കടുവ കാണാമറയത്ത്, ജനകീയ പ്രതിഷേധം; കൂടെത്തിച്ച് വനം വകുപ്പ്

Mail This Article
മാനന്തവാടി∙ തലപ്പുഴയിലെ കടുവയെ പിടിക്കാൻ വനംവകുപ്പ് കൂട് എത്തിച്ചു. ജനകീയ പ്രതിഷേധത്തിനൊടുവിലാണ് കൂട് എത്തിച്ചത്. തലപ്പുഴയിലും പരിസര പ്രദേശങ്ങളിലും വനംവകുപ്പ് തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കടുവയെ കണ്ടെത്താൻ സാധിച്ചില്ല.
കടുവയെ പിടികൂടുണമെന്നും വിദ്യാർഥികൾക്ക് അവധി നൽകി ഓൺലൈൻ ക്ലാസ് ഏർപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് തലപ്പുഴ ഗവ.എൻജിനീയറിങ് കോളജിൽ എസ്എഫ്ഐ പഠിപ്പ് മുടക്കി പ്രതിഷേധിച്ചു. പ്രിൻസിപ്പൽ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരവും നടത്തി. വിദ്യാർഥികളിൽ നിരവധിപ്പേർ തലപ്പുഴയിലും പരിസരങ്ങളിലുമാണ് താമസിക്കുന്നത്. കടുവ ഭീതിയിൽ പുറത്തിറങ്ങാൻ സാധിക്കാത്തതിനാലാണ് ഓൺലൈൻ ക്ലാസ് അനുവദിക്കണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടത്.
ഒരാഴ്ച മുൻപ് ജനവാസ മേഖലയായ കാട്ടേരിക്കുന്ന്, കമ്പിപ്പാലം തുടങ്ങിയ സ്ഥലങ്ങളിലാണ് കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. വനംവകുപ്പ് ക്യാമറകൾ സ്ഥാപിച്ചെങ്കിലും കടുവയുടെ ദൃശ്യം പതിഞ്ഞില്ല. ഇതിനിടെ ഗോദാവരി ഉന്നതിയിലും നാട്ടുകാർ കടുവയെ കണ്ടു. കഴിഞ്ഞ ദിവസം എൻജിനീയറിങ് കോളജിന് സമീപത്തെ മിൽക്ക് സൊസൈറ്റിയിലെ സിസിടിവി ക്യാമറയിൽ കടുവയുെട ദൃശ്യം പതിഞ്ഞു. ഇതോടെ ഇന്നലെ നാട്ടുകാർ റോഡ് ഉപരോധം ഉൾപ്പെടെയുള്ള പ്രതിഷേധ പരിപാടികൾ നടത്തി. കടുവ യുവതിയെ കൊന്നു തിന്ന പിലാക്കാവ് പഞ്ചാരക്കൊല്ലിയുടെ അടുത്ത സ്ഥലമാണ് തലപ്പുഴ.