ഉമേഷിനെ കൊലയാളികൾ മുൻപും കാത്തിരുന്നു; തുടരെ തുടരെ ആക്രമിച്ചു: ദൃശ്യങ്ങൾ പുറത്ത്

Mail This Article
മുംബൈ∙ ജൂൺ 21നു മഹാരാഷ്ട്രയിലെ അമരാവതിയിൽ കൊല്ലപ്പെട്ട ഉമേഷ് പ്രഹ്ലാദ്‌റാവു കോൽഹെ (54)യെ കൊലപ്പെടുത്താനായി ജൂൺ 20 നും പ്രതികൾ കാത്തിരുന്നതായി പൊലീസ്. ഉമേഷ് കോൽഹെ അടുത്തറിയുന്നവരാണു കൊല നടത്തിയതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. സാധാരണ രാത്രി പത്തരയോടു കൂടിയാണ് ഉമേഷ് കടയടച്ച് വീട്ടിൽ പോയിരുന്നത്. ഇത് മനസിലാക്കിയ പ്രതികൾ രാത്രി പത്തോടെ വഴിയിൽ കാത്തുനിന്നുവെങ്കിലും ജൂൺ 20 ന് ഒൻപതരയോടെ ഉമേഷ് കടയടച്ച് വീട്ടിൽ പോയതിനാൽ പദ്ധതി വിജയം കണ്ടില്ല.
ജൂൺ 21നു ഉമേഷ് കടയടച്ച് ഇരുചക്രവാഹനത്തിൽ വീട്ടിലേക്കു പോകുമ്പോൾ രാത്രി പത്തിനും 10.30നും ഇടയ്ക്കാണു കൊല്ലപ്പെട്ടത്. 2 ബൈക്കുകളിൽ പിന്തുടർന്നവർ ഇടയ്ക്കുവച്ചു തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ഉമേഷിനെ കൊലയാളികൾ കത്തി ഉപയോഗിച്ച് നിരന്തരം ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിരുന്നു. കേസിലെ പ്രധാന പ്രതി ഇർഫാൻ ഖാനും യൂസുഫ് ഖാനും ഉൾപ്പെടെ എഴ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മുദ്ദ്‌സിർ അഹമ്മദ് (22), ഷാറുഖ് പഠാൻ (25), അബ്ദുൽ തൗഫീഖ് (24) ഷുഐബ് ഖാൻ (22), അതീബ് റാഷിദ് (22) എന്നിവരാണ് പിടിയിലായത്.
ബിജെപി വക്താവായിരുന്ന നൂപുർ ശർമയെ പിന്തുണച്ച് ഉമേഷ് വാട്സാപ് ഗ്രൂപ്പിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു. ‘ബ്ലാക് ഫ്രീഡം’ എന്ന ഈ വാട്സാപ് ഗ്രൂപ്പിൽ ഇർഫാൻ ഖാനും യൂസുഫ് ഖാനും അംഗമായിരുന്നു. മൃഗഡോക്ടര്‍ കൂടിയായ യൂസഫ് ഖാന് ഉമേഷ് കോൽഹെയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. നൂപുർ ശർമയെ പിന്തുണയ്ക്കുന്നതിനിടെ ഉമേഷ് കോൽഹെ നടത്തിയ മതവിരുദ്ധ പരമാർശം വിവിധ വാട്സാപ് ഗ്രൂപ്പുകളിൽ ഇയാൾ പങ്കുവച്ചിരുന്നതായും പൊലീസ് കണ്ടെത്തി.
ഉമേഷിന്റെ ശവസംസ്കാര ചടങ്ങിലും ഇയാൾ പങ്കെടുത്തിരുന്നു. ആക്രമണത്തെ തുടർന്ന് ഉമേഷിന്റെ കഴുത്തിൽ 5 ഇഞ്ച് വീതിയും ആഴവുമുള്ള മുറിവുണ്ടായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇർഫാൻ ഖാനാണ് ഉമേഷിന്റെ കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവർക്ക് ഇയാൾ പണവും സുരക്ഷിത താവളവും വാഗ്ദാനം ചെയ്തിരുന്നു.ഇയാൾ എൻജിഒ നടത്തുകയാണെന്നും 10,000 രൂപയാണു കൊലയാളികൾക്കു വാഗ്ദാനം ചെയ്ത പ്രതിഫലമെന്നും പൊലീസ് അറിയിച്ചു.
English Summary: Caught On CCTV, Amravati Chemist's Murder, Killers Attack Repeatedly