‘അയ്യപ്പനെ കൂടുതൽ സമയം കണ്ടു’ ; 5 ദിവസം നിർണായകം, വിഷു മുതൽ ‘ഹൈബ്രിഡ്’; സന്നിധാനത്തെ പുതിയ ദർശന രീതി എങ്ങനെ?

Mail This Article
ശബരിമല ∙ കൂടുതൽ സമയം അയ്യപ്പനെ കാണാൻ കഴിഞ്ഞെന്നു തീർഥാടകർക്ക് സംതൃപ്തി, പുതിയ രീതി വിജയമെന്ന് ദേവസ്വം ബോർഡ്, പഠിക്കുമെന്ന് പൊലീസും. ശബരിമലയിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കിയ പുതിയ ദർശനരീതിയെക്കുറിച്ചുള്ള അഭിപ്രായങ്ങളാണ് ഇങ്ങനെ. പുതിയ രീതിയിൽ വിജയവും പരാജയവും ഉണ്ടെന്നാണ് തന്ത്രി കണ്ഠരര് രാജീവര് പറഞ്ഞത്. തിരക്കു കൂടിയാൽ സന്നിധാനത്ത് പുതിയ രീതി ഉൾപ്പെടുന്ന ‘ഹൈബ്രിഡ്’ രീതി പരീക്ഷിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. പുതിയ ദർശന രീതി എങ്ങനെ?. തീർഥാടകർ, ദേവസ്വം ബോർഡ് അധികൃതർ, പൊലീസ്, എന്നിവരുടെ വിലയിരുത്തലുകൾ നോക്കാം.
∙ 20 സെക്കന്റ് ദർശനം കിട്ടുന്നു, പക്ഷേ ഇടതു വരിയിൽ .. തീർഥാടകർ പറയുന്നു
ബലിക്കൽപുര വഴി കടന്നു പോകുന്നതിനാൽ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം കിട്ടിയ സന്തോഷം ചില തീർഥാടകർ പങ്കുവച്ചു. വലത്തെ ക്യൂവിലൂടെ വരുന്നവർ മുൻപിലെത്തിയശേഷം ഇടത്തോട്ടു തിരിഞ്ഞാണ് പുറത്തിറങ്ങുന്നത്. അതിനാൽ ശ്രീകോവിലിന്റെ മുൻപിൽ 10 സെക്കൻഡ് വരെ കൂടുതൽ ദർശനത്തിനു കിട്ടുന്നു. അതേസമയം വലതുവശത്തെ വരിയെ അപേക്ഷിച്ച് ഇടതുവശത്തുകൂടി പോകുന്നവർക്കു ദർശന സമയം കുറയുന്നെന്നും പരാതിയുണ്ട്. ഇവർക്ക് ഗണപതിഹോമം നടക്കുന്ന മണ്ഡപം അവസാനിക്കുന്ന ഭാഗത്തു വരെ മാത്രമാണു ദർശനം കിട്ടുന്നതെന്നും അവിടെ എത്തുമ്പോൾ അവർ വരിയിൽനിന്നു പുറത്തേക്ക് പോകുകയാണെന്നുമാണ് പരാതി. ഇരുമുടിക്കെട്ട് ശിരസിലേറ്റി പോകുന്നവർ മുൻനിരയിലെ വരിയിൽനിന്നു തൊഴുമ്പോൾ പിന്നിലുള്ളവർക്കു കാഴ്ച മറയുന്നെന്നാണു മറ്റൊരു പോരായ്മ. പരീക്ഷണാടിസ്ഥാനത്തിലുള്ള നടപടി ആയതിനാൽ തന്നെ ഭക്തർ പൂർണമായും പുതിയ ദർശനരീതിയോട് സഹകരിക്കുന്നുണ്ട്.
