മയ്യഴി വിമോചന സമര നേതാവ് മംഗലാട്ട് രാഘവന്‍ അന്തരിച്ചു
Mail This Article
കണ്ണൂർ ∙ മയ്യഴി വിമോചനസമര നേതാവും കവിയും പത്രപ്രവര്‍ത്തകനും സോഷ്യലിസ്റ്റു നേതാവുമായ മംഗലാട്ട് രാഘവന്‍ (101) അന്തരിച്ചു. ശ്വസതടസ്സത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മയ്യഴി സ്വതന്ത്രമായശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയല്‍ സ്റ്റാഫായി പ്രവര്‍ത്തിച്ചിരുന്നു. ഔദ്യോഗിക ജീവിതത്തില്‍നിന്ന് പിരിഞ്ഞശേഷം സാഹിത്യരചനയില്‍ സജീവമായി.
ഫ്രഞ്ച് കവിതകള്‍, ഫ്രഞ്ച് പ്രണയകവിതകള്‍, വിക്റ്റര്‍ ഹ്യൂഗൊയുടെ കവിതകള്‍ എന്നിവയാണ് പ്രധാന പുസ്തകങ്ങള്‍. വിവര്‍ത്തനത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്. തലശ്ശേരി ടൗണ്‍ഹാളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചശേഷം വാതക ശ്മശാനത്തിൽ സംസ്കരിക്കും. പരേതയായ കെ.വി.ശാന്തയാണ് ഭാര്യ. മക്കള്‍: പ്രദീപ്, ദിലീപ്, രാജീവ്, ശ്രീലത, പ്രേമരാജന്‍.
ഫ്രഞ്ച് അധീന മയ്യഴിയില്‍ 1921 സെപ്റ്റംബര്‍ 20നാണ് ജനനം. മയ്യഴിയിലെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേര്‍ എന്ന ഫ്രഞ്ച് സെന്‍ട്രല്‍ സ്കൂളില്‍ ഫ്രഞ്ച് മാധ്യമത്തിലായിരുന്നു വിദ്യാഭ്യാസം. പഠനം പൂര്‍ത്തിയാക്കുന്നതിനു മുൻപ് മയ്യഴി വിമോചനപ്രസ്ഥാനത്തില്‍ സജീവമായി. 1942ല്‍ മയ്യഴിയിലെ മാതൃഭൂമി ലേഖകനായി പത്രപ്രവര്‍ത്തകജീവിതം ആരംഭിച്ചു.
മയ്യഴി വിമോചനസമരത്തിന് നേതൃത്വം നൽകിയ മഹാജനസഭയിലെ സോഷ്യലിസ്റ്റ് ധാരയുടെ നേതാവായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ ചോമ്പാല്‍ റെയില്‍വേ സ്റ്റേഷന്‍ തീവച്ച കേസില്‍ പ്രതി ചേര്‍ത്ത് ഫ്രഞ്ച് പൊലീസ് തടവിലാക്കി ബ്രിട്ടിഷ് പോലീസിന് കൈമാറി. ചോമ്പാലിലെ എംഎസ്‌പി ക്യാംപിൽ കഠിനമായ മര്‍ദനത്തിന് ഇരയായി.
ബ്രിട്ടിഷ് ആധിപത്യത്തിന്റെ തകര്‍ച്ചയ്ക്കു ശേഷം ശക്തമായ മയ്യഴി വിമോചനസമരത്തിന്റെ നേതൃനിരയില്‍ ഐ.കെ.കുമാരന്‍, സി.ഇ.ഭരതന്‍ എന്നിവരോടൊപ്പം പ്രവര്‍ത്തിച്ചു. ഫ്രഞ്ച് ഭരണം തുടരണോ എന്ന കാര്യം നിശ്ചയിക്കാന്‍ ജനഹിതപരിശോധന നടത്തണം എന്ന ഫ്രഞ്ച് നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് ആശയപ്രചരണം നടത്തി.
വോട്ടര്‍ കാര്‍ഡ് നൽകുന്നതിലെ ക്രമക്കേടിനെതിരെ മയ്യഴി മെറിയില്‍ (മേയറുടെ ഓഫിസ്) നടന്ന സത്യഗ്രഹസമരത്തിനു നേരെ ഫ്രഞ്ച് അനുകൂലികള്‍ അതിക്രമം നടത്തുകയും ഐ.കെ.കുമാരനെ ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് നടന്ന മയ്യഴി പിടിച്ചെടുക്കലിന് നേതൃത്വം നൽകി. മയ്യഴി സ്വതന്ത്രമായശേഷം മുഴുവൻസമയ പത്രപ്രവര്‍ത്തകനായി കെ.പി.കേശവമേനോന്‍, കെ.കേളപ്പന്‍ എന്നിവരുടെ സഹപ്രവര്‍ത്തകനായി പ്രവര്‍ത്തിച്ചു.
English Summary: Mahe freedom fighter Mangalat Raghavan passes away