ADVERTISEMENT

ഹൈദരാബാദ് ∙ അശാസ്ത്രീയ ചികിത്സാ സംവിധാനത്തെ പ്രോത്സാഹിപ്പിച്ചതിന്റെ പേരിൽ തെന്നിന്ത്യൻ താരം സമാന്തയെ വിമർശിച്ച ഭാഷ കടുത്തുപോയെങ്കില്‍ ക്ഷമിക്കണമെന്നു ഡോ. സിറിയക് എബി ഫിലിപ്സ്. സമാന്തയുടെ പോസ്റ്റിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിനാണു ‍ഡോക്ടർ മാപ്പു പറഞ്ഞത്. അണുബാധകളെ ചികിത്സിക്കാൻ ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് നെബുലൈസ് ചെയ്താൽ മതിയെന്ന നടിയുടെ വാദത്തെ ഇദ്ദേഹം എതിർത്തിരുന്നു.

ഡോക്ടറുടെ വാക്കുകൾ മുറിപ്പെടുത്തുന്നതാണെന്നും കടുത്തുപോയെന്നും താരം പ്രതികരിച്ചു. സമാന്തയെ അനുകൂലിച്ചു കുറച്ചുപേർ രംഗത്തെത്തി. ഇതിനു പിന്നാലെയാണ് അശാസ്ത്രീയ ചികിത്സാ രീതികളെ തള്ളിക്കളയാന്‍ ആഹ്വാനം ചെയ്തും കടുത്ത ഭാഷയിൽ പ്രതികരിച്ചതിനു സമാന്തയോട് ക്ഷമ ചോദിച്ചും ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന സിറിയക് എക്സിൽ പോസ്റ്റിട്ടത്.  

‘‘ഒരു മാന്യൻ എന്റെ പോസ്റ്റിനെയും ഉദ്ദേശ്യങ്ങളെയും ശക്തമായ വാക്കുകളാൽ ആക്രമിച്ചു. അദ്ദേഹം ഒരു ഡോക്ടറാണ്, എന്നേക്കാളും കാര്യങ്ങളറിയാം എന്നതിൽ സംശയമില്ല. ‍അദ്ദേഹത്തിന്റെ ഉദ്ദേശ്യങ്ങൾ മാന്യമായിരുന്നുവെന്ന് എനിക്ക് ഉറപ്പുണ്ട്. വാക്കുകളിൽ ഇത്ര പ്രകോപനപരമാവേണ്ടിയിരുന്നില്ല. അദ്ദേഹത്തിന് അൽപം ദയയും അനുകമ്പയും കാണിക്കാമായിരുന്നു’’ – എന്നായിരുന്നു സമാന്തയുടെ പ്രതികരണം.

സമാന്ത പങ്കുവച്ച ചികിത്സാ അനുഭവം ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു. അശാസ്ത്രീയവും അപകടകരവുമായ രീതിയെയാണ് സമാന്ത പ്രോത്സാഹിപ്പിക്കുന്നതെന്നായിരുന്നു ഡോ. സിറിയക് എബി ഫിലിപ്സിന്റെ നിരീക്ഷണം. കുറച്ചു വർഷങ്ങൾക്ക് മുൻപാണ് സമാന്തയ്ക്ക് മയോസൈറ്റിസ് രോഗമാണെന്നു കണ്ടെത്തിയത്. അതിനുശേഷം തന്റെ പോസ്റ്റുകളിലൂടെ രോഗത്തെ കുറിച്ചും ചികിത്സകളെ കുറിച്ചും ബോധവത്കരണം നടത്താൻ താരം ശ്രമിക്കാറുണ്ട്. ശരീരത്തിലെ പേശികളെ ദുര്‍ബലപ്പെടുത്തുന്ന മയോസൈറ്റിസ് (Myositis) ഓട്ടോ ഇമ്മ്യൂണ്‍ രോഗമാണ്.

English Summary:

"Was Unintentional": Doctor Apologises To Samantha Ruth Prabhu Amid Alternative Medicine Row

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com