ADVERTISEMENT

തിരുവനന്തപുരം ∙ 15 പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത് സംസ്ഥാനത്ത് ആദ്യമെന്ന് നിയമവിദഗ്ധർ. ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കാണ് മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. കൊലപാതകം ആസൂത്രിതമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. വധിക്കേണ്ട രാഷ്ട്രീയ ശത്രുക്കളുടെ പട്ടിക പ്രതികൾ തയാറാക്കിയിരുന്നു. തീയതികളും നിശ്ചയിച്ചു. 2021 ഡിസംബർ 19 ന് പുലർച്ചെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

Read Also: രൺജീത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ; പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് കോടതി

 

ഇത്രയധികം പ്രതികൾക്കു വധശിക്ഷ ലഭിക്കുന്നത് രാജ്യത്ത് ആദ്യമല്ല. 2016 ൽ ബിഹാറിൽ ദലിതരെ കൂട്ടക്കൊല ചെയ്തതിന് 16 പേർക്കും രാജീവ് ഗാന്ധി വധക്കേസിൽ 28 പേർക്കും 2000 ലെ അഹമ്മദാബാദ് സ്ഫോടനക്കേസിൽ 38 പ്രതികൾക്കും കോടതി വധശിക്ഷ വിധിച്ചിരുന്നു. വധശിക്ഷ വിധിച്ചാലും മിക്ക കേസുകളിലും അപ്പീലുകളിലൂടെ ശിക്ഷ ജീവപര്യന്തമായി കുറയും.

ആലപ്പുഴ ജില്ലയിൽ നടന്ന മൂന്നു രാഷ്ട്രീയ കൊലപാതങ്ങളിൽ അവസാനത്തേതായിരുന്നു രൺജീത് വധം. സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലാണ് പ്രോസിക്യൂഷനുവേണ്ടി ഹാജരായത്. വധശിക്ഷയ്ക്കെതിരെ പ്രതികൾക്ക് സുപ്രീം കോടതി വരെ അപ്പീൽ നൽകാനുള്ള അവസരമുണ്ട്.

കേരളത്തിലെ ജയിലുകളിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുന്നത് 21 പേരാണ്. വിധിക്കെതിരെ അവരെല്ലാം അപ്പീൽ നൽകിയിട്ടുണ്ട്. ആലുവയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ് (28) ഇതിനു മുൻപ് വധശിക്ഷ ലഭിച്ചത്.

Read Also: ‘വായ്ക്കരി പോലും ഇടാൻ പറ്റാത്ത രീതിയിലാണ് അവർ കാണിച്ചു വച്ചത്; അതുകണ്ടത് ഞാനും അമ്മയും എന്റെ മക്കളുമാണ്’

 

വധശിക്ഷ കാത്തു കഴിയുന്നവർ
∙ കണ്ണൂർ സെന്‍ട്രൽ ജയിൽ–4
∙ വിയ്യൂർ സെൻട്രൽ ജയിൽ–5
∙ വിയ്യൂരിലെ അതീവ സുരക്ഷാ ജയിൽ–3
∙ തിരുവനന്തപുരം സെൻട്രൽ ജയിൽ–9

വധശിക്ഷ വിധിക്കാറുണ്ടെങ്കിലും നടപ്പിലാക്കുന്നത് കുറഞ്ഞതിനാൽ സംസ്ഥാനത്ത് ആരാച്ചാരില്ല. കണ്ണൂരിലും തിരുവനന്തപുരത്തുമാണ് വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങളുള്ളത്. കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രനെയാണ് അവസാനമായി തൂക്കിലേറ്റിയത്; 1991 ൽ. തിരുവനന്തപുരം സെൻട്രൽ ജയിലിൽ കളിയാക്കാവിള സ്വദേശി അഴകേശനെയാണ് അവസാനമായി തൂക്കിലേറ്റിയത്; 1974 ൽ. പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവർ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിലുണ്ട്.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലുകളിൽ കഴിയുന്നവരുടെ അപ്പീൽ ലഭിച്ചാൽ സുപ്രീം കോടതി നിർദേശത്തിന്റ അടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. ഇതിനായി വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസിയെ നിയോഗിച്ചിട്ടുണ്ട്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില മെഡിക്കൽ കോളജിലെ വിദഗ്ധ സംഘം പരിശോധിക്കും.

ജയിലിലെ പെരുമാറ്റം, കുടുംബ–സാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ, തൊഴിൽ സാധ്യത തുടങ്ങിയ കാര്യങ്ങളടക്കം പരിശോധിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി തീരുമാനമെടുക്കുന്നത്. ഹൈക്കോടതി വിധി എതിരായാൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. സുപ്രീം കോടതിയും തള്ളിയാൽ രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിക്കാം. വധശിക്ഷ പരമാവധി ഒഴിവാക്കുന്ന രീതിയാണ് കോടതികൾ സ്വീകരിക്കുന്നത്. ആലുവയിൽ ഒരു കുടുംബത്തിലെ ആറുപേരെ കൂട്ടക്കൊല ചെയ്ത ആന്റണിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചിരുന്നു.

English Summary:

Ranjeet Sreenivasan Murder Case Verdict: Data of Capital Punishments in Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com