ടൂറിസ്റ്റ് ബസ് നിരക്ക് കൂടും, ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഷോക്ക്; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50% നികുതി
Kerala Budget Highlights

Mail This Article
തിരുവനന്തപുരം∙ സംസ്ഥാനത്ത് ടൂറിസ്റ്റ് ബസ് നിരക്ക് വര്‍ധിക്കും. കോണ്‍ട്രാക്ട് കാര്യേജ് നികുതിഘടന ഏകീകരിക്കാന്‍ സംസ്ഥാന ബജറ്റില്‍ തീരുമാനിച്ചതോടെയാണ് നിരക്കു വര്‍ധിക്കാനുള്ള സാഹചര്യമൊരുങ്ങുന്നത്. അതിനൊപ്പം 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതി വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇലക്ട്രിക് വാഹനങ്ങള്‍ക്കു നികുതി കൂട്ടാനുള്ള തീരുമാനത്തോടെ ഇത്തരം വാഹനങ്ങള്‍ക്കും വില വര്‍ധിക്കും.
15 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്ക് 8 ശതമാനമാണ് നികുതി വരുന്നത്. 20 ലക്ഷത്തിനു മുകളിലുള്ള വാഹനങ്ങള്‍ക്കു 10 ശതമാനം നികുതി ഏര്‍പ്പെടുത്തി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഒറ്റത്തവണ നികുതിയായി ഈടാക്കിയിരുന്ന 5 ശതമാനം നികുതി വാഹനവിലയുടെ അടിസ്ഥാനത്തില്‍ പുനഃക്രമീകരിക്കുകയായിരുന്നു. ബാറ്ററി വാടകയ്ക്ക് ലഭ്യമാകുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വാഹനവിലയുടെ 10 ശതമാനം നികുതി ഈടാക്കും.
കോണ്‍ട്രാക്ട് വാഹനങ്ങളുടെ സീറ്റുകളുടെ എണ്ണം 6 മുതല്‍ 12 വരെ ആണെങ്കില്‍ നിലവിലുള്ള ത്രൈമാസ നിരക്ക് ഓര്‍ഡിനറി സീറ്റ് 280 രൂപ, പുഷ്ബാക്ക് സീറ്റ് 450 രൂപ, സ്ലീപ്പര്‍ സീറ്റ് 900 രൂപ എന്നിങ്ങനെയായിരുന്നു. ഇത് ഏകീകരിച്ച് ഓരോ സീറ്റിനും 350 രൂപ ആക്കി. സീറ്റുകളുടെ എണ്ണം 13 മുതല്‍ 20 വരെ ആണെങ്കില്‍ ത്രൈമാസ നിരക്ക് ഓരോ യാത്രക്കാരനും 600 രൂപയാക്കി. സീറ്റിന്റെ എണ്ണം 20ല്‍ അധികമാണെങ്കില്‍ നിലവിലെ ത്രൈമാസ നിരക്ക് ഏകീകരിച്ച് ഓരോ യാത്രക്കാരനും 900 രൂപയാണ് ആക്കിയിരിക്കുന്നത്.
സ്ലീപ്പര്‍ ബര്‍ത്തുകള്‍ ഘടിപ്പിച്ച ഹെവി പാസഞ്ചര്‍ വിഭാഗത്തില്‍പെടുന്ന കോണ്‍ട്രാക്ട് കാര്യോജുകളുടെ ത്രൈമാസ നികുതി ഓരോ ബര്‍ത്തിനും 1800 രൂപ എന്നത് 1500 രൂപയായി നിജപ്പെടുത്തി. അന്യസംസ്ഥാനങ്ങളില്‍ റജിസ്റ്റര്‍ ചെയ്ത് സ്‌പെഷല്‍ പെര്‍മിറ്റ് എടുത്ത് കേരളത്തിലേക്കു പ്രവേശിക്കുന്ന കോണ്‍ട്രാക്ട് കാര്യേജുകളുടെ നികുതിയും പുനക്രമീകരിച്ചു. ഓര്‍ഡിനറി സീറ്റിന് ത്രൈമാസ നിരക്ക് ഓരോ സീറ്റിനും 2500 രൂപയാക്കി. സ്ലീപ്പര്‍ ബര്‍ത്തിന്റെ നിരക്ക് 4000 രൂപയായി നിലനിര്‍ത്തി.