ADVERTISEMENT

തിരുവനന്തപുരം∙ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനു മുന്നോടിയായി വാര്‍ഡുകള്‍ വിഭജിച്ചുള്ള കരട് വിജ്ഞാപനം പുറത്തുവന്നതോടെ തലനാരിഴ കീറി പരിശോധിച്ച് പരാതികള്‍ രേഖപ്പെടുത്താനുള്ള ഒരുക്കത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍. ഡിസംബര്‍ മൂന്നിനു മുന്‍പായി വാര്‍ഡ് വിഭജനം സംബന്ധിച്ചുള്ള പരാതികള്‍ ഡീലിമിറ്റേഷന്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കണമെന്നാണ് കരട് വിജ്ഞാപനത്തില്‍ പറയുന്നത്.

ജാതി, മത സമവാക്യങ്ങള്‍ ഭരണം നിശ്ചയിക്കുന്ന പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ അതിര്‍ത്തികള്‍ മാറി മറിയുന്നത് ഏറെ നിര്‍ണായകമാണ്. സ്ഥാനാര്‍ഥി പട്ടികയില്‍ ഇടം പിടിക്കാന്‍ വര്‍ഷങ്ങളായി വാര്‍ഡുകളില്‍ നിറഞ്ഞു നിന്നവരും വാര്‍ഡ് വിഭജനം എത്തിയതോടെ വെട്ടിലായി. പുതിയ സാഹചര്യത്തില്‍ ഏതു വാര്‍ഡ് അനുകൂലമാകും എന്ന ആശങ്കയില്‍ ആണ് ഭൂരിഭാഗവും. സിപിഎമ്മിനും ബിജെപിക്കും അനുകൂലമായാണ് വാര്‍ഡ് വിഭജനം നടത്തിയിരിക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം. എന്നാല്‍ സിപിഎം തന്നിഷ്ടപ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തിയിരിക്കുന്നതെന്നാണ് ബിജെപി ആരോപിക്കുന്നത്.

പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും കഴിഞ്ഞ തവണ ആധിപത്യം ഉറപ്പിച്ച് എല്‍ഡിഎഫ് കുതിച്ചപ്പോള്‍ നഗരസഭകളില്‍ യുഡിഎഫിനായിരുന്നു മുന്‍തൂക്കം. 2015ല്‍ തങ്ങളുടെ ഭരണകാലയളവില്‍ രൂപീകരിച്ച കണ്ണൂര്‍ കോര്‍പറേഷനില്‍ യുഡിഎഫ് ഭരണം നിലനിര്‍ത്തി. കണ്ണൂര്‍ കോര്‍പറേഷനിലും നഗരസഭകളിലുമടക്കം മേല്‍ക്കൈ നേടാനുള്ള എല്‍ഡിഎഫിന്റെ നീക്കമായാണ് വാര്‍ഡ് വിഭജനത്തെ യുഡിഎഫ് കാണുന്നത്. അതേസമയം സിപിഐയുടെ ഭാഗമായ കേരള എല്‍എസ്ജി എംപ്ലോയീസ് ഫെഡറേഷന്‍ സമര്‍പ്പിച്ചിരിക്കുന്ന കേസ് 28ന് പരിഗണിക്കുന്നതും തുടര്‍നടപടികളില്‍ നിര്‍ണായകമാണ്. നിലവിലെ വാര്‍ഡ് വിഭജനം ഭരണഘടനാ വിരുദ്ധമാണെന്നും പഞ്ചായത്ത് വിഭജനമാണ് വേണ്ടതെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. 

∙ സിപിഎം നൽകിയ ലിസ്റ്റ് നോക്കിയോ വിഭജനം?

