എഡിജിപിക്കെതിരെ വീണ്ടും അൻവർ; തലസ്ഥാനത്ത് കുടിവെള്ളപ്രശ്നം– ഇന്നത്തെ പ്രധാന വാർത്തകൾ
Mail This Article
എഡിജിപി എം.ആർ.അജിത്കുമാറുമായി ബന്ധപ്പെട്ട ആരോപണങ്ങൾ തന്നെയായിരുന്നു ഇന്നത്തെയും പ്രധാന ചർച്ചകൾ. എം.ആര്‍.അജിത് കുമാറിനെതിരെ വീണ്ടും ആരോപണവുമായി പി.വി.അൻവര്‍ എംഎല്‍എ രംഗത്തെത്തി. റിയല്‍ എസ്‌റ്റേറ്റ് ഇടനിലക്കാരൻ മാമിയെ (മുഹമ്മദ് ആട്ടൂർ) കാണാതായതിൽ എഡിജിപി അജിത് കുമാറിന് ഒളിഞ്ഞുംതെളിഞ്ഞും പങ്കുണ്ടെന്ന് അന്‍വര്‍ പറഞ്ഞു. മാമി തിരോധാനത്തില്‍ അജിത് കുമാറിന്റെ കറുത്ത കൈകള്‍ ദൃശ്യമാവുന്നുണ്ട്. അതിനുള്ള തെളിവുകളുണ്ടെന്നും മാമിയുടെ കുടുംബത്തെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് അൻവർ പറഞ്ഞു. മുൻ ഡിജിപി ജേക്കബ് തോമസിന്റെ വിരമിക്കൽ ആനുകൂല്യങ്ങൾ 4 വർഷമായിട്ടും സംസ്ഥാന സർക്കാർ നൽകാത്തതും വാർത്തകളിൽ നിറഞ്ഞു. ആനുകൂല്യങ്ങൾക്കായി ജേക്കബ് തോമസ് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്.
അതിനിടെ, തിരുവനന്തപുരം നഗരത്തിൽ ജലവിതരണം തടസ്സപ്പെട്ടത് ജനത്തെ ആശങ്കയിലാഴ്ത്തി. ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്ന് റെക്കോർഡ് വിവാഹങ്ങളാണ് നടന്നത്. 354 വിവാഹങ്ങൾ ഇന്ന് നടന്നു. ക്ഷേത്രത്തിൽ ഇത്രയധികം വിവാഹങ്ങൾ ഒരു ദിവസം നടക്കുന്നത് ആദ്യമാണ്.
നടന്‍ വിജയ്‌യുടെ പാർട്ടിക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം. തമിഴക വെട്രി കഴകത്തിനാണ് അംഗീകാരം ലഭിച്ചത്. പാർട്ടി ഇനി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണെന്ന് വിജയ് പറഞ്ഞു. പള്ളിപ്പുറത്ത് ഇന്നു വിവാഹം നടക്കേണ്ടിയിരുന്ന യുവാവിനെ കാണാതായിട്ട് നാല് ദിവസം. പള്ളിപ്പുറം സ്വദേശി വിഷ്ണുജിത്തിനെയാണ് കാണാതായത്. വിവാഹ ആവശ്യത്തിനുള്ള പണം സംഘടിപ്പിക്കാനാണ് യുവാവ് പാലക്കാട്ടേക്ക് പോയതെന്ന് ബന്ധുക്കൾ പറയുന്നു. വിവാഹത്തിനായുള്ള ഒരു ലക്ഷം രൂപയുമായി മടങ്ങുമ്പോഴാണ് കാണാതായത്.