ട്രംപ് ചോദിച്ചു, പക്ഷേ പുട്ടിൻ തള്ളി, ‘പണി’ കിട്ടിയത് യുക്രെയ്ന്; യുഎസ് വിചാരിച്ചാൽ ഇനി യുദ്ധം തീരുമോ?

Mail This Article
യുക്രെയ്ൻ–റഷ്യ യുദ്ധത്തിൽ താൽക്കാലിക വെടിനിർത്തലിനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വേദിയൊരുക്കിയെങ്കിലും മേഖലയിൽ ഉടൻ സമാധാനം പുലരില്ലെന്നു തന്നെയാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. 90 മിനിറ്റ് നീണ്ട ഫോൺ കോൾ ചർച്ചയിൽ യുക്രെയ്ന്റെ ഊർജോൽപാദന കേന്ദ്രങ്ങളെ ലക്ഷ്യമിടുന്നതു താൽക്കാലികമായി നിർത്തിവയ്ക്കാമെന്നു മാത്രമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സമ്മതിച്ചിട്ടുള്ളത്, അതും 30 ദിവസം മാത്രം. ട്രംപുമായുള്ള പുട്ടിന്റെ ഫോൺ സംഭാഷണത്തിൽ യുക്രെയ്ന് കാര്യമായ നേട്ടമൊന്നുമില്ലെന്നാണ് രാജ്യാന്തര നിരീക്ഷകരും വിലയിരുത്തുന്നത്.
∙ പുട്ടിന്റെ നിർദേശം യൂറോപ്യൻ രാജ്യങ്ങൾ സ്വീകരിച്ചേക്കില്ല
30 ദിവസത്തെ പൂർണ വെടിനിർത്തലെന്ന ട്രംപിന്റെ ആവശ്യം പുട്ടിൻ നിരാകരിച്ചതോടെ, സൈനിക നീക്കം തുടരുമെന്നു വ്യക്തം. യുക്രെയ്നുള്ള സൈനിക സഹായം പാശ്ചാത്യ രാജ്യങ്ങൾ പൂർണമായി നിർത്തിയശേഷമേ ട്രംപിന്റെ പദ്ധതി അംഗീകരിക്കാനാകൂ എന്ന നിലപാടാണ് പുട്ടിന്റേത്. എന്നാൽ ഈ ആവശ്യം യുക്രെയ്നും ചില യൂറോപ്യൻ രാജ്യങ്ങളും അത്ര വേഗത്തിൽ അംഗീകരിക്കാൻ തയാറാകില്ല.
യുഎസുമായി ഇടഞ്ഞുനിൽക്കുന്ന യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്ന് സൈനിക, ആയുധ സഹായങ്ങൾ നൽകുന്നതു തുടർന്നേക്കും. വെടിനിർത്തലിനു സമ്മതിച്ചാൽ യുക്രെയ്നു സൈനിക സഹായവും രഹസ്യാന്വേഷണ വിവരങ്ങളും തുടർന്നും നൽകാമെന്ന് ട്രംപും ഉറപ്പുനൽകിയിരുന്നു. എന്നാൽ, യുക്രെയ്നു ലഭിക്കുന്ന ഈ സഹായങ്ങളെല്ലാം പിൻവലിച്ചാൽ മാത്രമേ പൂർണ വെടിനിർത്തലിനു തയാറാകൂ എന്നാണ് പുട്ടിന്റെ നിലപാട്.
∙ ഊർജ, അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണം നിർത്തും
നിബന്ധനകളില്ലാതെ 30 ദിവസത്തെ വെടിനിർത്തലാണ് ഇപ്പോൾ റഷ്യ അംഗീകരിച്ചിരിക്കുന്നത്. ഊർജ, അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങൾ ഒഴിവാക്കി ഒരു മാസത്തെ പരസ്പര വെടിനിർത്തൽ എന്നാണ് റഷ്യ പുറത്തിറക്കിയ വാർത്താക്കുറിപ്പിലും പറയുന്നത്. യുക്രെയ്ന്റെ വൈദ്യുതി പ്ലാന്റുകളെയും ഗ്യാസ് വിതരണ സംവിധാനങ്ങളെയും ആക്രമിക്കില്ലെന്ന് റഷ്യ നേരത്തേയും പറയുന്നതാണ്.
എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഇരുരാജ്യങ്ങളിലെയും ഊർജ നിർമാണ പ്ലാന്റുകൾക്കു നേരെ ശക്തമായ ആക്രമണം നടന്നിരുന്നു. ഊർജ പ്ലാന്റുകൾക്കെതിരായ യുക്രെയ്ൻ ആക്രമണം റഷ്യയ്ക്കും ഏറെ തലവേദന സൃഷ്ടിക്കുന്നുണ്ട്. യുക്രയ്നിലെ ചില പ്രധാന ആണവ പ്ലാന്റുകളെല്ലാം റഷ്യൻ സേനയുടെ കൈവശമാണ്. ഇരു രാജ്യങ്ങളിലും ശൈത്യകാലത്ത് വീടുകളിലടക്കം താപനിയന്ത്രണ സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ വൈദ്യുതിയുടെ ആവശ്യം കൂടുതലാണ്.