ഉദ്യോഗസ്ഥര്‍ ഫീല്‍ഡില്‍ പോകാതെ സിപിഎം നല്‍കിയ ലിസ്റ്റ് പ്രകാരമാണ് വാര്‍ഡ് വിഭജനം നടത്തിയതെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഭജനത്തിനു അടിസ്ഥാനമാക്കിയ കാര്യങ്ങളില്‍ വന്‍ അപാകതയുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ഓരോ വാര്‍ഡിനകത്തും വരേണ്ട വീടുകളുടെ എണ്ണത്തില്‍ പലയിടത്തും വലിയ അന്തരമുണ്ട്. 10 ശതമാനം കുറവോ കൂടുതലോ ആകാം. എന്നാല്‍ പലയിടത്തും 15 ശതമാനത്തിന്റെ വര്‍ധനയുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതു പലയിടത്തും ബിജെപിക്ക് അനുകൂലമാക്കിയിട്ടുമുണ്ട്. കോണ്‍ഗ്രസിനും ലീഗിനും സീറ്റു കുറയ്ക്കണമെന്ന ലക്ഷ്യത്തോടെയാണിത് തയാറാക്കിയിരിക്കുന്നത്. റവന്യുരേഖ അടിസ്ഥാനമാക്കി ഇന്നു കൂടുതല്‍ പരിശോധന നടത്തി പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.

ഓരോ വാര്‍ഡിനും 5 പേരടങ്ങിയ ഡീലിമിറ്റേഷന്‍ കമ്മിറ്റികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കരട് വിജ്ഞാപനം തലനാരിഴ കീറി പരിശോധിക്കാന്‍ കമ്മിറ്റികള്‍ക്കു നിര്‍ദേശം നല്‍കുമെന്ന് കോണ്‍ഗ്രസിന്റെ തദ്ദേശസ്ഥാപന വിഭാഗമായ രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സംഘടന സംസ്ഥാന അധ്യക്ഷന്‍ എം.മുരളി പറഞ്ഞു. വാര്‍ഡ് വിഭജനത്തില്‍ കള്ളത്തരം കാട്ടിയിട്ടുണ്ടോ എന്നും രാഷ്ട്രീയമായ ദുരുദ്ദേശ്യം ഉണ്ടോ എന്നും കണ്ടെത്തി അത് പുറത്തുകൊണ്ടുവരും. കഴിഞ്ഞ ആറുമാസമായി ഇതിന്റെ പ്രവര്‍ത്തനങ്ങളിലാണെന്നും മുരളി പറഞ്ഞു. കഴിഞ്ഞ തവണത്തെ രേഖകളുമായി താരതമ്യം ചെയ്താവും ഡീലിമിറ്റേഷന്‍ കമ്മിറ്റികള്‍ പരിശോധന നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. 

∙ സിപിഐയുടെ നിയമപോരാട്ടം

ജനസംഖ്യയുടെ തുല്യമായ വീതംവയ്പിലൂടെ വാര്‍ഡ് വിഭജിക്കണമെന്ന ഭരണഘടനയുടെ 243 സി വ്യവസ്ഥ പാലിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സിപിഐയുടെ ഭാഗമായ കേരള എല്‍എസ്ജി എംപ്ലോയീസ് ഫെഡറേഷന്‍ നിയമ പോരാട്ടം നടത്തുന്നത്. വാര്‍ഡ് വിഭജന വ്യവസ്ഥ ചോദ്യംചെയ്ത് ലീഗും കോടതിയെ സമീപിച്ചിരുന്നു. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ വാര്‍ഡുകളുടെ എണ്ണം വർധിപ്പിച്ചാലും ഭരണഘടനയിലെ നിര്‍ദ്ദേശം പാലിക്കപ്പെടില്ല എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പഞ്ചായത്തുകളുടെ വിഭജനം ആവശ്യപ്പെട്ട് കേരള എല്‍എസ്ജി എംപ്ലോയീസ് ഫെഡറേഷന്‍ ഹൈക്കോടതിയെ സമീപിച്ചതെന്ന് ജനറല്‍ സെക്രട്ടറി എസ്.എന്‍.പ്രമോദ് പറഞ്ഞു.

