ADVERTISEMENT

തിരുവനന്തപുരം∙ സംസ്ഥാനത്ത് എലിപ്പനി മരണം വര്‍ധിക്കുന്നു. ഈ വര്‍ഷം ഇതുവരെ 121 പേരാണ് എലിപ്പനി ബാധിച്ചു മരിച്ചത്. 104 പേരുടെ മരണം എലിപ്പനി മൂലമാണെന്നു സംശയിക്കുന്നുവെന്നും ആരോഗ്യവകുപ്പിന്റെ രേഖകളില്‍ പറയുന്നു. ഈ മാസം ഇതുവരെ 24 പേരാണു രോഗം ബാധിച്ചു മരിച്ചത്. ജൂണില്‍ 18 പേരും ജൂലൈയില്‍ 27 പേരും മരിച്ചു. ഈ വര്‍ഷം ഇതുവരെ 1936 പേര്‍ക്കു രോഗബാധ സ്ഥിരീകരിച്ചു. 1581 പേര്‍ക്ക് രോഗം സംശയിക്കുന്നു. ഇത്തവണ മഴക്കാല പൂര്‍വശുചീകരണം വൈകിയതാണ് എലിപ്പനി പടര്‍ന്നുപിടിക്കാന്‍ കാരണമെന്നാണ് ആക്ഷേപമുയരുന്നത്. 2022ല്‍ 93 പേരും 2023ല്‍ 103 പേരുമാണു രോഗം ബാധിച്ചു മരിച്ചത്.

മഴക്കാലരോഗങ്ങളിൽ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്റ്റോസ്പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളിൽനിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയ രോഗാണുക്കൾ എലികളില്‍ യാതൊരു ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കില്ല. മാത്രമല്ല, ഒരു ലിറ്റര്‍ എലി മൂത്രത്തില്‍ 100 മില്യണോളം എന്ന കണക്കില്‍ രോഗാണുവിനെ പുറന്തള്ളുകയും ചെയ്യും. രോഗാണുവിന്റെ സ്രോതസായ എലികളുടെയും പെരുച്ചാഴികളുടെയും മൂത്രം കലര്‍ന്ന് മലിനമായ വെള്ളത്തിലും ചെളിയിലും കാണപ്പെടുന്ന എലിപ്പനി രോഗാണുക്കള്‍ തൊലിപ്പുറത്തെ പോറലുകളിലൂടെയും മുറിവുകളിലൂടെയും ശരീരത്തില്‍ പ്രവേശിച്ചാണു മനുഷ്യരിൽ രോഗബാധയുണ്ടാവുന്നത്. രോഗം ബാധിച്ച മൃഗങ്ങളുടെയോ, എലിയുടെയോ മൂത്രം കലര്‍ന്ന മലിനജലം കണ്ണിലോ, മൂക്കിലോ വീഴുന്നതും ജലം തിളപ്പിച്ചാറ്റാതെ കുടിക്കുന്നതും രോഗാണുവിനു നേരിട്ട് ശരീരത്തിന്റെ ഉള്ളിലേക്കു കയറാന്‍ വഴിയൊരുക്കുന്നു. കണ്ണിലെയും മൂക്കിലേയുമൊക്കെ ശ്ലേഷ്മസ്തരങ്ങളിലൂടെയും കൈകാലുകളിലെ മൃദുവായ ചര്‍മഭാഗങ്ങളിലൂടെയും ശരീരത്തിനകത്തേക്കു തുളച്ചുകയറാനുള്ള ശേഷിയും കൂര്‍ത്ത പിരിയാണിയുടെ ഘടനയുള്ള സ്പൈറോകീറ്റ്സ് എന്നറിയപ്പെടുന്ന എലിപ്പനി രോഗാണുവിനുണ്ട്.

