തൃശൂർ മെഡിക്കൽ കോളജിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ചു

Mail This Article
തൃശൂർ∙ തൃശൂർ മെഡിക്കൽ കോളജിൽ പനി ബാധിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. കുര്യച്ചിറ കൊറ്റംമ്പുള്ളി സുനിലിന്റെ ഭാര്യ അനീഷ (35), നാട്ടികയിലുള്ള ബംഗാൾ സ്വദേശിനി ജാസ്‍മിൻ (28) എന്നിവരാണ് മരിച്ചത്. ജാസ്‌മിന് ഏലിപ്പനിയാണ് ബാധിച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പരിശോധനയുടെ ഭാഗമായി ജാസ്‌മിൻ താമസിച്ച സ്ഥലത്തുനിന്ന് ആരോഗ്യവിഭാഗം സാംപിളുകൾ ശേഖരിച്ചിട്ടുണ്ട്. അനീഷ എതു പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല. സംസ്ഥാനത്ത് പനി മരണം തുടരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ഇതോടെ ഒരുമാസത്തിനിടെ വിവിധ സാംക്രമിക രോഗങ്ങൾ ബാധിച്ച് സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 81 ആയി ഉയർന്നു. ഡെങ്കിപ്പനി ബാധിച്ച് മാത്രം 36 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 12,900 പേരാണ് പനിബാധിച്ച് ആശുപത്രിയിൽ ചികിത്സ തേടിയത്.
സംസ്ഥാനത്ത് ഡെങ്കിപ്പനിക്കു കാരണമാകുന്ന 4 തരം വൈറസുകളും കേരളത്തിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരിക്കൽ ഡെങ്കി ബാധിച്ചവർക്കു പിന്നീട് ഡെങ്കിയുടെ മറ്റൊരു വൈറസ് ബാധിച്ചാൽ രോഗം ഗുരുതരമാകാനുള്ള സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞമാസം മാത്രം മൂന്നുലക്ഷത്തോളം പേരാണ് പനി ബാധിച്ച് സർക്കാർ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയത്.
English Summary: Fever Death in Thrissur