മദ്യനയ അഴിമതി കേസ്: കേജ്‌രിവാളിന് ആറാമതും ഇ.ഡി സമൻസ്, തിങ്കളാഴ്ച ഹാജരാകണം
Mail This Article
ന്യൂഡൽഹി∙ മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് എൻഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ്ടും സമൻസ് അയച്ചതായി റിപ്പോർട്ട്. ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച വൈകിട്ടോടെയാണ് സമൻസ് അയച്ചത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ടതായാണ് വിവരം.
മദ്യനയ ക്രമക്കേട് കേസിൽ ചോദ്യം ചെയ്യലിനു ഹാജരാകാത്ത നടപടിക്കെതിരെ ഇ.ഡി നൽകിയ ഹർജിയില്‍ കോടതി അരവിന്ദ് കേജ്‌രിവാളിനു സമൻസ് അയച്ചിരുന്നു. കേജ്‌രിവാൾ 17നു ഹാജരാകണമെന്നാണു അഡീഷനൽ ചീഫ് മെട്രോപ്പൊലിറ്റൻ മജിസ്ട്രേട്ട് ദിവ്യ മൽഹോത്രയുടെ നിർദേശം. ചോദ്യം ചെയ്യാൻ 5 തവണ നോട്ടിസ് നൽകിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലായിരുന്നു ഇ.ഡി കോടതിയെ സമീപിച്ചത്.
ഡൽഹി ജലബോർഡിലെ ടെൻഡർ നടപടികളിൽ ക്രമക്കേട് ആരോപിച്ച് കേജ്‍രിവാളിന്റെ പഴ്സനൽ അസിസ്റ്റന്‍റ് ഉൾപ്പടെയുള്ളവരുടെ ഓഫിസുകളിലും വീടുകളിലും ഇ.ഡി പരിശോധന നടത്തി. മുഖ്യമന്ത്രിയുടെ പഴ്സനൽ അസിസ്റ്റന്റ് വൈഭവ് കുമാർ, ജല ബോർഡ് മുൻ അംഗം ശലഭ് കുമാർ, എഎപിയുടെ രാജ്യസഭാംഗം എൻ.ഡി.ഗുപ്ത, ചാർട്ടേഡ് അക്കൗണ്ടന്റ് പങ്കജ് മംഗൽ എന്നിവരുടെയും എഎപിയുമായി ബന്ധമുള്ള മറ്റ് ചിലരുടെയും ഉടമസ്ഥതയിലുള്ള 12 സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. ടെൻഡറുകളിൽ ക്രമക്കേട് നടത്തി ലഭിച്ച തുക എഎപിയുടെ ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് കേസ്.