മൂന്നാംകിട തമാശ പറഞ്ഞ് വാര്‍ത്തകളില്‍ നിറയാന്‍ നേതാക്കളുടെ ശ്രമം: സതീശന്‍

Mail This Article
തൃശൂർ ∙ പൊതുപ്രവര്‍ത്തകരും രാഷ്ട്രീയപ്രവര്‍ത്തകരും വാക്കുകള്‍ ഉപയോഗിക്കുമ്പോള്‍ കരുതണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കാലം മാറിയതനുസരിച്ച് കാലഹരണപ്പെട്ട വാക്കുകളും ഒഴിവാക്കണം. വൈധവ്യം സ്ത്രീയുടെ വിധിയാണ് എന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടി വിശ്വസിക്കുന്നുണ്ടോ എന്ന് പ്രതിപക്ഷത്തുനിന്ന് ഉയര്‍ന്ന ചോദ്യമാണ് എം.എം.മണിയുടെ മാപ്പുപറച്ചിലിലേക്ക് എത്തിയത്. ദയാരഹിതമായിട്ടുള്ള ആക്രമണങ്ങളല്ല മനോഹരമായ സംവാദങ്ങളാണു ജനാധിപത്യത്തില്‍ വേണ്ടതെന്നും മനോരമ ന്യൂസ് കോണ്‍ക്ലേവില്‍ സതീശൻ വ്യക്തമാക്കി.
പൊതുപ്രവര്‍ത്തകര്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളും പൊളിറ്റിക്കല്‍ ഇന്‍കറക്ടായ ക്ലീഷേ പ്രയോഗങ്ങളും ഒഴിവാക്കേണ്ടതാണ്. നമ്മളാരും വിമര്‍ശനത്തിന് അതീതരല്ല. നല്ല വാക്കുകളുപയോഗിക്കുക. നിയമസഭയില്‍ വളരെ അപൂര്‍വമായിട്ട് മാത്രമാണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്. വളരെ ഗൗരവമായ ചര്‍ച്ചകള്‍ നിയമസഭയില്‍ നടക്കണം. ഗൗരവമായ ചര്‍ച്ചകള്‍ നടത്തിയവരാണ് തോമസ് ഐസക്കും ഞാനും. ഒരു തരത്തിലുള്ള മോശം പരാമര്‍ശങ്ങളുമില്ലാതെ പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ടാണ് സംസാരിക്കുന്നത്.
ദിവസവും ഞങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുക മാത്രമല്ല ചെയ്യുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നു. അതൊന്നും വാര്‍ത്തയാകുന്നില്ല. മാധ്യമങ്ങളും വിമര്‍ശനത്തിന് അതീതരല്ല. മലയാളിയുടെ പൊതുബോധത്തെ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. മൂന്നാംകിട തമാശകള്‍ പറഞ്ഞ് പിറ്റേദിവസം വാര്‍ത്തകളില്‍ നിറയാന്‍ ശ്രമിക്കുന്നവര്‍ ഇന്ന് നിരവധിയുണ്ട്.

ഇത് സത്യാനന്തര യുഗമാണ്. അയോധ്യയില്‍ ക്ഷേത്രം പണിയണോ, ഗ്യാന്‍വാപിയില്‍ ശിവലിംഗം സ്ഥാപിക്കണോ, ഹിജാബ് ധരിക്കണോ എന്നതാണ് ചര്‍ച്ച. വേണ്ട വിഷയങ്ങളൊന്നും ചര്‍ച്ചയാകുന്നില്ല. കേന്ദ്രത്തിലെയും കേരളത്തിലെയും സര്‍ക്കാരുകളുടെ നല്ല ആശയങ്ങളോട് ഞങ്ങള്‍ യോജിക്കാറുണ്ട്. വേണ്ടിടത്ത് വിമര്‍ശനങ്ങളുണ്ടാകണം. നല്ല മനോഹരമായ വാക്കുകള്‍ ഉപയോഗിച്ച് അഭിപ്രായം പങ്കുവയ്ക്കണം.– സതീശൻ വ്യക്തമാക്കി.
English Summary: VD Satheesan share his ideas in Manorama News Conclave 2022