പാതിവില തട്ടിപ്പ് കേസ്: ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ പൊലീസ് കൊടുക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി
Mail This Article
തിരുവനന്തപുരം∙ പാതിവില തട്ടിപ്പ് കേസില്‍ ഇ.ഡി ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് കേന്ദ്രധന സഹമന്ത്രി പങ്കജ് ചൗധരി. എഫ്‌ഐആറിന്റെ പകര്‍പ്പും കേസന്വേഷണത്തിന്റെ വിവരങ്ങളുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍ ഒരു വിവരവും നല്‍കാന്‍ പൊലീസ് തയാറാകുന്നില്ലെന്ന് ലോക്സഭയിൽ എന്‍.കെ. പ്രേമചന്ദ്രന്റെ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം പന്ത്രണ്ടിടത്ത് ഇ.ഡി പരിശോധന നടത്തിയെന്നും ഇടത്തരക്കാരാണ് കൂടുതല്‍ തട്ടിപ്പിന് ഇരയായതെന്നും മന്ത്രി അറിയിച്ചു. തട്ടിപ്പ് സംബന്ധിച്ച് അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുന്നതു പരിഗണനയിലില്ലെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേസില്‍ പ്രതിയായ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദ കുമാറിന്റെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ തിരുവനന്തപുരം പ്രിന്‍സിപ്പള്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച വിധി പറയും.
ആനന്ദകുമാറിന്റെ അക്കൗണ്ടിലേക്കു വന്നിരുന്ന മുഴുവന്‍ പണവും ട്രസ്റ്റിനു ലഭിച്ചതാണെന്നും വ്യക്തിപരമായി കിട്ടിയതല്ലെന്നും പ്രതിഭാഗം അഭിഭാഷകര്‍ കോടതിയെ അറിയിച്ചു. രേഖാമൂലം നികുതി അടച്ചിരുന്നുവെന്നും തെളിവുകള്‍ നല്‍കാമെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ആരും വെറുതേ പണം നല്‍കില്ലെന്നും ആനന്ദകുമാറിന്റെ പൂര്‍ണ അറിവോടെയാണ് തട്ടിപ്പെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.
കണ്ണൂര്‍ ടൗണ്‍ പൊലീസ് എടുത്ത കേസില്‍ കണ്ണൂര്‍ എസ്പിയാണ് എതിര്‍കക്ഷി. കണ്ണൂര്‍ സീഡ് സൊസൈറ്റി സെക്രട്ടറിയും പളളിക്കുന്ന് എടച്ചേരി മാനസം ഹൗസില്‍ എ.മോഹനന്‍ നല്‍കിയ പരാതിയിലാണ് ആനന്ദ കുമാര്‍ അടക്കം ഏഴു പേരെ പ്രതികളാക്കി പൊലീസ് കേസ് എടുത്തത്. പ്രതികള്‍ക്കെതിരെ വിശ്വാസ വഞ്ചന, ചതി എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുളളത്.
കണ്ണൂര്‍ സീഡ് സൊസൈറ്റിയിലെ വനിത അംഗങ്ങള്‍ക്ക് സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് 50 ശതമാനം നിരക്കില്‍ ഇരുചക്ര വാഹനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് 2,96,40,000 രൂപ തട്ടിയെടുത്തു എന്നാണ് കേസ്.