ഗിൽജിത്–ബാൾട്ടിസ്ഥാൻ മേഖല ജമ്മു–കശ്മീരിൽ; ഉപയോക്താക്കളെ ഞെട്ടിച്ച് ട്വിറ്റർ
Mail This Article
ഗിൽജിത്–ബാൾട്ടിസ്ഥാൻ∙ പാക്കിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായ ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖല ട്വിറ്ററിൽ ഇന്ത്യയുടെ കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിനുകീഴിൽ കാണിക്കുന്നതായി പാക്ക് മാധ്യമമായ ദ് ഡോൺ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെനിന്നു ട്വീറ്റ് ചെയ്യുന്ന ഉപയോക്താക്കളുടെ ജിയോ – ടാഗിങ് ലൊക്കേഷൻ ജമ്മു കശ്മീർ എന്നു കാണിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
പാക്ക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് സന്ദർശിക്കാനാവുന്നില്ലെന്നു നിരവധിപ്പേർ പരാതിപ്പെട്ടതിനെത്തുടർന്നാണു സംഭവം പുറത്തറിഞ്ഞത്. ഇന്ത്യയിൽനിന്ന് ഈ അക്കൗണ്ട് സന്ദർശിക്കാനാവില്ലെന്ന സന്ദേശമാണ് ഉപയോക്താക്കൾക്കു ലഭിച്ചത്. ഇക്കഴിഞ്ഞ മാർച്ച് മുതൽ ഇന്ത്യയിൽ പാക്ക് സർക്കാരിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വിലക്ക് നേരിടുന്നുണ്ട്.
അതേസമയം, വാർത്ത അടിസ്ഥാനരഹിതമാണെന്നു പാക്ക് അധികൃതർ പ്രതികരിച്ചു. ഗിൽജിത് – ബാൾട്ടിസ്ഥാൻ മേഖലയിൽ ഇന്റർനെറ്റിനോ മറ്റ് മാധ്യമങ്ങൾക്കോ വിലക്കില്ല, സമൂഹമാധ്യമങ്ങളിൽ വ്യാജവാർത്ത പ്രചരിപ്പിക്കുന്നതിൽനിന്ന് ആളുകൾ പിന്തിരിയണമെന്നും അധികൃതർ ആവശ്യപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.
English Summary: Report says Twitter Relocates Gilgit-Baltistan Users to Jammu & Kashmir