എലിപ്പനി പ്രതിരോധം - ശ്രദ്ധിക്കേണ്ടത്

കാര്‍ഷികവൃത്തിയിൽ ഏര്‍പ്പെടുമ്പോള്‍ വെള്ളം കയറാത്ത ഗം ബൂട്ടുകളും റബര്‍ കയ്യുറകളും ധരിക്കണം. ചര്‍മത്തില്‍ മുറിവോ, വൃണമോ, കീറലോ ഉണ്ടെങ്കില്‍ രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് ബാൻഡേജ് ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം. 

മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാൽ സോപ്പിട്ട് വൃത്തിയായി കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളർത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറയും ഗംബൂട്ടുകളും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. ഗര്‍ഭമലസിയ അവശിഷ്ടങ്ങൾ നീക്കം ചെയ്ത ശേഷം തൊഴുത്തും പരിസരവും ബ്ലീച്ചിങ് പൗഡറോ മറ്റു അണുനാശിനികളോ ഉപയോഗിച്ച് കഴുകി വൃത്തിയാക്കുകയും വേണം. ജൈവമാലിന്യങ്ങള്‍, മൃഗങ്ങളുടെ തീറ്റ, അവശിഷ്ടങ്ങള്‍ എന്നിവയെല്ലാം തൊഴുത്തിലും പരിസരത്തും കെട്ടികിടന്നാൽ എലികള്‍ക്ക് പെറ്റുപെരുകാനുള്ള അനുകൂലസാഹചര്യമൊരുക്കും. ജൈവമാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്കരിക്കുന്നതിന് മുഖ്യപരിഗണന നല്‍കണം. വളർത്തുമൃഗങ്ങളുടെ തീറ്റകള്‍ സുരക്ഷിതമായി അടച്ചു സൂക്ഷിക്കണം. തൊഴുത്തിലേയും പരിസരത്തേയും എലിമാളങ്ങളും പൊത്തുകളും അടയ്ക്കാന്‍ മറക്കരുത്.

എലികൾ കയറാൻ സാധ്യതയുള്ളതിനാൽ തൊഴുത്തിലെ പുൽത്തൊട്ടിയിൽ രാത്രികാലങ്ങളിൽ കാലിത്തീറ്റ അവശിഷ്ടങ്ങൾ ബാക്കി കിടക്കാതെ കൃത്യമായി നീക്കം ചെയ്തു വൃത്തിയാക്കി സൂക്ഷിക്കണം. ഡെയറി ഫാമുകളിലും പിഗ് ഫാമുകളിലും അഴുക്കുവെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകാൻ പ്രത്യേക സംവിധാനം (ഡ്രൈനേജ്‌ സിസ്റ്റം) ഒരുക്കേണ്ടത് വളരെ മുഖ്യമാണ്. ഫാമിൽ വെള്ളം കെട്ടിനിൽക്കുന്ന പരിസരങ്ങളിൽ ഇടപെടുമ്പോൾ നിർബന്ധമായും ഗം ബൂട്ടുകൾ ധരിക്കണം. കെട്ടിനില്‍ക്കുന്ന വെള്ളവും ചെളിയുമായും വളർത്തുമൃഗങ്ങള്‍ക്ക് സമ്പര്‍ക്കമുണ്ടാവാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. മൃഗങ്ങളെ കെട്ടിനിൽക്കുന്ന വെള്ളത്തിൽ ഇറക്കുകയോ അതിൽ കുളിപ്പിക്കുകയോ ചെയ്യുരുത്. വെള്ളക്കെട്ടുകളിലും ചതുപ്പുകളിലും മൃഗങ്ങളെ മേയാന്‍ വിടരുത്. മലിനമായ വെള്ളം വളർത്തുമൃഗങ്ങള്‍ക്ക് കുടിക്കാന്‍ നല്‍കരുത്.

