‘ബന്ദികളെ മോചിപ്പിക്കണം, അല്ലാത്ത പക്ഷം കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കും’; സൈന്യത്തിനു നിർദേശം നൽകി ഇസ്രയേൽ

Mail This Article
ജറുസലേം∙ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ ഇസ്രയേൽ പ്രതിരോധമന്ത്രിയുടെ ഉത്തരവ്. തടവിലാക്കപ്പെട്ട ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചെടുക്കുമെന്ന് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
‘‘ഗാസയിലെ കൂടുതൽ സ്ഥലങ്ങൾ പിടിച്ചടക്കാൻ ഞാൻ സൈന്യത്തിനു നിർദേശം നൽകി. ഹമാസ് എത്രത്തോളം ഇസ്രയേലികളെ ബന്ദികളാക്കുന്നോ അവർക്ക് കൂടുതൽ പ്രദേശങ്ങൾ നഷ്ടമാകും. ഇസ്രയേൽ ആ പ്രദേശങ്ങളെല്ലാം കീഴടക്കും. ഇസ്രയേലികളെയും സൈന്യത്തെയും സംരക്ഷിക്കുന്നതിനായി ഗാസയ്ക്ക് ചുറ്റുമുള്ള ബഫർ സോണുകൾ വികസിപ്പിക്കും’’ – ഇസ്രയേൽ കാറ്റ്സ് പറഞ്ഞു.
ചൊവ്വാഴ്ച ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചതോടെ ഗാസയിൽ കര–വ്യോമാക്രമണം നടക്കുകയാണ്. തെക്കൻ ഗാസയിലെ റഫയിൽ ആക്രമണം നടക്കുകയാണെന്നും സൈന്യം ബെയ്ത്ത് ലാഹിയ പട്ടണത്തിന്റെ വടക്കുവശത്തേക്ക് നീങ്ങുകയാണെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. ഇതുവരെ അറുന്നൂറോളം പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം.