‘കേരളത്തിൽ വ്യവസായം നശിപ്പിച്ചത് ‘കമ്യൂണിസം’; ബംഗാളിലെയും ത്രിപുരയിലെയും കലാപങ്ങൾ മറക്കരുത്’: നിർമല സീതാരാമൻ

Mail This Article
ന്യൂഡൽഹി ∙ കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചതെന്ന് ധനമന്ത്രി നിർമല സീതാരാമൻ രാജ്യസഭയിൽ. ‘‘കേരളത്തിൽ ഇപ്പോൾ നോക്കു കൂലി ഇല്ല എന്നാണ് മുഖ്യമന്ത്രി പറയുന്നത്. അതിനർഥം നേരത്തെ നോക്കുകൂലി ഉണ്ടായിരുന്നു എന്നല്ലേ. ഇത്തരം കമ്യൂണിസമാണ് കേരളത്തിൽ വ്യവസായം നശിപ്പിച്ചത്’’ – എന്നായിരുന്നു നിർമലയുടെ പരാമർശം. സിപിഎമ്മിന്റെ മുതിർന്ന അംഗം ബികാസ് രഞ്ജൻ ഭട്ടാചാര്യ മണിപ്പുർ വിഷയത്തെ കുറിച്ച് സംസാരിച്ച് തുടങ്ങിയപ്പോഴാണ് നിർമല കേരളത്തിലെ കമ്യൂണിസത്തിന് എതിരെ സംസാരിച്ചത്.
ബംഗാളിലും ത്രിപുരയിലും വലിയ പ്രശ്നങ്ങളും കലാപങ്ങളും നടന്നത് സിപിഎം ഭരിക്കുമ്പോഴായിരുന്നു. കേരളത്തിലേക്ക് ബസിൽ ഒരാൾ പോയി ഇറങ്ങിക്കഴിഞ്ഞാൽ ബാഗ് പുറത്തേക്കെടുക്കണമെങ്കിൽ 50 രൂപ നൽകണം. ഒപ്പം നോക്കുകൂലിയായി സിപിഎം കാർഡുള്ള ആൾക്ക് അതേപോലെ പണം നൽകേണ്ടി വരുമെന്നും നിർമല സീതാരാമൻ പറഞ്ഞു. ധനമന്ത്രിയുടെ സംസാരത്തിനിടെ പി. സന്തോഷ് കുമാര്‍ എംപി ധനമന്ത്രി പറയുന്നത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടാൻ ശ്രമിച്ചു. കമ്യൂണിസത്തേയും കമ്യൂണസത്തിന്റെ ഭാഗമായി നിങ്ങൾ പറയുന്ന കാര്യങ്ങളെയും എന്റെ വായിലേക്ക് തിരുകാൻ ശ്രമിക്കേണ്ട എന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. മണിപ്പുർ വിഷയത്തിൽ ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപിമാര്‍ ബഹളംവച്ചിരുന്നു. തൃണമൂൽ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി സഭ വിട്ടശേഷമായിരുന്നു നിർമലയുടെ പരാമർശം.