ADVERTISEMENT
We've detected that you're currently using an ad-blocker
You can now access Manorama Online with minimal ads by subscribing to Premium
Subscribe Now
OR

Please turn off your ad blocker

Already a Premium Member?

കോവിഡിൽ നിശ്ചലമായ അഡ്വഞ്ചർ ടൂറിസം മേഖലയെ ഉണർത്തുകയെന്ന ലക്ഷ്യത്തോടെ ഹിമാചലിലെ ഡിയോ ടിബ്ബ പർവതം കീഴടക്കാൻ പോയ മലയാളി പർവതാരോഹകൻ നേരിട്ട അനുഭവങ്ങൾ...

എക്കാലത്തെയും മികച്ച ടെലിവിഷൻ സീരിസുകളിലൊന്നായ ഗെയിം ഓഫ് ത്രോൺസിലൂടെ പ്രശസ്തമായൊരു ചോദ്യമുണ്ട്്: ‘മരണം വന്നു വിളിക്കുമ്പോൾ എന്തുപറയണം?’ മറുപടി ഇങ്ങനെയാണ്: ‘നോട്ട് ടുഡെ’. ഇന്ന് മരിക്കാൻ ഞാൻ തയാറല്ല എന്നാണ് ആ മറുപടിയുടെ അർഥം. 6001 മീറ്റർ ഉയരമുള്ള ഡിയോ ടിബ്ബ പർവതത്തിനു മുകളിൽവച്ച് തൃശൂർ സ്വദേശി പ്രീതം മേനോൻ മരണത്തോട് പറഞ്ഞതും ഏതാണ്ട് ഇതേ മട്ടിലാണ്, ‘പോയിട്ട് പിന്നീട് വാ..’ ആഞ്ഞടിച്ച ഹിമപാതവും മണ്ണിടിച്ചിലും മൂലം പർവത നെറുകയ്ക്ക് ഏതാനും മീറ്റർ താഴെവച്ച് പ്രീതത്തിനു മലകയറ്റം ഉപേക്ഷിച്ചു മടങ്ങേണ്ടിവന്നു. താഴെ ബേസ് ക്യാംപിൽ തിരികെ എത്താൻ കഴിയുമോ എന്നുപോലും ഉറപ്പില്ലാതെ ജീവൻ പന്താടിയ നിമിഷങ്ങൾ പ്രീതം മേനോൻ മനോരയ്ക്കായി ഓർത്തെടുക്കുന്നു. 

മരണം കാത്തുവച്ച ടിബ്ബ

6153 മീറ്റർ ഉയരമുള്ള ലഡാക്കിലെ സ്റ്റോക്ക് കാംഗ്രി അടക്കമുള്ള പർവതങ്ങൾ കീഴടക്കി പ്രശസ്തനായ തൃശൂർ വിയ്യൂർ സ്വദേശി പ്രീതം മേനോൻ ഹിമാചലിലെ മൗണ്ട് ഡിയോ ടിബ്ബ കയറാൻ തീരുമാനിച്ചതിനു പിന്നിലൊരു കാരണമുണ്ട്. കോവിഡ് മൂലം അഡ്വഞ്ചർ ടൂറിസം മേഖല നിശ്ചലമാണ്. സാഹസിക യാത്രകളിൽ കമ്പമുള്ളവർക്ക് പ്രചോദനമേകുക എന്ന ലക്ഷ്യത്തോടെയാണ് ടിബ്ബ കയറാൻ തീരുമാനിച്ചത്. മണാലി സ്വദേശികളായ 2 സുഹൃത്തുക്കളും കൂടെക്കൂടി. ഹിമാപാതം, മണ്ണിടിച്ചിൽ എന്നിവയ്ക്കു ദുഷ്പേരുകേട്ട പർവതമാണ് ടിബ്ബ. കഴിഞ്ഞ വർഷം ഒരു പർവതാരോഹകൻ ഇവിടെ മണ്ണിടിച്ചിലിൽ മരിക്കുകയും ചെയ്തതോടെ ടിബ്ബ കയറാൻ എത്തുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. എന്നാൽ പിന്നെ ഒന്നു കണ്ടുകളയാം എന്നു പ്രീതം മേനോൻ സ്വയം തീരുമാനിച്ചു. 

