ADVERTISEMENT

ന്യൂഡൽഹി∙ ലഷ്‌കറെ തയിബ ഭീകരനായ മലയാളി തടിയന്റവിട നസീറിനൊപ്പം ചേർന്ന് രാജ്യത്ത് ചാവേർ ആക്രമണം നടത്താൻ പദ്ധതിയിട്ട കേസിൽ കൂടുതൽ പ്രതികളെ കണ്ടെത്താൻ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) ഏഴു സംസ്ഥാനങ്ങളിൽ പരിശോധന നടത്തുന്നു. കേരളവും കർണാടകയും തമിഴ്നാടും ഉൾപ്പെടെ ഏഴു സംസ്ഥാനങ്ങളിലെ 39 പ്രദേശങ്ങളിലായാണ് റെയ്ഡ് നടക്കുന്നത്. കേരളത്തിൽ കാസർ‌കോട് ബേഡകം,മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധികളിലാണ് പരിശോധന നടക്കുന്നത്. രണ്ടു വീടുകളിലാണ് പരിശോധന. ബേഡകം സ്വദേശിയായ ട്രാവൽ ഏജൻസി നടത്തുന്ന ജോൺസൻ എൻഐഎ കസ്റ്റഡിയിലായെന്നും വിവരമുണ്ട്. പുലർച്ചെ മുതൽ തുടങ്ങിയ പരിശോധനയാണ് ഇപ്പോഴും പുരോഗമിക്കുന്നത്. പരിശോധന നടക്കുന്ന 17 പ്രദേശങ്ങളും കർണാടകയിലാണ്. ചെന്നൈയിലും രാമനാഥപുരത്തും ബെംഗളൂരുവിലും പരിശോധന നടക്കുന്നുണ്ട്. ഒക്ടോബറിൽ റജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്. ബെംഗളൂരുവിലെ കഫേയിലുണ്ടായ സ്ഫോടനത്തിൽ കഴിഞ്ഞദിവസം എൻഐഎ അന്വേഷണം ഏറ്റെടുത്തിരുന്നു. 

 

 

എൻഐഎ കഴിഞ്ഞവർഷം നടത്തിയ റെയ്ഡിൽ ഏഴു പേരുടെ കൈയിൽ നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും ഹാൻഡ് ഗ്രനേഡുകളും വോക്കി-ടോക്കികളും പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ ബെംഗളൂരു സിറ്റി പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. പ്രതികളിലൊരാളുടെ വീട്ടിൽ ഏഴുപേരും കൂടിയിരിക്കെയാണ് റെയ്ഡ് നടന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ 2013 മുതൽ ബെംഗളൂരു സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തടിയന്റവിട നസീർ മറ്റ് പ്രതികളുമായി ബന്ധം പുലർത്തിയിരുന്നതായി കണ്ടെത്തുകയായിരുന്നു.

കേസില്‍ ഒളിവിലുള്ള ജുനൈദ് അഹമ്മദ് എന്ന ജെഡി, സല്‍മാന്‍ ഖാന്‍ എന്നിവര്‍ വിദേശത്തേക്ക് കടന്നുവെന്നാണ് കരുതുന്നത്. സയിദ് സുഹൈല്‍ ഖാന്‍, മുഹമ്മദ് ഉമര്‍, സഹിദ് തബ്രേസ്, സയ്യിദ് മുദസില്‍ പാഷ, മുഹമ്മദ് ഫൈസല്‍ റബ്ബാനി എന്നിവരാണ് കേസിലെ മറ്റു പ്രതികൾ. 2017 ല്‍ എല്ലാ പ്രതികളും ബെംഗളൂരു ജയിലില്‍ തടവിലായിരുന്ന വേളയിലാണ് പ്രതികള്‍ ആക്രമണത്തിനുള്ള പദ്ധതികള്‍ തയാറാക്കിയത്.

English Summary:

Anti terrorist raids in 7 states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com