തിരുവനന്തപുരത്ത് വയോധികൻ ഓടയിൽ മരിച്ച നിലയിൽ; കാൽ വഴുതി വീണെന്നു സംശയം
Mail This Article
തിരുവനന്തപുരം ∙ റോഡരികിലെ ഓടയിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. മലയിൻകീഴ് തച്ചോട്ടുകാവിൽ വാടകയ്ക്കു താമസിക്കുന്ന മാറനല്ലൂർ കൂവളശ്ശേരി സ്വദേശിയും എസ്ബിഐ റിട്ട. ജീവനക്കാരനുമായ എസ്.വിദ്യാധരൻ (68) ആണ് മരിച്ചത്. പേയാട്– മലയിൻകീഴ് റോഡിൽ തച്ചോട്ടുകാവ് മൂഴിനടയിലെ ഓടയിലാണ് തിങ്കൾ രാവിലെ പത്തരയോടെ മൃതദേഹം കണ്ടത്. സമീപത്തെ അലങ്കാരച്ചെടി വിൽപനക്കടയിലെ ജീവനക്കാരാണ് ആദ്യം കണ്ടത്.
വിദ്യാധരൻ താമസിക്കുന്ന വീടിനു സമീപമാണ് ഈ സ്ഥലം. മരണത്തിൽ ദുരൂഹതയില്ലെന്നും റോഡരികിലൂടെ നടന്നു പോകുന്നതിനിടെ കാലു തെന്നി ഓടയിൽ വീണതാകാമെന്നും പൊലീസ് പറഞ്ഞു. ഞായറാഴ്ച രാത്രി ഇദ്ദേഹം നടന്നു പോകുന്നത് പ്രദേശവാസികൾ കണ്ടിരുന്നു. മലയിൻകീഴ് പൊലീസ് കേസെടുത്തു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഭാര്യ: ടി.സന്ധ്യ. മക്കൾ: വിദ്യ, വിഷ്ണു. മരുമക്കൾ: സുനിൽ കുമാർ, നന്ദന.