ADVERTISEMENT

ന്യൂഡൽഹി∙ കോവിഡിന്റെ പുതിയ വകഭേദമായ എക്സ്ഇയുടെ സാന്നിധ്യത്തെത്തുടർന്ന് പൊതുവിടത്തിൽ മാസ്ക് ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്ന് ആരോഗ്യരംഗത്തെ വിദഗ്ധർ. കൊറോണവൈറസിന്റെ എല്ലാ വകഭേദങ്ങൾക്കുമെതിരെ ഒരേപോലെ പ്രതിരോധം തീർക്കുന്ന ഏക മാർഗമാണ് മാസ്ക് ഉപയോഗം.

മറ്റു വകഭേദങ്ങളെക്കാൾ എക്സ്ഇ കൂടുതൽ വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) മുന്നറിയിപ്പ് നൽകിയിരുന്നു. ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് രോഗികളുടെ എണ്ണം വർധിച്ചിരുന്നെങ്കിലും നിലവിൽ എണ്ണം കുറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ആശങ്കപ്പെടണ്ടകാര്യമില്ല. പക്ഷേ, പൊതു ഇടത്തിൽ മാസ്കിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കണമെന്നാണ് പ്രമുഖ വൈറോളജിസ്റ്റ് ടി. ജേക്കബ് ജോൺ പറയുന്നത്.

രണ്ടുവർഷത്തിനുശേഷം കോവിഡ് വ്യാപനത്തിനു കുറവുവന്നതിനു പിന്നാലെ ഡൽഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങൾ മാസ്ക് നിർബന്ധമെന്ന നിബന്ധന ഒഴിവാക്കിയിരുന്നു. കേരളം പോലുള്ള സംസ്ഥാനങ്ങൾ ഇത് ഒഴിവാക്കിയില്ലെങ്കിലും കേസ് എടുക്കില്ലെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ കോവിഡിന്റെ പുതിയ എക്‌സ്ഇ വകഭേദത്തെ കുറിച്ചു അവലോകന യോഗം നടന്നു. പുതിയ വകഭേദങ്ങളുടെയും കേസുകളുടെയും നിരന്തരമായ നിരീക്ഷണവും ശ്രദ്ധയും വർധിപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. കോവിഡ് ചികിത്സയ്ക്ക് ആവശ്യമായ മരുന്നുകളുടെ ലഭ്യത നിരന്തരം അവലോകനം ചെയ്യണം. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വാക്‌സിനേഷൻ യജ്ഞം പൂർണ്ണ വേഗതയിൽ നടത്തണമെന്നും അർഹരായ എല്ലാവർക്കും വാക്‌സിനേഷൻ നൽകണമെന്നും അദ്ദേഹം നിർദേശിച്ചു.

നീതി ആയോഗ് അംഗം (ആരോഗ്യം) വി.കെ. പോൾ, ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, എയിംസ് ഡയറക്ടർ ഡോ. ഭാർഗവ, ഡോ. എൻ.കെ. അറോറ, എൻടിജിഐ, ആരോഗ്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

English Summary: Voluntary use of masks must be promoted in view of the new XE variant: Experts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com