‘അഗ്നിപഥിന് 7 ലക്ഷം അപേക്ഷകൾ; ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈനീസ് കപ്പൽ’

Mail This Article
തൃശൂർ ∙ അഗ്നിപഥ് പദ്ധതിയിൽ നാവികസേനയിലേക്കു മാത്രം ഏഴു ലക്ഷം അപേക്ഷകൾ ലഭിച്ചതായി നാവികസേനാ മേധാവി അഡ്മിറൽ ആർ.ഹരികുമാർ. ഈ വർഷം വരുന്ന മൂവായിരം ഒഴിവുകളിലേക്കാണ് ഇത്രയും അപേക്ഷകൾ എത്തിയത്. സേനയിൽ ആദ്യമായി വനിതകളെ നിയമിക്കുന്ന പഴ്സനൽ ബിലോ ഓഫിസർ തസ്തികയിലേക്കു മാത്രം അമ്പതിനായിരത്തിലധികം പേർ അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
അഗ്നിപഥ് പദ്ധതി നടപ്പാക്കൽ ഒരു വെല്ലുവിളിയായി തോന്നിയിട്ടില്ല. രണ്ടു വർഷമായി പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളിയായിരുന്നതിനാൽ ഇതേപ്പറ്റി കൃത്യമായ അറിവുണ്ട്. ഇപ്പോഴാണ് പദ്ധതി നടപ്പാക്കുന്നതെങ്കിലും നേരത്തെ മുതൽ ഇതിനെക്കുറിച്ച് ബോധ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മനോരമ ന്യൂസ് സംഘടിപ്പിച്ച കോൺക്ലേവ് 2022ൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം ഒത്തൊരുമിച്ചു വെല്ലുവിളികളെ നേരിടേണ്ട സമയാണ് ഇതെന്നു വ്യക്തമാക്കിയ അഡ്മിറൽ, നാവികസേന രാജ്യ സുരക്ഷയ്ക്കാണു പ്രാധാന്യം നൽകുന്നതെന്നും വ്യക്തമാക്കി. നാവികസേനയ്ക്കു വേണ്ടിയുള്ള തദ്ദേശീയമായ കപ്പൽ നിർമാണം പ്രത്യേക അധ്യായമായി മാറിയിട്ടുണ്ട്. ഏറ്റെടുക്കലുകൾ വളരെ എളുപ്പത്തിൽ ചെയ്യാവുന്ന വിധം നടപടിക്രമങ്ങൾ ലഘൂകരിച്ചു.
രാജ്യ സുരക്ഷയ്ക്കായി സേന ദീർഘകാലാടിസ്ഥാനത്തിലുള്ള പദ്ധതികൾ തയാറാക്കിയിട്ടുണ്ട്. ഐഎൻഎസ് വിക്രാന്തിന്റെ നിർമാണം പൂർത്തിയാക്കി സേന ഏറ്റെടുത്തു കഴിഞ്ഞു. കപ്പൽ നിർമാണത്തിൽ ചെറിയ ബോട്ട് ഉണ്ടാക്കൽ മുതൽ വിമാന നിർമാണം വരെ തദ്ദേശീയമായി ചെയ്തിട്ടുണ്ട്. വിക്രാന്തിലെ അടിസ്ഥാന ആയുധങ്ങളിൽ 90 ശതമാനം രാജ്യത്തു തന്നെ നിർമിച്ചവയാണെങ്കിൽ പ്രൊപ്പല്ലറും മറ്റുമായി 60 ശതമാനം നിർമാണം തദ്ദേശീയമായാണ്. യുദ്ധത്തിനുള്ള ആയുധങ്ങളുടെ കാര്യത്തിൽ 50 ശതമാനം എന്ന നേട്ടം കൈവരിച്ചു. ഇതെല്ലാം കുറഞ്ഞ വർഷത്തിനുള്ളിൽ 90 ശതമാനമെങ്കിലും ആക്കുന്നതിനാണ് പദ്ധതി. എല്ലാ പടക്കപ്പലുകളും മുങ്ങിക്കപ്പലുകളും ഇന്ത്യയിൽ തന്നെ ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നത്.
ചൈനയുടെ അടുത്ത സുഹൃത്ത് ഇന്ത്യയാണെന്ന് ഒരു വിഭാഗം അവകാശപ്പെടുന്നുണ്ടെങ്കിലും 2002 മുതൽ ചൈനയുടെ കപ്പൽ സാന്നിധ്യം ഇന്ത്യൻ മഹാസമുദ്രത്തിലുണ്ട്. കടൽക്കൊള്ളയുടെ പേരിൽ ആരംഭിച്ച കപ്പൽ വിന്യാസം പ്രതിവർഷം വർധിപ്പിച്ചിരിക്കുകയാണ്. നാലു മുതൽ ആറു കപ്പൽവരെ എപ്പോഴും ഇന്ത്യൻ മഹാസമുദ്രത്തിലുണ്ടാകും. ഇതിനു പുറമേ മത്സ്യബന്ധന, ഗവേഷണ കപ്പലുകളുമുണ്ട്. ഇവയെ എല്ലാം നാവികസേന നിരീക്ഷിക്കുന്നുണ്ട്. രണ്ടു വർഷം മുൻപു ചൈനയുടെ ഭാഗത്തു നിന്നുണ്ടായ നീക്കം പരിഗണിക്കുമ്പോൾ സൗഹൃദവാദം എത്രത്തോളമെന്നു പറയാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary : Navy Chief R.Harikumar on Agnipath recruitment in Manorama news conclave