വെയിലേറ്റ് വാടരുത്; കിരണങ്ങൾ കഠിനം; യുവി അധികമായാൽ തിമിരം മുതൽ ത്വക്രോഗം വരെ!

Mail This Article
പത്തനംതിട്ട ∙ പൊള്ളുന്ന വെയിൽ, വാടിപ്പോകുന്ന ശരീരം. കനത്ത ചൂടിനു പുറമേ അന്തരീക്ഷത്തിലെ അൾട്രാ വയലറ്റ് (യുവി) കിരണങ്ങളുടെ ഉയർന്ന തോതും സംസ്ഥാനത്തെ ജനജീവിതം ദുരിതപൂർണമാക്കുന്നു. കൊട്ടാരക്കരയിൽ ഇന്നലെ യുവി തോത് 10 വരെ ഉയർന്നതോടെ കേരളവും വികിരണ ഭീഷണിയുടെ നിഴലിലായി. കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ എന്നിവിടങ്ങളിൽ 9 ആണ് യുവി ഇൻഡക്സ്. യുവി ഇൻഡക്സ് 5ന് മുകളിലേക്കു പോയാൽ അപകടകരമാണെന്നു സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പറയുന്നു. വെയിലിന് ഒപ്പം എത്തുന്ന തരംഗ ദൈർഘ്യം കുറഞ്ഞ വികിരണമാണ് യുവി. അന്തരീക്ഷത്തിലെ ഓസോൺ പാളിയും വായുമണ്ഡലവും ജലതന്മാത്രകളും എല്ലാം കടന്നു ഭൂമിയിൽ എത്തുന്ന ഇവ ശരീരത്തിൽ വൈറ്റമിൻ ഡി നിർമിക്കാൻ നല്ലതാണെങ്കിലും അധികമായാൽ മാരകമാണ്.
ദുരന്ത നിവാരണ വകുപ്പ് ഈ വേനൽ കാലത്തിന്റെ തുടക്കത്തിൽ ആരംഭിച്ച യുവി നിരീക്ഷണ സംവിധാനമാണ് ഇന്ത്യയിലെ തന്നെ ഏറ്റവുമധികം യുവി വികിരണ ഭീഷണിയുള്ള സ്ഥലമാണ് കേരളമെന്ന തിരിച്ചറിവിലേക്ക് എത്തിച്ചിരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് യുവി തോത് നിരീക്ഷണ വിധേയമാകുന്നതെന്നു ദുരന്ത നിവാരണ അതോറിറ്റി മെംബർ സെക്രട്ടറി ശേഖർ എൽ.കുര്യാക്കോസ് പറഞ്ഞു. മേഘാവരണത്തിലെ കുറവ്, മഴക്കുറവ്, ഭൂമധ്യരേഖയോടു ചേർന്നു കിടക്കുന്ന തെക്കൻ കേരളത്തിന്റെ ഉഷ്ണമേഖലാ ഭൂമിശാസ്ത്രം, കാലാവസ്ഥാ മാറ്റം, പച്ചപ്പിലെ കുറവ്, വർധിച്ച നിർമിതികൾ, സൗരചക്രങ്ങൾ തുടങ്ങി പല ഘടകങ്ങളാണ് ഇതിനു പിന്നിൽ.
∙ 3 മണി വരെ ഉയർന്ന യുവി, കുടയും ഗ്ലാസും നല്ലത്
രാവിലെ 10 മുതൽ 3 മണി വരെയാണ് ഉയർന്ന സൂചിക രേഖപ്പെടുത്തിയിരിക്കുന്നത്. പുറംജോലികൾ ചെയ്യുന്നവരും യാത്ര ചെയ്യുന്നവരും വിദ്യാർഥികളും മറ്റും ജാഗ്രത പാലിക്കണം. അത്യാവശ്യമില്ലെങ്കിൽ ഈ സമയം പുറം യാത്രകൾ ഒഴിവാക്കുക. ഇറങ്ങിയാൽ കുടചൂടി ദേഹം പൊതിയുന്നത് നല്ലത്. സൺ ഗ്ലാസ് തൊപ്പി, കുട, അയഞ്ഞ കോട്ടൺ വസ്ത്രം എന്നിവ ധരിക്കണം. തണലിൽ വിശ്രമിക്കുക, ധാരാളം വെള്ളം കുടിക്കുക തുടങ്ങിയ പല നിർദേശങ്ങളും അതോറിറ്റി പുറപ്പെടുവിച്ചു. വളർത്തു മൃഗങ്ങൾക്കും തണലും വെള്ളവും നൽകണം.
∙ യുവി അധികമായാൽ തിമിരം മുതൽ ത്വക്ക് രോഗം വരെ
ഇന്ത്യയിൽ തന്നെ ഏറ്റവുമധികം തിമിര (കാറ്ററാക്ട്) രോഗികളുള്ള സംസ്ഥാനമായി കേരളം മാറുന്നതിനു പിന്നിൽ യുവി കിരണങ്ങളുടെ വർധിത സാന്നിധ്യം പ്രധാന കാരണമാണെന്ന് ഈ രംഗത്തെ വിദഗ്ധർ പറയുന്നു. ത്വക്ക് രോഗങ്ങൾ, ത്വക്കിലെ അർബുദം, ചർമത്തിലെ അകാല വാർധക്യം, സൂര്യാതപം തുടങ്ങിയ പല പ്രശ്നങ്ങൾക്കും യുവി വഴിവയ്ക്കും. യുവി പ്രതിരോധശേഷിയുള്ള സോപ്പ് ഉപയോഗിച്ചു കഴുകുന്ന വസ്ത്രങ്ങളിലൂടെ യുവി കിരണങ്ങൾ കുറഞ്ഞ തോതിലേ കടന്നുപോകാൻ സാധ്യത ഉള്ളൂ എന്ന് ബത്തേരി സെന്റ് മേരീസ് കോളജിലെ ഗവേഷണ ഗൈഡ് ആയ ഡോ. ജോർജ് മാത്യു പറയുന്നു. യുവി പ്രതിരോധ ശേഷിയുണ്ടാക്കുന്ന നാനോ സോപ്പുകളും വസ്ത്രങ്ങളും ഭാവിയിൽ ആവശ്യമായി വരുമെന്നും ഈ രംഗത്ത് പ്രവർത്തിക്കുന്ന ഡോ. ജോർജ് പറയുന്നു.