മോശം കാലാവസ്ഥ, ഭാഗ്യക്കേട്

20 കിലോയിലേറെ ഭാരമുള്ള ബാക് പായ്ക്ക് തോളിലിട്ട് മൂന്നംഗ സംഘം യാത്ര തുടങ്ങിയത് ചിക്ക വനമേഖലയിൽ നിന്നാണ്. സമുദ്രനിരപ്പിൽ നിന്ന് ഏറെ ഉയരത്തിലുള്ള, മഞ്ഞിൽ കുളിച്ച വനമേഖലയാണിത്. പൻഡുറോപ്പ വഴി ഛോട്ട ചന്ദ്രതാലിലെത്തുമ്പോൾ ചുറ്റും മഞ്ഞുമാത്രം. 17,800 അടി ഉയരെ സമ്മിറ്റ് ക്യാംപിൽ (മലകയറ്റം തുടങ്ങുന്ന സ്ഥലം) എത്താൻ തന്നെ 6 മണിക്കൂറോളം യാത്ര വേണ്ടിവന്നു. പക്ഷേ, കനത്ത മഞ്ഞുവീഴ്ച മൂലം മലകയറ്റം തുടങ്ങാൻ 2 ദിവസം കാത്തിരിക്കേണ്ടി വന്നു. സമ്മിറ്റ് ക്യാംപിൽ വച്ച് ചിത്രീകരിച്ച വിഡിയോയിൽ പ്രീതം പച്ചമലയാളത്തിൽ പറഞ്ഞു, ‘മോശം കാലാവസ്ഥയാണ്. ഇനിയും അഞ്ചാറു മണിക്കൂർ മലകയറിയാലേ മുകളിലെത്താനാകൂ. എന്തും സംഭവിക്കാവുന്ന അവസ്ഥയാണ്..’ ഡങ്കൻ കോൾ എന്ന കുത്തനെയുള്ള മഞ്ഞുപാത കടക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. ഈ പാതയിലാണ് കഴിഞ്ഞ വർഷം ഒരു പർവതാരോഹകൻ മരിച്ചത്. 500 മീറ്റർ ദൂരം കുത്തനെ കയറ്റം. മൂക്ക് മലയിൽ തൊടുന്ന വിധത്തിൽ കുത്തനെ എന്നാണ് പർവതാരോഹകർ ഈ ഭാഗത്തെ വിശേഷിപ്പിക്കുക. 

പർവതമുകളിൽ കാത്തിരുന്നത്

കൊടുംമഞ്ഞിൽ പർവതം തണുത്തുറഞ്ഞു നിൽക്കെ പുലർച്ചെ 1 മണിയോടെയാണ് മലയുടെ മുകൾ ഭാഗത്തിനു സമീപമെത്താൻ കഴിഞ്ഞത്. ഒരു ഗലി കൂടി കടന്നാൽ മലയുടെ നെറുകയാണ്. പക്ഷേ, അടുത്ത നിമിഷം ഹിമപാതം ആഞ്ഞടിച്ചു. അള്ളിപ്പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും ചുഴലിക്കാറ്റിനു സമാനമായ അവസ്ഥ. ഏതു നിമിഷവും മഞ്ഞിടിയാനും മുകളിൽ നിന്നു കല്ലുകൾ താഴേക്കു പതിക്കാനും സാധ്യത. കുറച്ചുസമയം കൂടി പിടിച്ചു നിൽക്കാൻ ശ്രമിച്ചെങ്കിലും മഞ്ഞിടിയുന്ന ലക്ഷണങ്ങൾ കണ്ടുതുടങ്ങി. അതായത്, മരണം തൊട്ടരികെ. മറ്റു വഴിയില്ലാതെ തിരിച്ചിറങ്ങാൻ തീരുമാനിച്ചു. ഏതാനും ചുവടകലെ പർവതത്തിന്റെ മുകളറ്റമാണ്. പക്ഷേ, താഴേക്കിറങ്ങാതെ നിവൃത്തിയില്ല. കാലൊന്നു തെറ്റിയാൽ തീർന്നു. ഒരുവിധം സമ്മിറ്റ് ക്യാംപിൽ തിരിച്ചെത്തി. നേരം വെളുക്കാൻ കാത്തിരുന്നു. പക്ഷേ, പകലായിട്ടും കാലാവസ്ഥ അടങ്ങിയില്ല. ഒന്നുകൂടി കയറിനോക്കാം എന്ന പ്രതീക്ഷ മങ്ങുകയാണ്. ഭക്ഷണവും തീർന്നു തുടങ്ങിയിരിക്കുന്നു. ഇനിയും വൈകിയാൽ ഡങ്കൻ കോൾ വഴി തിരിച്ചിറക്കം അസാധ്യമാകും എന്നതിനാൽ ദൗത്യം ഉപേക്ഷിക്കാൻ തീരുമാനിച്ചു. പക്ഷേ, ഘട്ടംഘട്ടമായി നടത്തിയ തിരിച്ചിറക്കം 3 ദിവസം നീണ്ടു. നിരാശയുണ്ടായെങ്കിലും ജീവൻ തിരിച്ചുകിട്ടിയതിൽ 3 പേർക്കും ആശ്വാസം. മരണത്തോട് പിന്നീട് വാ എന്നു പറഞ്ഞെങ്കിലും മലയോട് പ്രീതം പറഞ്ഞത് ഇങ്ങനെയാണ്, ‘അടുത്ത വരവിന് കാണാം..’

