‘ഭാവിയെപ്പറ്റി അങ്കിത ആവേശത്തോടെ പറഞ്ഞു; കുടുംബത്തെ പിന്തുണയ്ക്കാനായിരുന്നു ജോലി’

Mail This Article
കൊൽക്കത്ത ∙ ഉത്തരാഖണ്ഡിൽ റിസപ്ഷനിസ്റ്റ് അങ്കിത ഭണ്ഡാരി (19) കൊല്ലപ്പെട്ടതിന്റെ ഞെട്ടലിലാണു സുഹൃത്തുക്കൾ. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. എന്നാൽ, അങ്കിത മുങ്ങിമരിച്ചതാണെന്നാണു പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
ഭാവിയെപ്പറ്റി അങ്കിത ആവേശത്തോടെയാണു സംസാരിച്ചിരുന്നതെന്നു സ്കൂൾകാല സുഹൃത്ത് വിവേക് നേഗി പറഞ്ഞു. ‘‘സ്വന്തം ഭാവിയെക്കുറിച്ചും കരിയറിനെപ്പറ്റിയും അങ്കിത ആവേശത്തോടെയാണ് പറഞ്ഞിരുന്നത്. വളരെ പാവപ്പെട്ട കുടുംബത്തിൽനിന്നാണ് അവൾ വരുന്നത്. 12–ാം ക്ലാസിലെ പഠനം കഴിഞ്ഞാൽ കുടുംബത്തെ പിന്തുണയ്ക്കണമെന്നു കൂടെക്കൂടെ പറയുമായിരുന്നു.’’– വിവേക് എൻഡിടിവിയോടു വ്യക്തമാക്കി.
‘‘പൗരിയിലെ മലമ്പ്രദേശത്താണ് ഞങ്ങളുടെ താമസം. ഇവിടെനിന്നു ജോലിക്കായി പുറത്തേക്കു പോകാറുണ്ട്. കാഴ്ചയിൽ വളരെ ലാളിത്യമുള്ളവരാണ് ഇവിടുത്തുകാർ. അങ്കിതയും അങ്ങനെയാണ്, അവൾ സംസാരപ്രിയയല്ല. അങ്കിത ജോലിയിലാണു ശ്രദ്ധിച്ചിരുന്നത്.’’– വിവേക് പറഞ്ഞു. ‘‘ഇത്തരം സംഭവങ്ങൾ നടക്കുമ്പോൾ ഞങ്ങൾ എങ്ങനെയാണ് ജോലിക്കായി പുറത്തേക്കു പോവുക?’’– അങ്കിതയുടെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഒരു സ്ത്രീ രോഷത്തോടെ ചോദിച്ചു.

പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസംതൃപ്തി രേഖപ്പെടുത്തിയ അങ്കിതയുടെ പിതാവും സഹോദരനും അന്തിമ റിപ്പോർട്ട് ലഭിക്കുന്നതുവരെ മൃതദേഹം സംസ്കരിക്കാൻ വിസമ്മതിച്ചു. പിന്നീട് അധികൃതർ അവരെ അനുനയിപ്പിക്കുകയായിരുന്നു. ഋഷികേശ് എയിംസിലെ നാലംഗ സംഘമാണു പോസ്റ്റ്മോർട്ടം നടത്തിയത്. അങ്കിതയുടെ ശരീരത്തിൽ മരണത്തിനു മുൻപുള്ള മുറിവുകൾ കാണപ്പെട്ടതായി പോസ്റ്റ്മോർട്ടം കരടുറിപ്പോർട്ടിൽ പറയുന്നു. മരണത്തിനു മുൻപ് ബലപ്രയോഗം നടന്നതിന്റെ സൂചനയാണത്.
കാണാതായ അങ്കിതയുടെ മൃതദേഹം ശനിയാഴ്ചയാണു ഋഷികേശിനു സമീപം ചീല കനാലിൽനിന്നു കണ്ടെടുത്തത്. ലൈംഗികമായി ചൂഷണം ചെയ്യാനുള്ള ശ്രമത്തെ അങ്കിത എതിർത്തപ്പോൾ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹരിദ്വാറിലെ മുതിർന്ന ബിജെപി നേതാവ് വിനോദ് ആര്യയുടെ മകൻ പുൾകിത് ആര്യയാണു കേസിലെ മുഖ്യപ്രതി. പുൾകിതിന്റെ ഉടമസ്ഥതയിലുള്ളതാണ് ഭോഗ്പുരിലെ റിസോർട്ട്. കേസിൽ പുൾകിതും 2 ജീവനക്കാരും അറസ്റ്റിലായിരുന്നു. വിനോദ് ആര്യയെയും പുൾകിത് ആര്യയെയും ബിജെപി പുറത്താക്കി.
English Summary: "Ankita Was Excited About Her Future," Says Murdered Teen's Friend