ചെളിവെള്ളത്തിലോ കെട്ടികിടക്കുന്ന വെള്ളത്തിലോ ഇറങ്ങി കാർഷികവൃത്തിയിൽ ഏർപ്പെടുന്ന സാഹചര്യമുണ്ടങ്കിൽ ഒരു മെഡിക്കൽ ഡോക്ടറുടെ നിർദേശപ്രകാരം എലിപ്പനി പ്രതിരോധത്തിനുള്ള ഗുളികകൾ കഴിക്കുന്നത് അഭികാമ്യമാണ്. ഡോക്സിസൈക്ലിൻ (Doxycycline) എന്ന ആന്റി ബയോട്ടിക്ക് 100 മി. ഗ്രാമിന്റെ ഗുളിക രണ്ടെണ്ണം ആഹാരത്തിന് ശേഷം ആഴ്ചയിൽ ഒരു തവണയായി ആറാഴ്ച കഴിക്കുന്നത് വഴി രോഗത്തെ പ്രതിരോധിക്കാനാവും. ചിലർക്ക് ഡോക്സിസൈക്ലിൻ വയറിൽ അസ്വസ്ഥതയുണ്ടാക്കാം. അങ്ങനെയുള്ളവർ ഡോക്ടറെ സമീപിച്ച് ഫലപ്രദമായ മറ്റ് ആന്റിബയോട്ടിക്കുകൾ സ്വീകരിക്കണം. പ്രതിരോധമരുന്നുകള്‍ കഴിച്ചവരും ചെളിയിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും ഇറങ്ങി ജോലിയിൽ ഏര്‍പ്പെടുമ്പോള്‍ കയ്യുറയും കാലുറയും ഉള്‍പ്പെടെയുള്ള സ്വയം പരിരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

രോഗ ലക്ഷണങ്ങള്‍
എലിപ്പനി രോഗാണു അകത്തുകടന്നാല്‍ ഏകദേശം 5-14 ദിവസത്തിനുള്ളില്‍ രോഗ ലക്ഷണങ്ങള്‍ പ്രകടമാകും. ചിലപ്പോള്‍ 2 ദിവസങ്ങള്‍ മതിയാവാം. അല്ലെങ്കില്‍ 4 ആഴ്ച വരെ സമയമെടുക്കാം. പലവിധ ലക്ഷണങ്ങളോടു കൂടിയതാണ് എലിപ്പനി. ഏറ്റവും പ്രധാന ലക്ഷണങ്ങള്‍ പെട്ടന്നുണ്ടാവുന്ന കടുത്ത പനിയും നല്ല പേശീവേദനയുമാണ്. പനിയുടെ കൂടെ കുളിരും വിറയലും ഉണ്ടാവാം. തലവേദന, കണ്ണില്‍ ചുവപ്പുനിറം, ശരീരത്തില്‍ തിണര്‍പ്പ്, ഛർദ്ദി, വയറിളക്കം, വയറുവേദന, മഞ്ഞപ്പിത്ത ലക്ഷങ്ങള്‍ (കണ്ണിലും ചര്‍മ്മത്തിലും മഞ്ഞനിറം) എന്നിവയെല്ലാം എലിപ്പനിയുടെ അനുബന്ധ ലക്ഷണങ്ങളാണ്. പേശി അമര്‍ത്തുമ്പോള്‍, പ്രത്യേകിച്ചും തുടയിലെ പേശികളില്‍ മുറുകെപ്പിടിക്കുമ്പോള്‍ കടുത്ത വേദന അനുഭവപ്പെടുന്നത് പ്രധാനപ്പെട്ട ഒരു രോഗസൂചനയാണ്. ഈ ലക്ഷണങ്ങളിൽ ഏതെങ്കിലും അനുഭവപ്പെട്ടാല്‍ എലിപ്പനി സംശയിക്കാവുന്നതും ഉടനടി വിദഗ്ധ ചികിത്സ തേടുകയും വേണം. എലിപ്പനിയെ സാധാരണ വൈറല്‍ പനിയായി സ്വയം രോഗനിർണയം നടത്തി പാരസെറ്റമോള്‍ ഗുളികകളും കഴിച്ചു വീട്ടില്‍ തന്നെ ഇരിക്കുന്ന രോഗികളുണ്ട്. കണ്ണിലും ചര്‍മ്മത്തിലും കാണുന്ന മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തത്തിന്റെതായി കരുതി നാട്ടുമരുന്നുകള്‍ കഴിക്കുന്നവരുണ്ട്‌. ഒടുവില്‍ അവരുടെ അവസ്ഥ ഗുരുതരമായിത്തീരുന്നു. രോഗം അപകടകരമായ അവസ്ഥയിലെത്തുമ്പോഴാവും അവര്‍ ആശുപത്രികളില്‍ എത്തുക. തുടക്കത്തില്‍ തന്നെ രോഗസാധ്യത സംശയിച്ച് ചികിത്സ തുടങ്ങിയാൽ വളരെ ലളിതമായി ഭേദമാക്കാൻ കഴിയുന്ന രോഗമാണ് എലിപ്പനി. എന്നാൽ ചികിത്സ വൈകും തോറും അവയവങ്ങളെ ബാധിച്ചു രോഗം കൂടുതൽ ഗുരുതരമായി തീരുകയും രോഗിയുടെ ജീവൻ തന്നെ അപകടത്തിലാവുകയും ചെയ്യും എന്നത് മറക്കരുത്.

