ADVERTISEMENT

തിരുവനന്തപുരം∙ കേരളത്തിൽനിന്നുള്ള മദ്യക്കയറ്റുമതിക്ക് നിയമങ്ങളിൽ സമഗ്രമായ അഴിച്ചുപണി വരുന്നു. കേരള വ്യവസായ വികസന കോർപറേഷൻ (കെഎസ്ഐഡിസി) എംഡിയുടെ നേതൃത്വത്തിലുള്ള വിദഗ്ധസമിതി ഇതു സംബന്ധിച്ച റിപ്പോർട്ട് സർക്കാരിനു കൈമാറി. കേരളത്തിൽനിന്നുള്ളവർ കേരളത്തനിമയുള്ള പേരുകളിൽ വിദേശത്ത് മദ്യം ഉൽപാദിപ്പിക്കുന്നുണ്ടെങ്കിലും കേരളത്തിൽനിന്ന് കയറ്റുമതി ചെയ്യുന്ന ബ്രാൻഡുകൾ ഇല്ല. കേരളത്തിൽ നിർമിക്കുന്ന മദ്യത്തിനു വിദേശത്തെ സാധ്യതകൾ മുതലെടുക്കാനാണ് പഠനം നടത്തിയത്.

Read also: ‘തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും’; ഡൽഹിയിലെ പ്രതിഷേധത്തിൽ പങ്കെടുക്കുമെന്ന് എം.കെ.സ്റ്റാലിൻ

നിയമത്തിൽ ഇളവുകളും പരിഷ്ക്കാരങ്ങളും വരുന്നതോടെ കൂടുതൽ മദ്യ ബ്രാൻഡുകൾ കേരളത്തിൽ ഉണ്ടാകുമെന്നാണ് സർക്കാർ പ്രതീക്ഷ. റിപ്പോർട്ടിന്റെ പകർപ്പ് ‘മനോരമ ഓൺലൈന്’ ലഭിച്ചു. റിപ്പോർട്ടിലെ 9 നിർദേശങ്ങളും മദ്യക്കയറ്റുമതിക്ക് മാത്രമായുള്ളതാണ്.

ശുപാർശകൾ:

∙ വിദേശ മദ്യം കയറ്റുമതി ചെയ്യാൻ ഇനി മുതൽ എൻഒസി നൽകേണ്ട. എക്സ്പോർട്ട് പെർമിറ്റ് കൊടുക്കുമ്പോൾ എക്സൈസ് എല്ലാ കാര്യങ്ങളും പരിശോധിക്കുന്നതിനാൽ അനുമതിപത്രം അനാവശ്യം.

∙ കേരളത്തിലെ ഡിസ്റ്റലറിയുമായി സഹകരിച്ച് പുറത്തുള്ള സംസ്ഥാനത്തെ ഒരാൾക്ക് മദ്യം ഉൽപ്പാദിപ്പിക്കണമെങ്കിൽ ഡിസ്റ്റലറി ലൈസൻസ് ഉണ്ടായിരിക്കണം എന്നാണ് ഡിസ്റ്റലറി റൂൾ. ഈ നിബന്ധന ഒഴിവാക്കും. ഇതോടെ, കേരളത്തിലെ ഡിസ്റ്റലറികളുമായി സഹകരിച്ച് മദ്യം ഉൽപ്പാദിപ്പിക്കാൻ താൽപര്യമുള്ള ആർക്കും ധാരണാപത്രത്തിൽ ഏർപ്പെടാൻ കഴിയും. പുതിയ ബ്രാൻഡുകൾ വരുന്നതോടെ സംസ്ഥാനത്തിന്റെ വരുമാനം കൂടും. 17 ഡിസ്റ്റലറികളാണ് സംസ്ഥാനത്തുള്ളത്. ശേഷിയുടെ 55% മാത്രമാണ് ഉപയോഗിക്കുന്നത്.

∙ രാജ്യാന്തര റോഡ് ഷോ, ട്രേഡ് ഷോ എന്നിവയ്ക്ക് പെർമിറ്റ് എടുത്തു വിദേശത്തേക്ക് കൊണ്ടുപോകാൻ കഴിയുന്ന മദ്യത്തിന്റെ അളവ് പ്രതിമാസം 10 ലീറ്ററാണ്. ഇത് 20 ലീറ്ററായി ഉയർത്തണം.

