ADVERTISEMENT

തിരുവനന്തപുരം∙ രണ്ടുവർഷമായി അബ്കാരി നയത്തിൽ ഉൾപ്പെടുത്തിയെങ്കിലും ഐടി, വ്യവസായ പാർക്കുകളിലേക്കു തൽക്കാലം മദ്യമില്ല. ഐടി പാർക്കുകളിൽ മദ്യ വിതരണ ലൈസൻസ് അനുവദിക്കുന്നതിനുള്ള പ്രത്യേക ചട്ടം രൂപീകരണം ഒരു വർഷമായി വഴിമുട്ടിയെങ്കിൽ, വ്യവസായ പാർക്കുകളിലെ ലൈസൻസ് സംബന്ധിച്ച് എക്സൈസ് – വ്യവസായ വകുപ്പുകൾ തമ്മിൽ പ്രാഥമിക ചർച്ച പോലും തുടങ്ങിയിട്ടില്ല.

എം.വി.ഗോവിന്ദൻ എക്സൈസ് മന്ത്രിയായിരിക്കെ 2022ലെ അബ്കാരി നയത്തിലാണ് ഐടി പാർക്കുകളിൽ മദ്യ വിതരണ ലൈസൻസ് നൽകുമെന്നു പ്രഖ്യാപിച്ചത്. ഐടി വകുപ്പിന്റേതായിരുന്നു ആവശ്യം. പ്രത്യേക ചട്ടം വേണ്ടതിനാൽ ഇതിനുള്ള നടപടികൾ എക്സൈസ് വകുപ്പ് തുടങ്ങിവച്ചു. പഞ്ചനക്ഷത്ര ബാർ നടത്തി പരിചയമുള്ളയാളെ ഏൽപിക്കണം എന്നതായിരുന്നു ഐടി വകുപ്പിന്റെ താൽപര്യം. എന്നാൽ ഇതു തർക്കത്തിനു കാരണമായി. ചില ബാറുടമകളുടെ എതിർപ്പും നേരിട്ടു. ഒടുവിൽ, പാർക്കിലെ ഡവലപ്പർക്കോ, കോ –ഡവലപ്പർക്കോ ലൈസൻസ് നൽകുമെന്നും ഇവർക്ക് ആരെ വേണമെങ്കിലും ഏൽപിക്കാമെന്നുമാണ് എക്സൈസ് വകുപ്പ് ചട്ടത്തിന്റെ കരടുണ്ടാക്കിയത്. 

ഐടി പാർക്കിലെ മദ്യശാലയ്ക്കു ബാറിന്റെയോ ക്ലബ്ബിന്റെയോ സ്വഭാവമില്ലാത്തതിനാൽ, എഫ്എൽ 4 സി എന്ന പുതിയ തരം ലൈസൻസ് നൽകാനാണു തീരുമാനിച്ചത്. 20 ലക്ഷം രൂപ ഫീസും നിശ്ചയിച്ചു. എക്സൈസ്, നിയമ വകുപ്പുകൾ കരട് അംഗീകരിച്ചെങ്കിലും നികുതി വകുപ്പിലെത്തിയശേഷം ഫയൽ മുന്നോട്ടുപോയില്ല. തീരുമാനമെടുക്കുന്നതിലെ ഭരണപരമായ കാലതാമസം എന്നല്ലാതെ കൃത്യമായ വിശദീകരണം സർക്കാർ നൽകുന്നില്ല. 

സമാനമായ രീതിയിൽ വ്യവസായ പാർക്കുകളിൽ മദ്യം വിളമ്പുന്നതിനു ലൈസൻസ് അനുവദിക്കുമെന്നു  പ്രഖ്യാപിച്ചത് പുതിയ അബ്കാരി നയത്തിലായിരുന്നു. വ്യവസായ വകുപ്പുമായി ആലോചിച്ചു ചട്ടം രൂപീകരിക്കുമെന്നും നയത്തിൽ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇതുവരെ അങ്ങനെയൊരു ആലോചന നടന്നിട്ടില്ല. ചട്ടം രൂപീകരിക്കാനുള്ള നടപടി എക്സൈസ് വകുപ്പ് ആരംഭിച്ചിട്ടുമില്ല. കിൻഫ്രയുടെയും കെഎസ്ഐഡിസിയുടെയുമെല്ലാം നിലവിലുള്ള പാർക്കുകളിൽ വ്യവസായ യൂണിറ്റുകൾക്കു തന്നെ സ്ഥലം ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഈ സാഹചര്യത്തിൽ അവർ മുൻകയ്യെടുക്കുന്നുമില്ല.

English Summary:

No alcohol in the IT parks for now

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com