പട്ടികവിഭാഗങ്ങൾക്ക് ‘ന്യായ്’ ഇല്ല: കർണാടകയിൽ സ്ത്രീയെ നഗ്നയാക്കി മർദിച്ചതിൽ കോൺഗ്രസിനെതിരെ നിർമല

Mail This Article
ന്യൂഡൽഹി∙ കർണാടകയിൽ സ്ത്രീയെ നഗ്നയാക്കി മർദിച്ചതിൽ കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് കോൺഗ്രസിന്റെ ‘ന്യായ്’ പദ്ധതിയില്ലെന്ന് അവർ പറഞ്ഞു.
കോൺഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനിലും ഛത്തീസ്ഗഡിലും അടുത്ത കാലം വരെ ഉണ്ടായിരുന്ന അതിക്രമങ്ങളാണ് കർണാടകയിലെ ബെളഗാവിയിൽ ആവർത്തിക്കപ്പെടുന്നത്. അധഃസ്ഥിതർ കോൺഗ്രസിന് വെറും വോട്ടുബാങ്ക് മാത്രമാണെന്നും അവർ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയുടെ നിരീക്ഷണവും അവർ പങ്കുവച്ചിട്ടുണ്ട്. കർണാടകയിൽ നിന്നുള്ള രാജ്യസഭാ എംപിയാണ് നിർമല സീതാരാമൻ.
മകൻ യുവതിക്കൊപ്പം ഒളിച്ചോടിയതിന് 41 വയസ്സുകാരിയായ സ്ത്രീയെ ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട് രണ്ട് മണിക്കൂർ മർദിച്ചു. നഗ്നയാക്കി നടത്തിക്കുകയും ചെയ്തു. ഇത് അസാധാരണമായ സംഭവമാണെന്നും അതിനാൽ അസാധാരണമായ രീതിയിൽ കൈകാര്യം ചെയ്യേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ബെളഗാവി പൊലീസ് കമ്മിഷണറോടും അസിസ്റ്റന്റ് കമ്മിഷണറോടും നേരിട്ട് ഹാജരാകാനും കോടതി നിർദേശം നൽകിയിരുന്നു.