‘രാമചന്ദ്രൻ നായരെ പ്രതിയാക്കിയത് മനസ്സിരുത്തി തന്നെയാണോ, പ്രതിച്ഛായയ്ക്ക് ഉണ്ടാകുന്ന കേടുപാട് ആരു പരിഹരിക്കും?’

Mail This Article
കൊച്ചി ∙ പാതിവില തട്ടിപ്പ് കേസിൽ റിട്ട. ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻ നായർക്ക് എതിരെ കേസെടുത്തതിൽ ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. ഭരണഘടനാ പദവിയിലിരുന്ന ആൾക്കെതിരെ കേസെടുക്കുന്നതിനു മുൻപ് വസ്തുതകൾ പരിശോധിച്ചിരുന്നോ എന്ന് കോടതി ആരാഞ്ഞു. ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതി ചേർത്തത് പൊലീസ് നടത്തിയ അധികാര ദുര്‍വിനിയോഗമാണെന്നും ജുഡീഷ്യറിയിലുള്ള വിശ്വാസം തകർക്കാനുള്ള ഗൂഡലക്ഷ്യത്തോടെ എടുത്ത കേസാണെന്നും ചൂണ്ടിക്കാട്ടി ഒരുകൂട്ടം അഭിഭാഷകരാണ് ഹൈക്കോടതിയെ സമീപിച്ചത്.
എന്നാൽ ഹർജി തൽക്കാലം ഫയലിൽ സ്വീകരിക്കുന്നില്ലെന്നും വിഷയത്തിൽ സർക്കാർ നിലപാട് അറിയിക്കാനും ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, പി. കൃഷ്ണകുമാർ എന്നിവരുെട ബെഞ്ച് നിർദേശിച്ചു. എന്നാൽ ഈ വിഷയത്തിൽ കോടതിയെ സമീപിക്കാന്‍ ഹർജിക്കാർക്കുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്തു. എല്ലാ കേസുകളും മനസ്സിരുത്തി തന്നെയാണ് റജിസ്റ്റർ ചെയ്യുന്നത്. ഈ കേസിൽ പൊലീസിന്റെ നിലപാട് അറിഞ്ഞതിനു ശേഷം വിശദീകരണം നൽകാമെന്നും സർക്കാർ അറിയിച്ചു.
പാതിവില തട്ടിപ്പുമായി ബന്ധപ്പെട്ട് പെരിന്തൽമണ്ണ റജിസ്റ്റർ ചെയ്ത കേസിലാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. കെ.എൻ. ആനന്ദ കുമാർ ഒന്നാം പ്രതിയും അനന്തു കൃഷ്ണൻ രണ്ടാം പ്രതിയുമാണ്. തട്ടിപ്പിനു മുഖ്യപങ്കു വഹിച്ചു എന്നു കരുതുന്ന നാഷനൽ എൻജിഒ കോൺഫെഡറേഷന്റെ രക്ഷാധികാരി എന്ന നിലയിലാണ് രാമചന്ദ്രൻ നായരെ മൂന്നാം പ്രതിയാക്കിയിരിക്കുന്നത്.
ഭരണഘടനാ പദവിയിൽ ഇരുന്നയാളെ കേസിൽ പ്രതിയാക്കിയത് മനസ്സിരുത്തി തന്നെയാണോ എന്ന് കോടതി ആരാഞ്ഞു. ഇത് ഏതെങ്കിലും വ്യക്തിയുടെ കാര്യമല്ല, മറിച്ച് ജുഡീഷ്യറിയുടെ വിശ്വാസ്യതയുമായി ബന്ധപ്പെട്ടതാണ്. നിയമസംവിധാനത്തിന്റെ പ്രതിച്ഛായയ്ക്ക് ഉണ്ടാകുന്ന കേടുപാട് പിന്നീട് ആരു പരിഹരിക്കുമെന്നും കോടതി ചോദിച്ചു. പൊലീസിന്റെ നടപടിയിൽ നല്ല ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. ‘‘മാധ്യമവാർത്തകളുടെ ബഹളത്തിന് അനുസരിച്ചാണോ ഭരണഘടനാ പദവിയിലിരുന്നയാൾക്ക് എതിരെ കേസെടുക്കുന്നത്? കേസെടുത്തതോടെ എന്തൊക്കെ ചർച്ചകളാണ് സമൂഹത്തിൽ നടക്കുന്നത് എന്ന് നോക്കിയിട്ടുണ്ടോ?’’ കോടതി ചോദിച്ചു.
സാമ്പത്തിക തട്ടിപ്പുമായി ജസ്റ്റിസ് രാമചന്ദ്രൻ നായരെ ബന്ധിപ്പിക്കാനുള്ള തെളിവുകളില്ല എന്നു കാട്ടിയാണ് ഹർജി കോടതി മുൻപാകെ എത്തിയത്. പരാതിക്കാരൻ പോലും ജസ്റ്റിസ് രാമചന്ദ്രൻ നായരെ പ്രതിയാക്കണമെന്ന് പറഞ്ഞിട്ടില്ല. എൻജിഒയുടെ ആലങ്കാരിക പദവി വഹിക്കുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമികാന്വേഷണം പോലും പൊലീസ് നടത്തിയിട്ടില്ല. അതിനാൽ ജസ്റ്റിസ് രാമചന്ദ്രൻ നായർക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം.