എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം; പിന്തുടർന്നതോടെ ലഹരിമരുന്ന് ഉപേക്ഷിച്ച് കടന്നുകളഞ്ഞു

Mail This Article
കൊല്ലം∙ ദേശീയപാതയ്ക്ക് സമീപം കല്ലുംതാഴത്ത് ലഹരിമരുന്ന് വേട്ടയ്‌ക്കെത്തിയ എക്സൈസ് സംഘത്തെ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമം. എക്സൈസിന്റെ കൊല്ലം എൻഫോഴ്സ്മെന്റ് സ്ക്വാഡ് ഉദ്യോഗസ്ഥരെയാണ് പ്രതി കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. ഉദ്യോഗസ്ഥരെ വെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പിന്തുടർന്നെങ്കിലും കാറും കയ്യിലുണ്ടായിരുന്ന ലഹരിമരുന്നും ഉപേക്ഷിച്ച് ഇയാൾ കടന്നുകളഞ്ഞു.
എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ കാർ തടഞ്ഞ് പരിശോധന നടത്തിയത്. എന്നാൽ പ്രതി കാർ മുന്നോട്ടെടുക്കുകയും എക്സൈസ് ഇൻസ്പെക്ടർ ദിലീപിനെ ഇടിച്ചു തെറിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. പിന്നോട്ട് മാറിയതിനാൽ ഉദ്യോഗസ്ഥന് ചെറിയ പരുക്കേറ്റു. പ്രതിയെ പിന്നീട് എക്സൈസ് സംഘം പിന്തുടർന്നെങ്കിലും കൊറ്റങ്കരയിൽ വച്ച് കാറും 4 ഗ്രാം എംഡിഎംഎയും ഉപേക്ഷിച്ച് ഇയാൾ കടന്നുകളയുകയായിരുന്നു. പ്രതിക്കായി എക്സൈസ് സംഘം പ്രദേശത്ത് പരിശോധന നടത്തുന്നുണ്ട്.