ഞൊടിയിടയിൽ ഷോറൂമിനെ വിഴുങ്ങി തീ; പ്രിയയെ മരണം തേടിയെത്തിയത് പിറന്നാൾ തലേന്ന്; നെഞ്ചുനുറുങ്ങി പ്രിയപ്പെട്ടവർ
Mail This Article
ബെംഗളൂരു∙ ഇലക്ട്രിക് സ്കൂട്ടർ ഷോറൂമിലുണ്ടായ തീപിടിത്തത്തിൽ മരിച്ച ജീവനക്കാരി പ്രിയയുടെ അന്ത്യം പിറന്നാൾ തലേന്ന്. ഇന്നായിരുന്നു പ്രിയയുടെ ജന്മദിനം. ഇലക്‌ട്രിക് സ്കൂട്ടർ ഷോറൂമിലെ അക്കൗണ്ടന്റും രാമചന്ദ്രപുരയിലെ താമസക്കാരിയുമായ പ്രിയയുടെ വേർപാട് ഒരു നാടിനെയാകെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. വിക്ടോറിയ ആശുപത്രിയിലേക്ക് എത്തിയ പ്രിയയുടെ മാതാപിതാക്കൾ മകളുടെ മൃതദേഹം കാണാനാകാതെ പൊട്ടിക്കരഞ്ഞു.
‘‘നവംബർ 20ന് മകളുടെ ജന്മദിനമായിരുന്നു. നിങ്ങൾ പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അവൾക്കുള്ള പിറന്നാൾ വസ്ത്രങ്ങളെല്ലാം ഞാൻ കൊണ്ടുവന്നിരുന്നു. രാവിലെ 10 മണിക്ക് ജോലിക്ക് പോയതാണ് എന്റെ മകൾ. ആ ഷോറൂമിന്റെ ഉടമ എവിടെയാണ് സർ? 7.30 ഓടെ വീട്ടിൽ എത്തേണ്ടതായിരുന്നു മകൾ. എന്റെ സുഹൃത്താണ് എന്നെ വിളിച്ച് കാര്യങ്ങൾ പറഞ്ഞത്.’’ – പ്രിയയുടെ അച്ഛൻ അർമുഖം പറഞ്ഞു.
രാജ്കുമാർ റോഡ് നവരംഗ് ജംക്‌ഷനിലെ ഇലക്ട്രിക് വാഹന ഷോറൂമിന് ചൊവ്വാഴ്ച വൈകിട്ടാണ് തീപിടിച്ചത്. 45 ഇരുചക്ര വാഹനങ്ങളും തീപിടിത്തത്തിൽ കത്തിനശിച്ചു. വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് തീപടർന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയെത്തിയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
തീപിടിത്തമുണ്ടായപ്പോൾ ഷോറൂമിൽ 6 ജീവനക്കാരാണുണ്ടായിരുന്നത്. ഈ സമയം പ്രിയ കാഷ്യർ റൂമിലായിരുന്നു. കനത്ത പുകയും തീയും കാരണം പ്രിയക്ക് പുറത്തിറങ്ങാൻ സാധിച്ചില്ല. ഇവിടെയുണ്ടായിരുന്ന മറ്റു മൂന്നു പേർക്ക് ശ്വാസതടസ്സം നേരിട്ടു. സംഭവശേഷം ഷോറൂം ഉടമ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ ബെംഗളുരു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.