മൊബൈലിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ: അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം

Mail This Article
മുംബൈ∙ കോർപറേഷനു (ബിഎംസി) കീഴിലുള്ള ആശുപത്രിയിൽ മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിൽ പ്രസവ ശസ്ത്രക്രിയ നടത്തിയതിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ കോർപറേഷൻ അന്വേഷണം പ്രഖ്യാപിച്ചു. ഭാണ്ഡൂപിലെ ആശുപത്രിയിൽ യുവതിയും (26) കുഞ്ഞും മരിച്ചതിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണു നടപടി. ബിഎംസിയുടെ കീഴിലുള്ള ഭാണ്ഡൂപിലെ സുഷമ സ്വരാജ് മെറ്റേണിറ്റി ഹോമിൽ തിങ്കളാഴ്ചയാണു സംഭവം.
26 വയസ്സുകാരിയായ സഹിദുന്നിസയെ പ്രസവ ശസ്ത്രക്രിയയ്ക്കായി ലേബർ റൂമിൽ പ്രവേശിപ്പിച്ചപ്പോൾ വൈദ്യുതി മുടങ്ങി. ആശുപത്രിയിലെ ജനറേറ്ററും പ്രവർത്തിച്ചില്ല. പിന്നീട് മൊബൈൽ ടോർച്ചിന്റെ വെളിച്ചത്തിലാണു ശസ്ത്രക്രിയ നടത്തിയെന്നതാണു പരാതി. പ്രസവത്തിനു പിന്നാലെ അമ്മയും കുഞ്ഞും മരിച്ചു.
മൂന്ന് മണിക്കൂറോളം വൈദ്യുതി തടസ്സപ്പെട്ടിട്ടും മറ്റൊരു ആശുപത്രിയിലേക്കു മാറ്റാൻ ഡോക്ടർമാർ അനുവദിച്ചില്ലെന്നു ബന്ധുക്കൾ പരാതിപ്പെട്ടു. 9 മാസവും ആരോഗ്യപ്രശ്നങ്ങൾ ഇല്ലായിരുന്നെന്നും ഇവർ പറയുന്നു. പ്രതിഷേധം ശക്തമായതോടെ പൊലീസ് കേസെടുത്തിരുന്നു. പിന്നാലെയാണ് ബിഎംസി അന്വേഷണത്തിന് 10 അംഗ ഉന്നതതല സമിതിയെ നിയോഗിച്ചത്.