എലിപ്പനി മനുഷ്യരെ മാത്രമല്ല പശു, നായ, പന്നി തുടങ്ങിയ വളർത്തുമൃഗങ്ങളെയും ബാധിക്കാം. നമ്മളുമായി അടുത്തിടപഴകുന്ന വളർത്തുമൃഗങ്ങളിൽ ഏറ്റവും അധികം എലിപ്പനി സാധ്യതയുള്ളതു നായ്ക്കൾക്കാണ്. നായ്ക്കളെ എലിപ്പനിയിൽ നിന്ന് പ്രതിരോധിക്കാനുള്ള വാക്സീനുകൾ ലഭ്യമാണ്. നായ്ക്കൾക്ക് മുൻകൂറായി എലിപ്പനി പ്രതിരോധ കുത്തിവയ്പുകൾ കൃത്യമായി നൽകിയാൽ നേട്ടം രണ്ടാണ്. തീവ്രമായ എലിപ്പനി രോഗത്തിൽ നിന്ന് നായ്ക്കളെ സംരക്ഷിക്കാം എന്നതാണ് ഒന്നാമത്തെ നേട്ടം. മാത്രമല്ല എലിപ്പനി രോഗാണുക്കൾ നായ്ക്കളുടെ വൃക്കകളിൽ കടന്നുകൂടി പെരുകി മൂത്രത്തിലൂടെ പുറത്തുവരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും. ഇതുവഴി അരുമനായ്ക്കളെ പരിപാലിക്കുന്നവർക്കും അവയോട് ഇടപെട്ടുന്ന വീട്ടിലെ മറ്റുള്ളവർക്കും എലിപ്പനി ബാധിക്കാനുള്ള സാധ്യത കുറയുന്നു. നായ്ക്കുഞ്ഞിന് 8 ആഴ്ച പ്രായമെത്തുമ്പോള്‍ എലിപ്പനി അടക്കമുള്ള സാംക്രമികരോഗങ്ങള്‍ക്കെതിരായ (മള്‍ട്ടി കംപോണന്റ് വാക്‌സീൻ) കുത്തിവയ്പ് നല്‍കണം. തുടർന്ന് 12 ആഴ്ച പ്രായമെത്തുമ്പോള്‍ ആദ്യമെടുത്ത അതേ മള്‍ട്ടി കംപോണന്റ് വാക്സീന്റെ ബൂസ്റ്റര്‍ കുത്തിവയ്പ് നല്‍കാം. ശേഷം വര്‍ഷാവര്‍ഷം പ്രതിരോധ കുത്തിവയ്പ് ആവര്‍ത്തിക്കണം.

English Summary:

Kerala Battles Rising Rat Fever Cases: Prevention and Treatment Crucial

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com