∙ അങ്ങനെ വന്നാൽ ഫ്ലൈ ഓവർ ഉപയോഗിക്കും
പരീക്ഷണം വിജയമാണെന്നും 25 സെക്കൻഡ് വരെ ദർശനം ലഭിച്ചതിന്റെ സന്തോഷം തീർഥാടകർ പങ്കുവച്ചുവെന്നുമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞത്. ‘‘പുതിയ രീതി പിന്തുടരാൻ തന്നെയാണ് ദേവസ്വം ബോർഡ് ആഗ്രഹിക്കുന്നത്. സീസൺ ആയിക്കഴിഞ്ഞാൽ വലിയ തിരക്ക് വരും. ആ ഘട്ടത്തിൽ ഒരു ഹൈബ്രിഡ് സിസ്റ്റം നടപ്പിലാക്കാനാണ് നീക്കം. ഇതിനായി ഫ്ലൈ ഓവർ കൂടി ഉപയോഗിക്കും. ഹൈബ്രിഡ് സിസ്റ്റത്തിൽ നാല് ട്രാക്കുകൾ പെട്ടെന്ന് ക്രമീകരിക്കുന്ന വിധത്തിലായിരിക്കും നടപ്പാക്കുക. തിരക്ക് കുറയുമ്പോൾ നടപ്പിലാക്കിയിരിക്കുന്ന പുതിയ രീതി ഉപയോഗിക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്’’ – പി.എസ്.പ്രശാന്ത് പറഞ്ഞു.
‘‘ചില സമയത്ത് ക്രൗഡ് മാനേജ്മെന്റ് വലിയതാകും. അപ്പോൾ ഈ രീതി മാത്രം പിന്തുടരുക ബുദ്ധിമുട്ടാകും. അപ്പോൾ ഹൈബ്രിഡിലേക്ക് മാറുകയെന്നതാണ് മാർഗം. 5 മിനിറ്റുകൊണ്ട് നാല് ട്രാക്കുകളും ഭഗവാന്റെ നടയിലൂടെ തന്നെ ക്രമീകരിക്കുന്ന ഹൈബ്രിഡ് രീതി വരും. തിരക്ക് കുറഞ്ഞാൽ പതിനെട്ടാം പടി വഴി കടത്തിവിടും. വിഷുക്കാലം മുതൽ ഹൈബ്രിഡ് സിസ്റ്റം നടപ്പാക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. പോരായ്മകൾ പരിഹരിച്ച് വിഷുക്കാല ദർശനം സുഗമമാക്കും. ഇനിയും പോരായ്മകൾ കണ്ടെത്തി പരിഹരിക്കാൻ ബോർഡ് ഒരുക്കമാണ്. മാസപൂജയായതിനാൽ ഇന്നലെ തിരക്കു കുറവായിരുന്നു’’ – പി.എസ്.പ്രശാന്ത് പറഞ്ഞു.

∙ വലിയ തിരക്കു വന്നാൽ എന്തു ചെയ്യുമെന്നറിയല്ല, 5 ദിവസം കഴിയട്ടെ
‘‘പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയതാണ് പുതിയ ദർശന രീതി. ഇപ്പോൾ ഈ രീതിയെ കുറിച്ച് ഒന്നും പറയാൻ സാധിക്കില്ല. പരാജയവും വിജയവും രണ്ടും പുതിയ ദർശന രീതിയിലുണ്ട്. ഒരാഴ്ച കൂടി കഴിഞ്ഞ് പുതിയ രീതിയുടെ കാര്യങ്ങൾ പറയാൻ സാധിക്കും.’’ – തന്ത്രി കണ്ഠരര് രാജീവര് വ്യക്തമാക്കി.
