കവിയും എഴുത്തുകാരനുമായ ടി.പി.രാജീവൻ അന്തരിച്ചു
Mail This Article
കോഴിക്കോട് ∙ കവിയും നോവലിസ്റ്റുമായ ടി.പി.രാജീവൻ (തച്ചംപൊയിൽ രാജീവൻ–63) അന്തരിച്ചു. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ 11.30നായിരുന്നു അന്ത്യം. വൃക്ക–കരൾ രോഗത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. ഇന്നു രാവിലെ 9 മുതൽ 11 വരെ ടൗൺ ഹാളിൽ പൊതുദർശനം. സംസ്കാരം വൈകിട്ട് മൂന്നിന് നരയംകുളത്തെ വീട്ടുവളപ്പിൽ.
ഇംഗ്ലിഷിലും മലയാളത്തിലും എഴുതുന്ന രാജീവൻ മലയാളത്തിലെ ഉത്തരാധുനിക കവികളിൽ പ്രമുഖനാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പബ്ലിക് റിലേഷൻസ് ഓഫിസറും കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് സാംസ്കാരിക മന്ത്രിയുടെ ഉപദേഷ്ടാവുമായിരുന്നു.
‘പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന നോവൽ അതേ പേരിലും, ‘കെടിഎൻ കോട്ടൂർ–എഴുത്തും ജീവിതവും’ എന്ന നോവൽ ‘ഞാൻ’ എന്ന പേരിലും സിനിമയായി. കോട്ടൂർ രാമവനം വീട്ടിലായിരുന്നു താമസം. ഇംഗ്ലിഷിൽ മൂന്നും മലയാളത്തിൽ ആറും കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘പുറപ്പെട്ടു പോയ വാക്ക്’ എന്ന യാത്രാവിവരണവും ‘അതേ ആകാശം അതേ ഭൂമി’, ‘വാക്കും വിത്തും’ എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.
2014 ലെ കേരള സാഹിത്യഅക്കാദമി പുരസ്കാരം, ലെടിഗ് ഹൗസ് ഫെലോഷിപ്പ്, യുഎസിലെ റോസ് ഫെലോ ഫൗണ്ടേഷൻ ഫെലോഷിപ്പ് എന്നിവ നേടി. ഭാര്യ: പി.ആർ.സാധന( റിട്ട. സെക്‌ഷൻ ഓഫിസർ, കാലിക്കറ്റ് യൂണിവേഴ്സിറ്റി). മക്കൾ: ശ്രീദേവി, പാർവതി (റേഡിയോ മിർച്ചി). മരുമകൻ: ഡോ. ശ്യാം സുധാകർ (അസിസ്റ്റന്റ് പ്രഫസർ, സെന്റ് തോമസ് കോളജ്, തൃശൂർ).
English Summary: Novelist and poet TP Rajeevan passes away