കേസില്‍ സര്‍ക്കാറിനും ഡീലിമിറ്റേഷന്‍ കമ്മിഷനും തിരഞ്ഞെടുപ്പ് കമ്മിഷനും കോടതി നോട്ടിസ് അയച്ചു. 2015 ല്‍ പുതുതായി 70 പഞ്ചായത്തുകള്‍  രൂപീകരിക്കാന്‍ വിജ്ഞാപനം ഇറങ്ങിയെങ്കിലും നടപ്പിലായില്ല. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍  243-സി (1) പ്രകാരം പഞ്ചായത്തുകളിലെ ജനസംഖ്യയും തിരഞ്ഞെടുക്കപ്പെടേണ്ട വാര്‍ഡുകളുടെ എണ്ണവും തമ്മിലുള്ള അനുപാതം സംസ്ഥാനത്തുടനീളം കഴിയാവുന്നിടത്തോളം തുല്യമാവണം. 2015 ല്‍ ഈ ആവശ്യം ഉന്നയിച്ച് ഫെഡറേഷന്‍ നല്‍കിയ കേസില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ ആരംഭിച്ച കാരണത്താല്‍ അടുത്ത തെരഞ്ഞെടുപ്പ് കാലത്ത് കോടതിയെ സമീപിക്കാന്‍ നിര്‍ദ്ദേശം ലഭിച്ചിരുന്നു. 2020 ല്‍ ഫെഡറേഷന്‍ നല്‍കിയ കേസില്‍ കോവിഡ് കാരണ വാദം നീണ്ടു പോകുകയും അടുത്ത തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിക്കിള്‍ 243 സി പാലിക്കുന്നില്ലെങ്കില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കണമെന്ന വിധി ലഭിക്കുകയും ചെയ്തു. പ്രസ്തുത കേസില്‍ ഗ്രാമ പഞ്ചായത്തുകള്‍ ഭരണഘടന പ്രകാരമുള്ള ജനസംഖ്യാ അനുപാതം പാലിക്കുന്നില്ല എന്നത് കോടതിയില്‍ അംഗീകരിക്കപ്പെട്ടതായി സംഘടന പറയുന്നു. 

∙ ശരാശരി ജനസംഖ്യ 1493

നിലവിലുള്ള വാര്‍ഡുകളുടെ എണ്ണം 15962 ല്‍ നിന്ന് 17337 ആയി വർധിപ്പിക്കുന്നതിനാണ് നിര്‍ദ്ദേശമുള്ളത്. ഇതോടെ വാര്‍ഡുതലത്തില്‍ സംസ്ഥാനതല ശരാശരി ജനസംഖ്യ 1622ല്‍ നിന്ന് 1493 ആയി മാറും. 2011 ലെ ജനസംഖ്യ പ്രകാരമാണ് കണക്കുകള്‍ തയാറാക്കേണ്ടത്. ഫെഡറേഷന്റെ പഠന റിപ്പോര്‍ട്ട് പ്രകാരം എല്ലാ ജില്ലകളിലും ജനസംഖ്യാ അനുപാതം സംസ്ഥാന ശരാശരിയായ 1493ല്‍ നിന്ന് വളരെയധികം വ്യത്യാസപ്പെട്ടിരിക്കുകയാണ്. കാസര്‍കോട് ജില്ലയിലെ ചെങ്കള, ചെമ്മനാട്, അജാനൂര്‍ എന്നിവിടങ്ങളിലെ പുതുക്കിയ ശരാശരി ജനസംഖ്യ യഥാക്രമം 2366, 2281, 2048 എന്നിങ്ങനെയാണ്. ബെള്ളൂര്‍, വലിയ പറമ്പ, കുമ്പടാജെ എന്നിവിടങ്ങളിലെ പുതുക്കിയ ശരാശരി ജനസംഖ്യ യഥാക്രമം 732, 914, 1055 ആണ്.

ഇതില്‍ നിന്നും 2025ലെ തിരഞ്ഞെടുപ്പിലും ഭരണഘടനാ നിര്‍ദ്ദേശം പാലിക്കില്ലെന്ന് വ്യക്തമാകുന്നതായി സംഘടന പറയുന്നു. 2020ലെ കേസിന്റെ വിധി വിവരം നേരത്തേ തന്നെ സര്‍ക്കാര്‍, തെരഞ്ഞെടുപ്പ് കമ്മിഷന്‍, ഡീലിമിറ്റേഷന്‍ കമ്മിഷന്‍ എന്നിവരെ അറിയിച്ചിരുന്നു. സര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും പഞ്ചായത്ത് വിഭജനം നടപ്പിലാക്കുന്നില്ലെന്ന് സര്‍ക്കാരും മറുപടി നല്‍കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് 2025 ലെ തിരഞ്ഞെടുപ്പില്‍ ഭരണഘടനാ നിര്‍ദ്ദേശവും ഹൈക്കോടതി വിധിയും പാലിക്കപ്പെടുന്നതിന് കെഎല്‍ഇഎഫ് വീണ്ടും ഹൈക്കോടതിയെ സമീപിച്ചതെന്നും പ്രമോദ് പറഞ്ഞു. 