pritam-menon
പർവതാരോഹണത്തിനിടെ പ്രീതം മേനോൻ.

എവിടെയാണ് ഡിയോ ടിബ്ബ?

ഹിമാചലിലെ കുളുവിൽ 6001 മീറ്റർ ഉയരമുള്ള പർവതമാണ് ഡിയോ ടിബ്ബ. കുത്തനെയുള്ള മഞ്ഞുപാളികളും ഇടിഞ്ഞുവീഴാവുന്ന പ്രതലവും ഒക്കെയായി ആരോഹകർക്ക് വെല്ലുവിളി ഉയർത്തുന്ന പർവതമാണിത്. ഹിമാചലിലെ വിശ്വാസ പ്രകാരം ഡിയോ ടിബ്ബ ദൈവങ്ങൾ ഇരിക്കുന്ന സ്ഥലമാണ്. ഡിയോ എന്നാൽ ദൈവങ്ങൾ എന്നും ടിബ്ബ എന്നാൽ മല എന്നുമാണ് പ്രാദേശിക ഭാഷയിലെ അർഥം. 

 മലകയറാൻ വേണ്ടത് എന്തെല്ലാം?

  • ഐസ് ആക്സ്, ടെന്റ്
  • ക്രാംപോൺസ് (മുള്ളുകളുള്ള കാലുറ)
  • സ്വറ്റർ, ഫ്ലീസ് ജാക്കറ്റ്, പാഡഡ് ജാക്കറ്റ്
  • ട്രെക്കിങ് ഷൂസ്
  • രണ്ടു ജോഡി സൺഗ്ലാസുകൾ
  • രണ്ടുജോടി വൂളൻ സോക്സ്, രണ്ടുജോടി അത്‌ലറ്റിക് സോക്സ്
  • ട്രെക്കിങ് പാന്റ്സ്, ഇന്നർ തെർമൽസ്
  • വോക്കിങ് സ്റ്റിക്കുകൾ
  • ആന്റി ബാക്ടീരിയൽ പൗഡർ, ഹാൻഡ് വാഷ്
  • ടോർച്ച്, സൺസ്ക്രീൻ ലോഷൻ
  • രണ്ടു ജോടി വൂളൻ തൊപ്പികൾ
  • 50 ലീറ്റർ ശേഷിയുള്ള ബാക്പാക്ക്
  • വാട്ടർ ബോട്ടിൽ
  • സ്ലീപ്പിങ് ബാഗ്.

 

pritam-menon
സാഹസികയാത്രയ്ക്കിടെ വിശ്രമിക്കുന്ന പ്രീതം മേനോൻ.

പ്രീതം മേനോന്റെ 5 പ്രധാന ദൗത്യങ്ങള്‍

 

1. സ്റ്റോക്ക് കാങ്ഗ്രി, ലഡാക്ക് (6153 മീറ്റർ)

2. യൂനം പീക്ക്, ലേ (6110 മീറ്റർ)

3. ഗോലപ് കാങ്ഗ്രി, ലഡാക്ക് (5900 മീറ്റർ)

4. മുൾഖില, ലഹൗൾ സ്പിറ്റി (6517 മീറ്റർ) ദൗത്യം മഞ്ഞുവീഴ്ച മൂലം ഉപേക്ഷിച്ചു.

5. ഡിയോ ടിബ്ബ, ഹിമാചൽ (6001 മീറ്റർ) 1 വട്ടം വിജയിച്ചു, 1 വട്ടം ഉപേക്ഷിച്ചു

English Summary: How Pritam Menon Conquered the Fear of Death at Mount Deo Tibba

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com