‘നിമിഷപ്രിയയുടെ മോചനത്തിന് 40,000 ഡോളർ കൈമാറി; ഗൗരവമേറിയ വിഷയം, തെറ്റായ ചർച്ചകൾ മോചനത്തെ ബാധിക്കും’

Mail This Article
ന്യൂഡൽഹി∙ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നിമിഷപ്രിയയുടെ മോചനത്തിനായി 40,000 ഡോളർ കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് കൈമാറിയെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്. രാജ്യസഭയിൽ ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
നിമിഷപ്രിയയുടെ കുടുംബം ആവശ്യപ്പെട്ടതനുസരിച്ച് വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ട് വഴിയാണ് തുക കൈമാറിയത്. നിമിഷപ്രിയയുടെ കാര്യത്തിൽ സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ നൽകുന്നുണ്ടെന്നും നിമിഷപ്രിയയുടെ മോചനം നിമിഷപ്രിയയുടെയും കൊല്ലപ്പെട്ടയാളുടെയും കുടുംബങ്ങൾ തമ്മിലുള്ള വിഷയമാണെന്നും മന്ത്രി മറുപടിയിൽ പറഞ്ഞു.
യാത്രാവിലക്കുണ്ടായിരുന്നിട്ടും നിമിഷപ്രിയയുടെ അമ്മയ്ക്ക് യെമനിലേക്ക് പോകാൻ കേന്ദ്ര സർക്കാർ വഴിയൊരുക്കി. ചർച്ചയ്ക്ക് പവർ ഓഫ് അറ്റോർണിയെ നിയമിച്ചു. അഭിഭാഷകന്റെ സഹായം ഉറപ്പാക്കുകയും ബ്ലഡ് മണി യെമനിൽ എത്തിക്കാൻ സഹായം നൽകുകയും ചെയ്തു. വളരെ ഗൗരവമേറിയതും സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ടതുമായ വിഷയമാണിതെന്നും തെറ്റായ ചർച്ചകൾ മോചനത്തെയും കേസിന്റെ ഭാവിയെയും ബാധിക്കുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, ഇറാൻ മോചനത്തിൽ ഇടപെടുന്നുണ്ടോയെന്ന ചോദ്യത്തിന് മന്ത്രി മറുപടി നൽകിയില്ല. നിമിഷപ്രിയയുടെ കാര്യത്തിൽ കേന്ദ്രം ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണെന്ന് ജോൺ ബ്രിട്ടാസ് ആരോപിച്ചു. കൊല്ലപ്പെട്ട ആളുടെയും നിമിഷപ്രിയയുടെയും കുടുംബത്തിന്റെ വിഷയമെന്നു പറഞ്ഞ് കേന്ദ്രം കയ്യൊഴിഞ്ഞുവെന്നും അദ്ദേഹം വിമർശിച്ചു.