∙ ലേബൽ അപ്രൂവൽ റൂൾസിൽ ഭേദഗതി വരുത്തണം. കുപ്പിയിലെ ലേബലിലെ ഒരു അക്ഷരംപോലും മാറ്റം വരുത്തണമെങ്കിൽ ഇപ്പോൾ എക്സൈസിന്റെ അനുമതി വേണം. ഫീസും അടയ്ക്കണം. ലേബൽ എങ്ങനെ വേണമെന്ന് എക്സൈസിന് തീരുമാനിക്കാം. ഇനി മുതൽ ലേബലിന്റെ കാര്യം ഉൽപാദകന് തീരുമാനിക്കാം. രാജ്യവിരുദ്ധ പരാമർശങ്ങളോ, മോശം പരാമർശങ്ങളോ ഉണ്ടോയെന്ന് മാത്രം എക്സൈസിനു പരിശോധിക്കാം.

∙ മദ്യത്തിന്റെ എക്സ്പോർട്ട് ലേബൽ അപ്രൂവൽ ഫീസ്, ബ്രാൻഡ് റജിസ്ട്രേഷൻ ഫീസ്, എക്സ്പോർട്ട് പാസ് ഫീസ് എന്നിവ ഒഴിവാക്കണം. ഈ മൂന്നിനത്തിലും സർക്കാരിനു കാര്യമായ വരുമാനമില്ല. എക്സ്പോർട്ട് ലേബൽ അപ്രൂവൽ ഫീ ആയി കഴിഞ്ഞ വർഷം ലഭിച്ചത് 6.45 ലക്ഷം മാത്രം. ഇതു ഒഴിവാക്കുമ്പോൾ കൂടുതൽ കമ്പനികൾ മദ്യക്കയറ്റുമതിക്കായി വരുമെന്ന് പ്രതീക്ഷ. വരുമാനം കൂടും.

∙ കേരളത്തിനകത്ത് എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോളും (ഇഎൻഎ) മദ്യവും കൊണ്ടുപോകുമ്പോൾ 2 എക്സൈസ് ഗാഡുകൾ അകമ്പടി പോകുന്ന പതിവുണ്ട്. ഇത് അവസാനിപ്പിക്കും. മദ്യക്കമ്പനികൾ ഗാർഡിന്റെ ചെലവ് വഹിക്കേണ്ടിവരുന്നു. പകരം, വാഹനങ്ങളിൽ ജിപിഎസ് സംവിധാനം ഏർപ്പെടുത്തും.

∙ എക്സ്ട്രാ ന്യൂട്രൽ അൽക്കഹോൾ പരിശോധനയ്ക്ക് ഇപ്പോൾ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലാബുകളുള്ളത്. മദ്യത്തിന്റെ ഓരോ ബാച്ചും പരിശോധിക്കേണ്ടതിനാൽ കാലതാമസം ഉണ്ടാകുന്നു. കൂടുതൽ ടെസ്റ്റിങ് സെന്ററുകൾ പാലക്കാടും, തൃശൂരും, കോട്ടയത്തും ആരംഭിക്കും.

∙ മദ്യത്തിന് ഗുണം കിട്ടാൻ തടി വീപ്പകളിലാണ് സൂക്ഷിക്കുന്നത്. സ്പിരിറ്റ് നഷ്ടപ്പെടാൻ സാധ്യത കുടൂതലാണ്. ഇങ്ങനെ സ്പിരിറ്റ് നഷ്ടപ്പെടുമ്പോൾ കമ്പനികളിൽനിന്ന് വേസ്റ്റേജ് അലവൻസ് ഈടാക്കുന്നുണ്ട്. ഇക്കാര്യത്തെക്കുറിച്ച് പഠിക്കാൻ വിദഗ്ധസമിതിയെ നിയമിക്കണം.

∙ എക്സൈസിന്റെ എല്ലാ സേവനങ്ങളും ഏകജാലക സംവിധാനത്തിലൂടെ നൽകണം.

English Summary:

Report of KSIDC expert committee appointed by Kerala govt. to examine issues faced by exporting units of IMFL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com