∙ പുട്ടിൻ നൽകിയത് ചെറിയൊരു ഇളവ്
യുക്രെയ്‌നെതിരെ റഷ്യ മൂന്നു വർഷമായി നടത്തുന്ന ആക്രമണത്തിന്റെ തോത് കുറയ്ക്കാൻ സാധ്യമായ ഏറ്റവും ചെറിയ ഇളവു മാത്രമാണ് പുട്ടിൻ ഇപ്പോൾ നൽകിയിരിക്കുന്നത്. വൈദ്യുതി നിലയങ്ങളെയും മറ്റ് അടിസ്ഥാന സൗകര്യങ്ങളെയും ആക്രമിക്കുന്നത് നിർത്തുമെന്ന വാഗ്ദാനത്തിനൊപ്പം ചില തടവുകാരെ കൈമാറ്റം ചെയ്യുമെന്നും വെടിനിർത്തൽ കരാറിൽ പറയുന്നു.
യുദ്ധത്തടവുകാരായി ഇരു രാജ്യങ്ങളിലും ഒട്ടേറെപ്പേർ ജയിലിൽ കിടക്കുന്നുണ്ട്. ഇവരെ പരസ്പരം കൈമാറാമെന്നാണ് പുട്ടിൻ–ട്രംപ് ചർച്ചയിൽ ധാരണയായത്. യുക്രെയ്നും റഷ്യയും തമ്മില്‍ 175 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനാണു ധാരണയായത്. ഇതോടൊപ്പം, മാരകമായി പരുക്കേറ്റ് റഷ്യൻ സേനയുടെ പിടിയിലായ 23 യുക്രെയ്ന്‍ സൈനികരെ വിട്ടുകൊടുക്കാമെന്നും പുട്ടിന്‍ അറിയിച്ചു.
∙ പുട്ടിൻ–ട്രംപ് ചർച്ചയ്ക്കു തൊട്ടുപിന്നാലെ ആക്രമണം
പുട്ടിൻ–ട്രംപ് ചർച്ച നടന്ന് ഒരു മണിക്കൂറിനു ശേഷം കീവിലും യുക്രെയ്നിലെ മറ്റു നഗരങ്ങളിലും റഷ്യ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടത്തി. വെടിനിർത്തൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സാധാരണക്കാരുടെ വീടുകൾക്കു മുകളിൽ ബോംബുകൾ വീണത്. ഈ വെടിനിർത്തലിൽ പ്രദേശത്തു കാര്യമായ സമാധാനമൊന്നും പുലരാൻ പോകുന്നില്ലെന്നതിന്റെ തെളിവു കൂടിയായിരുന്നു ഇത്.
∙ പ്രതീക്ഷയുണ്ടെന്ന് ട്രംപ്
റഷ്യൻ പ്രസിഡന്റ് പുട്ടിനുമായുള്ള ഫോൺ സംഭാഷണം ഫലപ്രദമായിരുന്നു എന്നാണ് ട്രംപ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തത്. ‘‘എല്ലാ ഊർജ, അടിസ്ഥാന സൗകര്യ മേഖലകളിലും അടിയന്തര വെടിനിർത്തലിനു സമ്മതിച്ചു. ഒരു സമ്പൂർണ വെടിനിർത്തലിനും യുദ്ധത്തിന് അന്ത്യം കുറിക്കാനും ഇത് വഴിയൊരുക്കുമെന്നാണ് കരുതുന്നത്’’ – ട്രംപ് പറഞ്ഞു. സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ട്രംപും പുട്ടിനും തമ്മില്‍ ധാരണയായി.
മാത്രമല്ല, ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായുള്ള സഹകരണ സാധ്യതകളും അണ്വായുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കുന്നതു സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു. യുഎസും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ധാരണയായി. യുക്രെയ്നില്‍ സമാധാനം പുലർന്നാൽ മാത്രമേ മേഖലയില്‍ സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകൂ എന്ന് പുട്ടിനും ട്രംപും വിലയിരുത്തി.
∙ യുക്രെയ്ൻ സമ്മതിച്ചത് പൂർണ വെടിനിർത്തലിന്, പക്ഷേ...
30 ദിവസത്തെ വെടിനിർത്തൽ നിർദേശം പുട്ടിനു മുൻപിൽ വയ്ക്കാൻ സെലൻസ്‌കിയും ട്രംപും തമ്മിൽ ധാരണയായത് ഒരാഴ്ച മുൻപാണ്. ഇതുവഴി, മുഴുവൻ ആക്രമണങ്ങളും അവസാനിപ്പിക്കാൻ യുക്രെയ്ൻ തീരുമാനിച്ചിരുന്നു. പുട്ടിൻ ഇതിനോട് അനുകൂലമായി പ്രതികരിക്കുമെന്നാണു പ്രതീക്ഷയെന്നു ട്രപും പറഞ്ഞിരുന്നു. എന്നാൽ, ട്രംപിന്റെയും യുക്രെയ്ന്റെയും ഭൂരിഭാഗം നിർദേശങ്ങളും പുട്ടിൻ തള്ളുകയായിരുന്നു.
∙ പുട്ടിന്റെ കെണിയിൽ വീഴുമോ ട്രംപ്?
അതേസമയം, പുട്ടിനോടുള്ള യുഎസിന്റെ അടുപ്പം ട്രംപിനെ കെണിയിൽ വീഴ്ത്തുമെന്നും നിരീക്ഷണമുണ്ട്. സൈനികമായും രാഷ്ട്രീയമായും റഷ്യയ്ക്ക് അവരുടെ സ്ഥാനം ശക്തിപ്പെടുത്താൻ അനുവദിക്കുകയാണ് ട്രംപ് ചെയ്യുന്നതെന്നും വിലയിരുത്തലുണ്ട്. ട്രംപിന്റെ ഈ നീക്കം യുഎസിന്റെ വിശ്വാസ്യതയും സഖ്യകക്ഷികളുമായുള്ള ഐക്യവും ഇല്ലാതാക്കുമെന്നും രാജ്യാന്തര നിരീക്ഷകർ പറയുന്നു.