ ലോഗോയാണ് ഇന്ത്യൻ ആപ്പിന്റേത്. ഫെബ്രുവരി 6 മുതൽ 11 വരെ ഒൻപതു ലക്ഷത്തോളം പേർ കൂ ആപ്പിലേക്കു ചേക്കേറിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
English Summary: When India is at the top of the heart, why not in the app - Rajyavardhan Singh Rathore on Koo App