പഞ്ചായത്തുകളുടെ എണ്ണം  കൂട്ടുന്നതിനു പകരം വാര്‍ഡുകള്‍ മാത്രം വിഭജിക്കുന്നത് ഭരണഘടനാ നിര്‍ദ്ദേശം പാലിക്കുന്നതിന് പര്യാപ്തമല്ലെന്ന് കേസില്‍ ഉന്നയിക്കുന്നു. ജനങ്ങള്‍ക്ക് സേവനം ലഭിക്കുന്നതില്‍ ഭരണഘടന അനുശാസിക്കുന്ന തുല്യത ഉറപ്പാകണമെങ്കില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിഭജിച്ച് പുതിയവ രൂപീകരിക്കണം. 1982 ലെ സ്റ്റാഫ് പാറ്റേണാണ് പഞ്ചായത്തുകളില്‍ നിലവിലുള്ളത്. ജനസംഖ്യ ഏറെ വര്‍ദ്ധിച്ചതിനാല്‍ സമയബന്ധിതമായി സേവനം നല്‍കുന്നതില്‍ തദ്ദേശ സ്ഥാപനങ്ങള്‍ പ്രയാസപ്പെടുന്നുണ്ട്. പുതിയ പഞ്ചായത്തുകള്‍ രൂപീകരിക്കണമെന്നും ജോലിഭാരം കുറയ്ക്കണമെന്നുമാണ് കെ.എല്‍.ഇ.എഫ് ആവശ്യപ്പെടുന്നത്.  കേസ് നവംബര്‍ 28 ന് വീണ്ടും പരിഗണിക്കും. 

ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പറേഷന്‍ വാര്‍ഡുകള്‍ വിഭജിച്ചു കൊണ്ടുള്ള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷന്റെ കരട് വിജ്ഞാപനം ഇറങ്ങിയതു പ്രകാരം സംസ്ഥാനത്ത് 1510 വാര്‍ഡുകള്‍ കൂടും. 6 കോര്‍പറേഷനുകളില്‍ കൊച്ചിയില്‍ രണ്ടും മറ്റിടങ്ങളില്‍ ഒന്നു വീതവും വാര്‍ഡുകളാണു വര്‍ധിക്കുന്നത്. 79 നഗരസഭകളിലായി 128 വാര്‍ഡുകളും 886 ഗ്രാമപഞ്ചായത്തുകളിലായി 1375 വാര്‍ഡുകളും വര്‍ധിക്കും. 55 ഗ്രാമപ്പഞ്ചായത്തുകളിലും 8 നഗരസഭകളിലും വാര്‍ഡുകള്‍ കൂടിയിട്ടില്ല.

ഇടുക്കി ജില്ലയിലെ മൂന്നാര്‍, ദേവികുളം, പീരുമേട് പഞ്ചായത്തുകളിലായി ഓരോ വാര്‍ഡ് കുറഞ്ഞിട്ടുണ്ട്. വാര്‍ഡുകളുടെ എണ്ണത്തില്‍ വരുത്തിയ മാറ്റം, തദ്ദേശ സ്ഥാപനങ്ങളിലെ 2011ലെ ജനസംഖ്യ എന്നിവയാണ് വിഭജനത്തിന്റെ അടിസ്ഥാനം. വാര്‍ഡുകളുടെ എണ്ണത്തില്‍ മാറ്റമില്ലാത്ത തദ്ദേശ സ്ഥാപനങ്ങളിലും വാര്‍ഡുകളിലെ ജനസംഖ്യ ഏറക്കുറെ ഒരു പോലെ ക്രമീകരിക്കുന്നതിനായി അതിര്‍ത്തികള്‍ മാറ്റി നിശ്ചയിച്ചിട്ടുണ്ട്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കൂടുന്നതും കുറയുന്നതുമായ വാര്‍ഡുകളുടെ എണ്ണം സര്‍ക്കാരാണു നിശ്ചയിച്ചു നല്‍കിയത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ ഡിവിഷന്‍ (വാര്‍ഡ്) വിഭജനം ഇനി അടുത്ത 2 ഘട്ടങ്ങളിലായി നടക്കും. ഇവയിലായി 202 ഡിവിഷനുകളാണു വര്‍ധിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com