ആന്ധ്ര പിടിക്കാൻ ടിഡിപിയും ബിജെപിയും സഖ്യത്തിന്; ഡൽഹിയിൽ തിരക്കിട്ട ചർച്ചകൾ, വൈകാതെ പ്രഖ്യാപനം
Mail This Article
ന്യൂഡൽഹി∙ ആന്ധ്രാപ്രദേശിൽ വരാനിരിക്കുന്ന ലോക്‌സഭാ–നിയമസഭാ തിരഞ്ഞെടുപ്പുകളിൽ തെലുങ്കുദേശം പാർട്ടിയും (ടിഡിപി) ബിജെപിയും തമ്മിൽ സഖ്യത്തിൽ ഏർപ്പെടുമെന്നു സൂചന. ഇരുപാർട്ടികളും തമ്മിലുള്ള സഖ്യസാധ്യതയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വീണ്ടും സജീവമാക്കി ടിഡിപി അധ്യക്ഷൻ എൻ.ചന്ദ്രബാബു നായിഡു കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായും ബിജെപി അധ്യക്ഷൻ ജെ.പി.നഡ്ഡയുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി. മാസങ്ങൾക്കിടെ നായിഡുവും ഷായും തമ്മിലുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ടിഡിപിയും ബിജെപിയും തമ്മിലുള്ള ചർച്ച ഇന്നും ഡൽഹിയിൽ നടക്കും. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം അടുത്ത ഒന്നോ രണ്ടോ ദിവസത്തിനകം ഉണ്ടാകുമെന്നാണു വിവരം. ഇക്കഴിഞ്ഞ ഒക്ടോബറിൽ എൻഡിഎ വിട്ട‌് ടിഡിപിക്കൊപ്പം കൂടിയ ജനസേന പാർട്ടി നേതാവും നടനുമായ പവൻ കല്യാണും നായിഡുവിനൊപ്പം ഡൽഹിയിലുണ്ട്.
Read also: വനിതാ ദിനത്തിൽ പാചകവാതക വില കുറച്ചു; ജനങ്ങളുടെ ഭാരം കുറയ്ക്കാനെന്ന് പ്രധാനമന്ത്രി
2018ൽ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായിരുന്ന നായിഡു സംസ്ഥാനത്തിനുള്ള സാമ്പത്തിക പിന്തുണയുമായി ബന്ധപ്പെട്ട തർക്കങ്ങൾ കാരണമാണ് എൻഡിഎ വിട്ടത്. സീറ്റു വിഭജനത്തിലെ സങ്കീർണതകൾ ഒഴിവാക്കാനാണു നായിഡുവും പവൻ കല്യാണും ഡൽഹിയിൽ തന്നെ ക്യാംപ് ചെയ്യുന്നതെന്നാണു രാഷ്ട്രീയ വൃത്തങ്ങൾ പറയുന്നത്. ഓരോ പാർട്ടിയും മത്സരിക്കുന്ന സീറ്റുകളുടെ എണ്ണത്തെ സംബന്ധിച്ച ഭിന്നതകൾ പരിഹരിക്കുന്നതിനെ ആശ്രയിച്ചായിരിക്കും സഖ്യം സംബന്ധിച്ച അന്തിമ പ്രഖ്യാപനം നടക്കുക.
ആന്ധ്രാ പ്രദേശിൽ 25 ലോക്‌സഭാ സീറ്റുകളും 175 നിയമസഭാ സീറ്റുകളുമാണുള്ളത്. എട്ടു മുതൽ പത്തു വരെ ലോക്‌സഭാ മണ്ഡലങ്ങളിൽ മത്സരിക്കാൻ ബിജെപി ആഗ്രഹിക്കുന്നു. സഖ്യം യാഥാർഥ്യമായാൽ അഞ്ചു മുതൽ ആറു വരെ സീറ്റുകളിലേക്ക് ഒതുങ്ങാനും ബിജെപി തയാറാണ്. പവൻ കല്യാണിന്റെ നേതൃത്വത്തിലുള്ള ജനസേന പാർട്ടി മൂന്നു സീറ്റുകളിലാകും മത്സരിക്കുക. ബാക്കി സീറ്റുകളിൽ ടിഡിപി മത്സരിക്കും. നേരത്തെ ടിഡിപിയുമായുള്ള ധാരണ പ്രകാരം നിയമസഭാ തിരഞ്ഞെടുപ്പിൽ 24 സീറ്റാണ് ജനശക്തി പാർട്ടിക്കു വാഗ്ദാനം ചെയ്തിരിക്കുന്നത്.
വിശാഖപട്ടണം, വിജയവാഡ, അരക്കു, രാജംപേട്ട്, രാജമുണ്ട്രി, തിരുപ്പതി എന്നിങ്ങനെയുള്ള പ്രധാന മണ്ഡലങ്ങളിലാണ് ബിജെപി മത്സരിക്കാൻ ആഗ്രഹിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം ലക്ഷ്യമിട്ടാണ് എൻഡിഎ വിപുലീകരിക്കാനുള്ള ശ്രമം ബിജെപി നടത്തുന്നത്. സ്വന്തമായി 370 സീറ്റുകളും സഖ്യകക്ഷികളുമായി 400 സീറ്റുകളും നേടുകയെന്ന ലക്ഷ്യത്തോടെയാണു നീക്കം. തങ്ങളുടെ അജണ്ടയുമായി യോജിച്ചു നിൽക്കുന്ന പ്രാദേശിക പാർട്ടികളുമായുള്ള പങ്കാളിത്തം വിജയത്തിനു നിർണായകമായി ബിജെപി കാണുന്നു. ആന്ധ്രാ പ്രദേശിനു പുറമെ ഒഡീഷയിലും നവീൻ പട്‌നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളുമായി (ബിജെഡി) ബിജെപി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കുമെന്നാണ് വിവരം.