കോഴിക്കോട്ട് കാർ വർക്ക് ഷോപ്പിൽ വൻ അഗ്‍നിബാധ; നാട്ടുകാരും അഗ്നിരക്ഷാ സേനയും ചേർന്ന് തീയണച്ചു

Mail This Article
കോഴിക്കോട്∙ വെള്ളയിൽ ഗാന്ധി റോഡിലെ കാർ വർക്ക് ഷോപ്പിൽ വൻ അഗ്‍നിബാധ. ഞായറാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കില്ല.
വർക്ക് ഷോപ്പിലെ പെയിന്റിങ് ബൂത്തിലാണ് ആദ്യം തീ പടർന്നത്. വർക്ക് ഷോപ്പിൽ നിന്ന് പുക ഉയരുന്നത് കണ്ട് നാട്ടുകാരും സ്ഥലത്തെത്തി. അപ്പോഴേക്കും സമീപത്തെ കെട്ടിടത്തിലേക്കും തെങ്ങിലേക്കും തീ പടർന്നിരുന്നു. തുടർന്ന് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു.
നിരവധി കാറുകൾ വർക്ക് ഷോപ്പിൽ നിർത്തിയിട്ടിരുന്നു. അത് നാട്ടുകാർ ചേർന്ന് തള്ളിമാറ്റി. നാട്ടുകാരുടെ സമയോചിതമായ ഇടപെടൽ മൂലം വൻദുരന്തമാണ് ഒഴിവായത്. കഴിഞ്ഞ ആഴ്ചയും സമീപ പ്രദേശത്ത് തീപിടുത്തമുണ്ടായിരുന്നു.