ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയുള്ള യാത്ര ദുരന്തമായി; കാർ നദിയിൽവീണ് 3 മരണം, അന്വേഷണം പ്രഖ്യാപിച്ച് ഗൂഗിൾ
Mail This Article
ന്യൂഡൽഹി∙ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ കാറിൽ സഞ്ചരിക്കവേ മൂന്ന് യുവാക്കൾ നിർമാണം പൂർത്തിയാകാത്ത പാലത്തിൽനിന്ന് നദിയിലേക്കു വീണു മരിച്ച സംഭവത്തിൽ ഗൂഗിൾ അന്വേഷണം ആരംഭിച്ചു. വിവാഹത്തിനായി പോകുമ്പോഴാണ് യുവാക്കൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെടുന്നത്. പാലത്തിന്റെ നിർമാണം പൂർത്തിയായിട്ടില്ലെന്ന് ഗൂഗിൾ മാപ്പിൽ രേഖപ്പെടുത്താത്തതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് ആരോപണം.
‘‘കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്രശ്നം കണ്ടെത്താൻ അധികൃതരുമായി സഹകരിച്ച് പ്രവർത്തിക്കുകയാണ്’’ –ഗൂഗിൾ വക്താവ് എഎഫ്പിയോട് പറഞ്ഞു. ഗൂഗിൾ ഉദ്യോഗസ്ഥർ, മരാമത്ത് വകുപ്പ് എന്നിവരിൽനിന്ന് പൊലീസ് വിവരങ്ങൾ ശേഖരിച്ചു. ഉത്തർപ്രദേശിലെ ബറേലിയിലാണ് അപകടം ഉണ്ടായത്. പാലത്തിന്റെ ഒരു ഭാഗം വെള്ളപ്പൊക്കത്തിൽ നേരത്തെ ഒലിച്ചുപോയിരുന്നു. ഈ വിവരം ജിപിഎസിൽ പുതുക്കാത്തതും പാലം അപകടത്തിലാണെന്ന മുന്നറിയിപ്പു ബോർഡുകൾ വയ്ക്കാത്തതും ദുരന്തത്തിന് കാരണമായി. ഖൽപൂർ-ഡാറ്റഗഞ്ച് റോഡിലാണ് അപകടം ഉണ്ടായത്.