‘‘പുതിയ ദർശന രീതിയിൽ തീർഥാടകരുടെ പ്രതികരണങ്ങൾ പഠിച്ചു വരുന്നതേയുള്ളൂ. ഈ ഘട്ടത്തിൽ ഒന്നും പറയാൻ സാധിക്കില്ല. പരീക്ഷണാടിസ്ഥാനത്തിലാണ് തുടങ്ങിയത്. തിരക്കു കുറയുമോയെന്നു ഇപ്പോൾ പറയാൻ സാധിക്കില്ല. തീർഥാടകരുടെ വലിയ തിരക്ക് വന്നാൽ എങ്ങനെയായിരിക്കുമെന്നു പറയാൻ സാധിക്കില്ല. അടുത്ത മാസം കൂടി പരീക്ഷണാടിസ്ഥാനത്തിൽ പുതിയ ദർശന രീതി നടപ്പാക്കുന്നുണ്ട്. അതുകൂടി പരിശോധിക്കും. 5 ദിവസത്തിനു ശേഷം പുതിയ രീതിയുടെ വിലയിരുത്തൽ നടത്തും. എല്ലാ മേഖലയിൽ നിന്നുള്ളവരുടെ സഹകരണം ഈ ഘട്ടത്തിൽ ആവശ്യമാണ്.’’ പത്തനംതിട്ട എസ്.പി. വിനോദ് കുമാർ പറഞ്ഞു.
∙ എന്താണ് പുതിയ ദർശന രീതി?
ഇരുമുടിക്കെട്ട് ഇല്ലാതെ വരുന്നവർ നെയ്യഭിഷേകത്തിനു വരി നിൽക്കുന്നതിനു സമീപത്തു കൂടി മേൽപാലം കയറി പഴയ രീതിയിൽ സോപാനത്ത് എത്തി ദർശനം നടത്തണം. ഇതിനായി ആദ്യ രണ്ടു നിരയാണ് ഉദ്ദേശിക്കുന്നത്. പൂജകളും വഴിപാടുകളും ഉള്ള സമയത്ത് ഒന്നാം നിരയിൽ വഴിപാടുകാർക്കാണു സ്ഥാനം. ഇരുമുടി കെട്ടില്ലാതെ വരുന്നവർക്കു വടക്കേനട വഴി ദർശനത്തിനെത്താം. ഇവർ പഴയ രീതിയിലാണു ദർശനത്തിനായി സോപാനത്തു വരുന്നത്.
പതിനെട്ടാംപടി കയറി വരുന്നവരെ മാത്രം ബലിക്കൽപുര വഴി കടത്തി വിടും. ഇവർക്ക് കുറഞ്ഞത് 20 മുതൽ 25 സെക്കൻഡ് ദർശനം ലഭിക്കുന്ന വിധത്തിലാണ് പുതിയ ക്രമീകരണം. പതിനെട്ടാംപടി കയറി വരുന്ന തീർഥാടകരെ കൊടിമര ചുവട്ടിൽ തന്നെ രണ്ടായി തിരിക്കും. ബലിക്കൽ പുരയുടെ രണ്ട് വശത്തായി ഇവർ നീങ്ങും. വരികളിൽ നിൽക്കുന്നവരെ വേർതിരിക്കാൻ സ്റ്റീൽ കാണിക്ക വഞ്ചിയും സ്ഥാപിച്ചു.

പുതിയ ദർശന രീതി നടപ്പാക്കുന്നതിനുള്ള പ്ലാറ്റ്‌ഫോം, ബാരിക്കേഡ്, രണ്ട് വശത്തെ ക്യൂവിൽ ഉള്ളവരെ വേർതിരിക്കാനുള്ള കാണിക്ക വഞ്ചി എന്നിവയുടെ പണികൾ പൂർത്തികരിച്ചിട്ടുണ്ട്. പ്ലാറ്റ്‌ഫോം ഉറപ്പിക്കൽ, ബാരിക്കേഡുകൾ കൂട്ടി യോജിപ്പിക്കൽ തുടങ്ങിയ ജോലികൾ നേരത്തെ തന്നെ പൂർത്തീകരിച്ചിരുന്നു. സോപാനത്തു ദേവസ്വം ഗാർഡുകളുടെ നിയന്ത്രണത്തിലുള്ള ഒന്നാം നിര അഷ്ടാഭിഷേകം, കളഭാഭിഷേകം, പുഷ്പാഭിഷേകം തുടങ്ങി പൂജാ വഴിപാടുകാർക്കായി മാറ്റും.