യൂത്ത് കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം ട്രോളി ബാഗിൽ; കൊന്നത് കഴുത്ത് ഞെരിച്ചെന്ന് സംശയം

Mail This Article
ചണ്ഡിഗഡ്∙ ഹരിയാനയിൽ 23കാരിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകയെ കൊന്ന് മൃതദേഹം ട്രോളി ബാഗിൽ ഉപേക്ഷിച്ച നിലയിൽ. ഹരിയാന സോനെപത്തിലെ കഥുര ഗ്രാമത്തിൽനിന്നുള്ള ഹിമാനി നർവാൾ ആണ് മരിച്ചത്. റോഹ്തക്-ഡൽഹി ഹൈവേയിലെ സാംപ്ല ബസ് സ്റ്റാൻഡിന് 200 മീറ്റർ അകലെയാണു മൃതദേഹം കണ്ടെത്തിയത്. സംസ്ഥാനത്ത് മുനിസിപ്പൽ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണു സംഭവം.
കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതാണെന്നാണു പ്രാഥമിക നിഗമനം. കഴുത്തിൽ മുറിവുകളുണ്ടെന്നു പൊലീസ് അറിയിച്ചു. ഫൊറൻസിക് ടീം സ്ഥലത്തെത്തി പരിശോധന നടത്തും. മൃതദേഹം ഉപേക്ഷിച്ച സമയം മനസ്സിലാക്കാൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നു സാംപ്ല എസ്എച്ച്ഒ ബിജേന്ദർ സിങ് പറഞ്ഞു.
മരിച്ച ഹിമാനി നർവാൾ റോഹ്തക് ജില്ലയിലെ യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റാണ്. ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം ഹിമാനി പങ്കെടുത്തിരുന്നു. ഭൂപീന്ദർ ഹൂഡയുടെയും ദീപീന്ദർ ഹൂഡയുടെയും തിരഞ്ഞെടുപ്പ് പ്രചാരണത്തിലും സജീവസാന്നിധ്യമായിരുന്നു ഹിമാനി.
ഹിമാനി നർവാളിന്റെ മരണത്തിൽ ഭൂപീന്ദർ ഹൂഡ അനുശോചനം അറിയിച്ചു. ‘‘ഒരു പെൺകുട്ടിയെ ഈ രീതിയിൽ കൊലപ്പെടുത്തുകയും മൃതദേഹം സ്യൂട്ട്കേസിൽ കണ്ടെത്തുകയും ചെയ്തത് അങ്ങേയറ്റം ദുഃഖകരവും ഞെട്ടിപ്പിക്കുന്നതുമാണ്. ഇത് സംസ്ഥാനത്തെ ക്രമസമാധാന നിലയുടെ തകർച്ചയാണ്’’ – ഹൂഡ എക്‌സിൽ കുറിച്ചു.
അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് റോഹ്തക് എംഎൽഎ ഭരത് ഭൂഷൺ ബത്ര ആവശ്യപ്പെട്ടു. പ്രതിക്ക് ഏറ്റവും കഠിനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.