‘ഏതു വാക്സീനെടുത്തവർക്കും കരുതല്‍ ഡോസായി കോര്‍ബിവാക്സ് എടുക്കാം’
Mail This Article
തിരുവനന്തപുരം∙ കരുതല്‍ ഡോസ് കോവിഡ് വാക്സീനായി ഇനിമുതല്‍ കോര്‍ബിവാക്സ് വാക്സീനും സ്വീകരിക്കാമെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ് വാക്സീനോ അല്ലെങ്കില്‍ കോര്‍ബിവാക്സ് വാക്സീനോ കരുതല്‍ ഡോസായി സ്വീകരിക്കാവുന്നതാണ്.
മുമ്പ് ഏത് വാക്സീനെടുത്താലും അതേ വാക്സീനായിരുന്നു കരുതല്‍ ഡോസായി നല്‍കിയിരുന്നത്. അതിനാണു മാറ്റം വരുത്തിയത്. കോവിന്‍ പോര്‍ട്ടലിലും ഇതിനനുസരിച്ചു മാറ്റം വരുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് ഇതനുസരിച്ചുള്ള ക്രമീകരണം നടത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
നിലവില്‍ 12 മുതല്‍ 14 വരെ വയസുള്ള കുട്ടികള്‍ക്ക് കോര്‍ബിവാക്സ് വാക്സീനും 15 മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്ക് കോവാക്സിനുമാണ് നല്‍കുന്നത്. കുട്ടികള്‍ക്ക് കരുതല്‍ ഡോസില്ല. 18 വയസിന് മുകളിലുള്ളവര്‍ക്ക് രണ്ടാം ഡോസ് വാക്സിന് എടുത്ത് 6 മാസത്തിനുശേഷം കരുതല്‍ ഡോസ് എടുക്കാവുന്നതാണ്. പഠനത്തിനോ ജോലിസംബന്ധമായ ആവശ്യങ്ങള്‍ക്കോ വിദേശത്തു പോകുന്നവര്‍ക്കു 90 ദിവസം കഴിഞ്ഞും കരുതല്‍ ഡോസ് എടുക്കാവുന്നതാണ്.
English Summary: Corbevax approved as a booster for those jabbed with Covishield, Covaxin: Veena George