അമരാവതി കൊല: പ്രതികൾക്കു നൽകിയത് ബൈക്കും പതിനായിരം രൂപയുമെന്ന് പൊലീസ്

Mail This Article
മുംബൈ∙ സമൂഹമാധ്യമ പോസ്റ്റിന്റെ പേരിൽ അമരാവതിയിൽ മരുന്നുകട ഉടമയെ കൊലപ്പെടുത്തിയ സംഭവത്തിലെ കൊലയാളിക്കു ‘പ്രതിഫല’മായി ലഭിച്ചത് ഒരു ബൈക്കും പതിനായിരം രൂപയും. ബിജെപി നേതാവ് നൂപുര്‍ ശർമയെ പിന്തുണച്ച് ഉമേഷ് കോൽഹെ വാട്സാപിൽ പോസ്റ്റുകൾ പങ്കുവച്ചതിനാണു കൊല നടത്തുന്നതെന്നു പ്രതികൾക്ക് അറിയാമായിരുന്നെന്നും പൊലീസ് പ്രതികരിച്ചു.
വിവാദമായ കേസായതുകൊണ്ടുതന്നെ പ്രതികളുടെ ബന്ധങ്ങളെക്കുറിച്ചു കൂടുതൽ പുറത്തുവിടുന്നില്ലെന്നു പൊലീസ് കമ്മിഷണർ ആർതി സിങ് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു. കേസന്വേഷണത്തിനു വേഗത പോരെന്ന ബിജെപി നേതാക്കളുടെ ആരോപണത്തെ പൊലീസ് തള്ളി. ‘നവ്നീത് കൗർ റാണ എംപി തെറ്റായ ആരോപണങ്ങളാണ് ഉയർത്തുന്നത്. കാരണം കുറച്ചു ദിവസങ്ങൾക്കു മുന്‍പ് അവരുടെ ഭർത്താവ് രവി റാണയ്ക്കെതിരെ ഞാൻ കൊലപാതക ശ്രമത്തിനു കേസെടുത്തിരുന്നു’– കമ്മിഷണര്‍ വ്യക്തമാക്കി. മറ്റ് മൂന്നു പേര്‍ക്കെതിരെ കൂടി സമൂഹമാധ്യമ പോസ്റ്റുകളുടെ പേരിൽ ഭീഷണികളുയർന്നിട്ടുണ്ട്. എന്നാൽ ഒരാൾ മാത്രമാണു പരാതി നൽകിയിട്ടുള്ളത്. രണ്ടുപേർ പരാതിയുമായി മുന്നോട്ടുപോകാൻ തയാറല്ലെന്നും പൊലീസ് അറിയിച്ചു.
വീട്ടിലേക്കു പോകുംവഴിയാണ് 54 വയസ്സുകാരനായ ഉമേഷ് കോൽഹെയെ മോട്ടർ സൈക്കിളിൽ കത്തിയുമായെത്തിയ രണ്ടുപേർ കൊലപ്പെടുത്തിയത്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എൻഐഎ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.
കൊലപാതകം ആസൂത്രണം ചെയ്ത ഇർഫാൻ ഷെയ്ഖ് റഹീം ഉൾപ്പെടെ ഏഴു പേർ കേസിൽ ഇതുവരെ അറസ്റ്റിലായി. ഒരാൾക്കു വേണ്ടി തിരച്ചിൽ തുടരുകയാണ്. ഇർഫാൻ ഷെയ്ഖാണ് പ്രതികൾക്കു പണവും ബൈക്കും നൽകിയത്. കേസ് ഒന്നു രണ്ടു ദിവസത്തിനകം എൻഐഎയ്ക്കു കൈമാറുമെന്നും പൊലീസ് അറിയിച്ചു. മറ്റൊരു പ്രതിയായ യുസുഫ് ഖാനും മരുന്നുകടയിൽ ജോലി ചെയ്തിരുന്നയാളാണ്. ഇരുവരും അംഗങ്ങളായ വാട്സാപ് ഗ്രൂപ്പിലാണ് നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് പോസ്റ്റ് ഇട്ടത്.
English Summary: A Bike And Rs. 10,000: What Killers Got For Amravati Chemist's Murder, Say Cops