യാക്കോബായ സഭാധ്യക്ഷനെ വാഴിക്കുന്ന ചടങ്ങിൽ സർക്കാർ പ്രതിനിധികൾ പങ്കെടുക്കരുതെന്ന് ഹർജി, ഇടപെടാതെ ഹൈക്കോടതി

Mail This Article
കൊച്ചി∙ യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കാ വ്യാഴാഴ്ച ചടങ്ങിൽ കേരള സർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കാനുളള തീരുമാനത്തിൽ ഇടപെടാതെ ഹൈക്കോടതി. എന്നാൽ സംസ്ഥാന സർക്കാർ പ്രതിനിധി സംഘത്തെ അയയ്ക്കുന്ന നടപടിയെ കോടതി അംഗീകരിച്ചതായി കണക്കാക്കേണ്ടതില്ലെന്നും ഇരുവിഭാഗങ്ങളും തമ്മിൽ നിലനിൽക്കുന്ന തർക്കം പരിഗണിച്ചുള്ള തീരുമാനമല്ലെന്നും ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഈ മാസം 25ന് ലബനനിലാണ് ചടങ്ങ് നടക്കുന്നത്.
പ്രതിനിധി സംഘത്തെ അയയ്ക്കുന്നതു സംബന്ധിച്ച സർക്കാരിന്റെ ഈ മാസം 11ലെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗിൽബർട്ട് ചീരൻ നൽകിയ പൊതുതാൽപര്യ ഹർജി തീർപ്പാക്കിയാണ് ഡിവിഷൻ ബെഞ്ച് ഉത്തരവ്. തങ്ങളുടെ നടപടി നേരിട്ടോ അല്ലാതെയോ അക്രമത്തിനും സ്പർധയ്ക്കും വഴിവയ്ക്കുന്നില്ലെന്നു സർക്കാർ ഉറപ്പാക്കണമെന്നു കോടതി നിർദേശിച്ചു.
നിയമപരവും ധാർമികവുമായ കാര്യങ്ങളും അതിന്റെ പ്രത്യാഘാതങ്ങളും കണക്കിലെടുത്തു വേണം സംസ്ഥാന സർക്കാരും അനുമതി നൽകേണ്ട കേന്ദ്ര സർക്കാരും നടപടിയെടുക്കേണ്ടതെന്നും കോടതി നിർദേശിച്ചു. വിദേശത്തു നടന്ന മതപരമായ ചടങ്ങുകളിൽ സർക്കാർ പ്രതിനിധികൾ മുൻപു പങ്കെടുത്തിട്ടുണ്ടെന്നു കോടതി പറഞ്ഞു.