പത്രികയില്‍ പ്രധാനം രാഹുലിന്റെ 'ന്യായ് '; ശബരിമലയിലും തീരമേഖലയിലും ഊന്നല്‍

Mail This Article
തിരുവനന്തപുരം∙ രാഹുൽ ഗാന്ധിയുടെ ആശയമായ ‘ന്യായ്’ പദ്ധതിക്കു മുഖ്യപ്രധാന്യം നൽകിയാണ് യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കിയത്. പാവപ്പെട്ട കുടുംബങ്ങള്‍ക്കു പ്രതിവര്‍ഷം 72,000 രൂപ (മാസം 6000 രൂപ) വരെ ഉറപ്പുവരുത്തുന്നതാണ് പദ്ധതി. ക്ഷേമപെന്‍ഷനുകൾ പ്രതിമാസം 2500 രൂപയായി ഉയർത്തും എന്ന് എൽഡിഎഫ് പ്രഖ്യാപിച്ചപ്പോൾ യുഡിഎഫ് വാഗ്ദാനം 3000 രൂപയാണ്. സംസ്ഥാനത്തു 700 രൂപ മിനിമം കൂലി നടപ്പിലാക്കും.
ശബരിമല വിശ്വാസികളുടെ ആശങ്ക അകറ്റാന്‍ ആചാര സംരക്ഷണത്തിനായി പ്രത്യേക നിയമം നടപ്പിലാക്കുമെന്നു പ്രകടന പത്രികയിൽ പറയുന്നു. എൽഡിഎഫ് പ്രകടന പത്രികയിൽ ശബരിമല വിഷയം ഉൾപ്പെടുത്തിയിരുന്നില്ല. സംസ്ഥാനത്തെ ജനങ്ങള്‍ക്കു തീര്‍ത്തും സൗജന്യമായ ചികിത്സ ലഭ്യമാക്കുന്ന ‘നോ ബിൽ’ ആശുപത്രികള്‍ സ്ഥാപിക്കുമെന്നതാണ് മറ്റൊരു പ്രധാന നിർദേശം.
റബറിനു കിലോയ്ക്ക് 250 രൂപ താങ്ങുവില നല്‍കും. നെല്ലിനു താങ്ങുവില 30 രൂപയാക്കും. നാളികേരത്തിന്റെ താങ്ങുവില 40 രൂപയാക്കും. എല്ലാ നാണ്യവിളകള്‍ക്കും ഉൽപാദന ചെലവ് കണക്കിലെടുത്ത് താങ്ങുവില നിശ്ചയിക്കും. ലൈഫ് പദ്ധതിയിലെ അപാകതകള്‍ പരിഹരിച്ചുകൊണ്ട് സമഗ്രമായ ഭവന പദ്ധതി നടപ്പിലാക്കും. സര്‍ക്കാര്‍ ജോലികള്‍ക്കു വേണ്ടി പരീക്ഷ എഴുതുന്ന അമ്മമാര്‍ക്കു 2 വയസ്സ് ഇളവ് അനുവദിക്കും.
കോവിഡ് കാരണം തകര്‍ന്നടിഞ്ഞ കേരളത്തെ ഉത്തേജിപ്പിക്കാന്‍ ഉത്തേജന പാക്കേജ് നടപ്പിലാക്കുമെന്നും പത്രികയിൽ പറയുന്നു. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികള്‍ ഉള്‍പ്പടെയുള്ള അര്‍ഹരായ വ്യക്തികള്‍ക്കു ധനസഹായം ലഭ്യമാക്കും. കോവിഡ് കാരണം തകര്‍ന്നുപോയ കുടുംബങ്ങള്‍, വ്യവസായങ്ങള്‍, തൊഴിലാളികള്‍ എന്നിവര്‍ക്കു സഹായം ലഭ്യമാക്കാന്‍ കോവിഡ് ദുരന്ത നിവാരണ കമ്മിഷന്‍ രൂപീകരിക്കും.
കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകളില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിയമ നിര്‍മാണം നടത്തും. കുട്ടികള്‍ക്കെതിരെയുള്ള പീഡന കേസുകള്‍ സമയബന്ധിതമായി തീര്‍പ്പുകല്‍പ്പിക്കുന്നതിനു ഫാസ്റ്റ് ട്രാക്ക് കോടതികള്‍ രൂപീകരിക്കും. എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കും, മത്സ്യത്തൊഴിലാളികള്‍ക്കും ഭവന നിര്‍മാണത്തിനായി നീക്കിവച്ചിരിക്കുന്ന തുക 6 ലക്ഷമായി ഉയര്‍ത്തും.
തൊഴില്‍രഹിതരായ ഒരു ലക്ഷം യുവാക്കള്‍ക്ക് (50:50) ഇരുചക്ര വാഹന സബ്സിഡിയും ഓട്ടോ, ടാക്‌സി തൊഴിലാളികള്‍ക്ക് ഒറ്റത്തവണ 5000 രൂപയും ലഭ്യമാക്കും. കൃഷി മുഖ്യ വരുമാനമായിട്ടുള്ള അഞ്ചു ഏക്കറില്‍ കുറവ് കൃഷിയുള്ള അര്‍ഹരായ കർഷകർക്ക് 2018 പ്രളയത്തിനു മുന്‍പുള്ള രണ്ടു ലക്ഷം വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളും.
കടലിന്റെ അവകാശം കടലിന്റെ മക്കള്‍ക്ക് ഉറപ്പുവരുത്തുന്ന നടപടികള്‍ സ്വീകരിക്കുമെന്നും പത്രികയിൽ പറയുന്നു. മത്സ്യത്തൊഴിലാളികള്‍ക്കു ഡീസല്‍, പെട്രോള്‍ മണ്ണെണ്ണ സബ്സിഡി ലഭ്യമാക്കും. പട്ടയം ലഭ്യമല്ലാത്ത എല്ലാ തീരദേശ നിവാസികള്‍ക്കും പട്ടയം ലഭ്യമാക്കും. 30 ദിവസം കൊണ്ട് ഒരു ചെറുകിട സംരംഭം ആരംഭിക്കാവുന്ന രീതിയില്‍ നടപടിക്രമങ്ങള്‍ പരിഷ്‌കരിക്കും. വനിതാ സംരംഭകര്‍ക്കു ഫാസ്റ്റ് ട്രാക്ക് ക്ലിയറന്‍സോടെ പ്രത്യേക വായ്പ ലഭ്യമാക്കാന്‍ നടപടികള്‍ സ്വീകരിക്കും.
English Summary: UDF releases election manifesto for Kerala Assembly Election