ADVERTISEMENT

ന്യൂഡൽഹി∙ രാജ്യസഭയിലെ പ്രസംഗത്തില്‍ മുത്തലാഖ് വിഷയത്തില്‍ ബിജെപിയെ പുകഴ്ത്തി സംസാരിച്ചെന്ന തരത്തിൽ വരുന്ന റിപ്പോർട്ടുകൾ തള്ളി മുസ്‍ലിം ലീഗ് എംപി അബ്ദുൽ വഹാബ് രംഗത്ത്. എന്തു പറ‍ഞ്ഞാലും മുത്തലാഖ് എന്നു പറഞ്ഞുനടക്കുന്ന ബിജെപിയെ പരിഹസിക്കുകയാണ് താൻ ചെയ്തതെന്നും, അതിനെ മറിച്ചു വ്യാഖ്യാനിക്കുന്നവർക്ക് പ്രത്യേക താൽപര്യമുണ്ടാകാമെന്നും അബ്ദുൽ വഹാബ് പ്രതികരിച്ചു. മുസ്‍ലിംകൾ ബിജെപിക്കൊപ്പമാണെന്ന് ഒരു മുസ്‍ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോയെന്നും വഹാബ് ചോദിച്ചു. രാജ്യസഭയിലെ പ്രസംഗം കുറിക്കു കൊള്ളുന്നതായിരുന്നുവെന്ന് പ്രതിപക്ഷ നിരയിലെ എംപിമാർ തന്നെ അഭിനന്ദിച്ചിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

‘ഒരു മുത്തലാഖോടു കൂടി മുസ്‍ലിം സ്ത്രീകളെല്ലാം ബിജെപിയിൽ പോയി, അല്ലെങ്കിൽ ബിജെപിക്കൊപ്പമായി എന്നാണല്ലോ അവകാശവാദം. അങ്ങനെയുള്ള മു‌സ്‌ലിംകൾക്കെങ്കിലും ഇതെല്ലാം ഉപകാരപ്പെടേണ്ടേ? എല്ലാ മുസ്‍ലിം സ്ത്രീകളും ബിജെപിയിൽ പോയി എന്ന് ഒരു മു‍സ്‌ലിം ലീഗ് അംഗം ഉറക്കത്തിലെങ്കിലും പറയുമോ? ഈ ബിൽ ഇപ്പോൾ ഈ രൂപത്തിൽ കൊണ്ടുവന്നത് തികച്ചും രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. അടുത്ത തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ്. അതുകൊണ്ടൊന്നും ബിജെപി അടുത്ത തിരഞ്ഞെടുപ്പിൽ രക്ഷപ്പെടാൻ പോകുന്നില്ല. ‘ഇന്ത്യ’ വരും, ഈ പറഞ്ഞ സംഗതികളൊക്കെ മാറ്റും.’

‘ഞാൻ ബിജെപിക്ക് അനുകൂലമായി സംസാരിച്ചു എന്ന് വ്യാഖ്യാനിക്കുന്നവർക്ക് വേറെ താൽപര്യമുണ്ടാകും. ബിജെപിയെ ഞാൻ പരിഹസിക്കുകയായിരുന്നുവെന്ന് ആ പ്രസംഗം കേട്ടവർക്ക് അറിയാം. എന്റെ പരാമർശത്തിന് കയ്യടി വന്നത് പ്രതിപക്ഷ നിരയിൽ നിന്നാണ്. അല്ലാതെ ഭരണപക്ഷത്തു നിന്നല്ല. പ്രസംഗം കഴിഞ്ഞപ്പോൾ കുറിക്കു കൊള്ളുന്നതെന്നു പറഞ്ഞ് പ്രതിപക്ഷ എംപിമാർ പുറത്തുതട്ടി അഭിനന്ദിക്കുകയും ചെയ്തു. ബിജെപിക്കിട്ട് ‘കുത്തി’യെന്ന തരത്തിൽ അവരുടെ ഒരു എംപിയും പറഞ്ഞു. അതുകൊണ്ട് ഞാൻ പറഞ്ഞതെന്താണെന്ന് വ്യക്തമാണ്. അതിനെ മാറ്റിപ്പറയുന്നവരുടെ മനസ്സിലിരിപ്പ് നമുക്കു മനസ്സിലാകുമല്ലോ.’

‘നോക്കൂ, ഈ ബിജെപിക്കാർ എന്തു പറഞ്ഞാലും ഒടുവിൽ അത് മുത്തലാഖിലെത്തും. മുത്തലാഖ് എന്തോ ഒരു മാഗ്‌നാ കാർട്ട പോലെയാണ്, മുത്തലാഖോടു കൂടി മുസ്‍ലിം സ്ത്രീകൾ വിമോചിതരായി എന്നെക്കെയാണ് എല്ലാ ബിജെപിക്കാരും പ്രസംഗത്തിലൊക്കെ പറയുന്നത്. അങ്ങനെയെങ്കിൽ ഈ മുസ്‍ലിംകൾക്ക് ഒബിസിയിൽ സംവരണം കൊടുത്തുകൂടേ എന്നാണ് ഞാൻ ചോദിച്ചത്. മുസ്‍ലിംകൾ നിങ്ങൾക്കൊപ്പമല്ലേ, അങ്ങനെയെങ്കിൽ അവർക്ക് ഈ സംവരണം കൊടുത്തുകൂടേ എന്നാണു ഞാൻ ചോദിച്ചതെന്ന് വ്യക്തമാണ്. വളച്ചൊടിക്കുന്നവർ അങ്ങനെ ചെയ്യട്ടെ.’

‘മുസ്‍ലിംകൾക്കിടയിൽ ട്രിപ്പിൾ തലാഖ് എന്നൊരു സംഗതി സജീവമല്ല. അങ്ങനെ ഉണ്ടായിരുന്നെങ്കിൽത്തന്നെ അത് ഉപയോഗിക്കുന്നത് .001 ശതമാനം ആളുകളാകും. അതിനായി ഒരു നിയമം ഉണ്ടാക്കി തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ അതു പറഞ്ഞ് വോട്ടു പിടിക്കുകയാണ്.’ – അബ്ദുൽ വഹാബ് ആരോപിച്ചു. 

English Summary: Muslim League MP Abdul Wahab slams BJP's triple talaq claims

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com