‘രാജ്യത്തിന്റെ ഏറ്റവും പ്രശസ്തയായ പുത്രീ, ഞങ്ങൾ കാത്തിരിക്കുന്നു’, സുനിത വില്യംസിന് ഹൃദയം തൊട്ട് മോദിയുടെ കത്ത്

Mail This Article
ന്യൂഡൽഹി ∙ ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്ന സുനിത വില്യംസിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്തി നരേന്ദ്ര മോദി മാർച്ച് ഒന്നിന് അയച്ച കത്ത് പുറത്ത്. സുനിത വില്യംസ് ഭൂമിയിലേക്ക് തിരിച്ചതിനു ശേഷം കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് ആണ് കത്ത് പുറത്തുവിട്ടത്.
അടുത്തിടെ അമേരിക്കൻ സന്ദർശന വേളയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹത്തിന്റെ മുൻഗാമിയായ ജോ ബൈഡനെയും സന്ദർശിച്ചപ്പോൾ 2024 ജൂൺ മുതൽ ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിന്റെ ക്ഷേമത്തെ കുറിച്ച് അന്വേഷിച്ചിരുന്നതായി മോദിയുടെ കത്തിൽ പറയുന്നു.
ഈ മാസം ഡൽഹിയിൽ മുൻ നാസ ബഹിരാകാശയാത്രിക മൈക്ക് മാസിമിനോയുമായുള്ള കൂടിക്കാഴ്ചയിൽ, സുനിത വില്യംസിന്റെ പേര് ഉയർന്നുവന്നിരുന്നതായി പ്രധാനമന്ത്രി കത്തിൽ എഴുതിയിട്ടുണ്ട്. ‘‘നിങ്ങളെയും നിങ്ങളുടെ പ്രവർത്തനങ്ങളെയും കുറിച്ച് ഞങ്ങൾ എത്രമാത്രം അഭിമാനിക്കുന്നുവെന്ന് ചർച്ച ചെയ്തു. ഈ ആശയവിനിമയത്തിനുശേഷം, നിങ്ങൾക്ക് കത്ത് എഴുതുന്നതിൽ നിന്ന് എനിക്ക് എന്നെ തന്നെ തടയാൻ കഴിഞ്ഞില്ല’’ – മോദി പറയുന്നു.
1.4 ബില്യൺ ഇന്ത്യക്കാർ എപ്പോഴും നിങ്ങളുടെ നേട്ടങ്ങളിൽ വളരെയധികം അഭിമാനിക്കുന്നു. സമീപകാല സംഭവവികാസങ്ങളിലൂടെ നിങ്ങൾ വീണ്ടും പ്രചോദനാത്മകമായ ധൈര്യവും സ്ഥിരോത്സാഹവും പ്രകടമാക്കിയിരിക്കുന്നുവെന്നും മോദി കത്തിൽ വിശദീകരിക്കുന്നു. പരേതനായ ദീപക്ഭായിയുടെ അനുഗ്രഹം നിങ്ങളോടൊപ്പമുണ്ടെന്ന് തനിക്ക് ഉറപ്പുണ്ടെന്ന് സ്വന്തം സംസ്ഥാനമായ ഗുജറാത്തിൽ താമസിച്ചിരുന്ന സുനിതയുടെ പിതാവ് ദീപക് പാണ്ഡ്യയെ പരാമർശിച്ച് മോദി കത്തിൽ എഴുതി. സുനിതയുടെ മാതാവ് ബോണി പാണ്ഡ്യ തിരിച്ചുവരവിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നുണ്ടാകുമെന്നും അദ്ദേഹം പറയുന്നു.
‘‘ആയിരക്കണക്കിന് മൈലുകൾ അകലെയാണെങ്കിലും, നിങ്ങൾ ഞങ്ങളുടെ ഹൃദയങ്ങളോട് ചേർന്നുനിൽക്കുന്നു. നിങ്ങളുടെ നല്ല ആരോഗ്യത്തിനും ദൗത്യത്തിലെ വിജയത്തിനും വേണ്ടി ഇന്ത്യയിലെ ജനങ്ങൾ പ്രാർഥിക്കുന്നു. തിരിച്ചുവരവിനു ശേഷം, ഇന്ത്യയിൽ നിങ്ങളെ കാണാൻ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തയായ പുത്രിമാരിൽ ഒരാൾക്ക് ആതിഥേയത്വം വഹിക്കാൻ കഴിയുന്നത് സന്തോഷകരമായിരിക്കും’’ – പ്രധാനമന്ത്രി കത്തിൽ എഴുതി.