തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് കരതൊട്ടു; ഒമാനിൽ ശക്തമായ കാറ്റിനും മിന്നൽ പ്രളയത്തിനും സാധ്യത

Mail This Article
തിരുവനന്തപുരം∙ അറബിക്കടലിൽ രൂപംകൊണ്ട തേജ് ചുഴലിക്കാറ്റ് യെമൻ തീരത്ത് കരതൊട്ടു. ഇന്നു പുലർച്ചെ 2.30നും 3.30നുമിടയിൽ അൽ മഹ്റയിലാണ് തേജ് ചുഴലിക്കാറ്റ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് കാറ്റ് വീശുന്നത്. ചുഴലിക്കാറ്റ് കരതൊടുന്നത് കണക്കിലെടുത്ത് ഒമാൻ ഭരണകൂടം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.
ഒമാനിലെ ദോഫർ ഗവർണറേറ്റിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. അവിടെ 200 മില്ലിമീറ്റർ വരെ മഴ ലഭിച്ചേക്കും. മിന്നൽ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അൽ മഹ്റ ഗവർണറേറ്റിൽ മണ്ണിടിച്ചിലുണ്ടായെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
മണിക്കൂറിൽ പരമാവധി 140 കിലോമീറ്റർ വേഗത്തിൽ യെമനും ഒമാനുമിടയിൽ തീരത്ത് അൽ ഗൈദാക്കിനും (യെമൻ) സലാലയ്ക്കും ഇടയിൽ അതിതീവ്ര ചുഴലിക്കാറ്റായി കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു. മണിക്കൂറിൽ പരമാവധി 220 കിലോമീറ്റർ വേഗം കൈവരിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.