അബെയുടെ മരണം അഗ്നിപഥിനെതിരായ ആവലാതികൾക്ക് അടിവരയിടുന്നു: തൃണമൂൽ മുഖപത്രം
Mail This Article
കൊൽക്കത്ത ∙ ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിൻസോ അബെയുടെ കൊലപാതകത്തെ, സൈന്യത്തിൽ 4 വർഷത്തെ ഹ്രസ്വകാലനിയമനത്തിനായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി തൃണമൂൽ കോൺഗ്രസിന്റെ മുഖപത്രം ‘ജാഗോ ബംഗ്ലാ’. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആവലാതികൾക്ക് അടിവരയിടുന്നതാണ് ഷിൻസോ അബെയുടെ കൊലപാതകമെന്ന് പത്രത്തിന്റെ ഒന്നാം പേജിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ പറയുന്നു.
പെൻഷൻ ലഭിക്കാത്ത മുൻ സൈനികനാണ് അബെയുടെ കൊലപാതകത്തിനു പിന്നിലെന്നാണ് വാർത്തയിൽ പറയുന്നത്. അഗ്‌നിപഥ് പദ്ധതിപ്രകാരം നാലു വർഷത്തേക്ക് സൈന്യത്തിലെടുക്കുന്ന യുവാക്കളെ പിന്നീട് പെൻഷനോ വിരമിക്കുമ്പോൾ ലഭിക്കേണ്ട ആനുകൂല്യങ്ങളോ ഇല്ലാതെയാണ് പറഞ്ഞുവിടുകയെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
‘‘അഗ്നിപഥ് പദ്ധതിക്കു കീഴിൽ യുവാക്കളെ സൈന്യത്തിൽ നിയമിക്കാനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം. അഗ്നിവീരന്മാർക്ക് നാലു വർഷം മാത്രമേ സൈന്യത്തിൽ പ്രവർത്തിക്കാൻ അവസരം ലഭിക്കൂ. വിരമിക്കുമ്പോൾ അവർക്ക് പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ ഉണ്ടാകില്ല. അബെയെ കൊലപ്പെടുത്തിയ തെറ്റ്‌സുയ യമഗാമി ജാപ്പനീസ് സൈന്യത്തിൽ സേവനമനുഷ്ഠിച്ചിരുന്നെങ്കിലും വിരമിച്ചശേഷം പെൻഷനൊന്നും ലഭിച്ചിരുന്നില്ല’’– ലേഖനത്തിൽ പറയുന്നു.
കോൺഗ്രസ് വക്താവ് സുരേന്ദ്ര രാജ്പുത്തും അബെയുടെ കൊലപാതകത്തെ അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെടുത്തി പ്രതികരിച്ചിരുന്നു. അബെയെ വെടിവെച്ചുകൊന്ന യമഗാമി ജപ്പാനിലെ എസ്‌ഡിഎഫിൽ പെൻഷനില്ലാതെ ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
തെറ്റ്‌സുയ യമഗാമി നാവികസേനയിൽ സേവനമനുഷ്ഠിച്ചിരുന്നെന്നാണ് റിപ്പോർട്ട്. മൂന്നുവർഷത്തെ സേവനത്തിനു ശേഷം യമഗാമിക്ക് ജോലി നഷ്ടമായി. പെൻഷനും ലഭിച്ചിരുന്നില്ല. ജോലിയില്ലാത്തതിന്റെ നിരാശയാണ് അബെയെ കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ടുകള്‍.
English Summary: TMC mouthpiece links ex-Japan PM Shinzo Abe’s killing with Agnipath to target Centre