‘മനസ്സിലെ വൃത്തികേടാണു പുറത്തുവന്നത്, എന്തും പറയാമെന്നു കരുതേണ്ട’: അലബാദിയയ്ക്ക് സുപ്രീം കോടതിയുടെ രൂക്ഷവിമർശനം

Mail This Article
ന്യൂഡൽഹി ∙ ‘ഇന്ത്യാസ് ഗോട്ട് ലാറ്റന്റ്’ എന്ന യൂട്യൂബ് ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. അലാബാദിയയുടെ ഉള്ളിലുള്ള മാലിന്യമാണ് യുട്യൂബ് ചാനലിലൂടെ ഛർദിക്കുന്നതെന്നു പറഞ്ഞ കോടതി, അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ, സാമൂഹിക മര്യാദകൾക്കെതിരെ തോന്നുന്നതെന്തും പറയാനുള്ള അവകാശം ആർക്കുമില്ലെന്നും വ്യക്തമാക്കി.
എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്നു കോടതി അലാബാദിയയോടു ചോദിച്ചു. എന്താണു സാമൂഹിക മൂല്യങ്ങളെന്നും അവയുടെ മാനദണ്ഡങ്ങളെന്നും അറിയുമോ? സമൂഹത്തിനു ചില മൂല്യങ്ങളുണ്ട്. നിങ്ങൾ അതിനെ ബഹുമാനിക്കേണ്ടതുണ്ട്. നിങ്ങൾ ഉപയോഗിക്കുന്ന വാക്കുകൾ സഹോദരിമാരെയും പെൺമക്കളെയും മാതാപിതാക്കളെയും സമൂഹത്തെത്തന്നെയും ലജ്ജിപ്പിക്കുന്നു. ജനപ്രീതി ഉണ്ടെന്നു കരുതി എന്തും പറയാമെന്നു കരുതരുതെന്നും കോടതി പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്കു പോകുമെന്ന മുന്നറിയിപ്പു നൽകിയ കോടതി, അന്വേഷണത്തിനു ഹാജരാകണമെന്നും കൂടുതൽ പരാമർശങ്ങൾ നടത്തരുതെന്നും നിർദേശിച്ചു. അലബാദിയയുടെ പരാമർശത്തിന്റെ പേരിൽ പലയിടങ്ങളിലായി ഫയൽ ചെയ്ത കേസുകളിൽ അറസ്റ്റ് കോടതി തടഞ്ഞിട്ടുണ്ട്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
മുന്‍ ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡിന്റെ മകനും അഭിഭാഷകനുമായ അഭിനവ് ചന്ദ്രചൂഡാണ് രണ്‍വീറിനു വേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.